കൃത്രിമ കാലില്‍ ബോംബ്; അഫ്ഗാനിസ്ഥാനില്‍ ഒരു മുസ്ലിം പുരോഹിതന്‍ കൊല്ലപ്പെട്ടു
താലിബാനെ പിന്തുണയ്ക്കുന്നതിനോടൊപ്പം അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ചെയ്ത പ്രമുഖ അഫ്ഗാൻ പുരോഹിതൻ റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടു. കാബൂളിലുണ്ടായ ചാവേർ സ്‌ഫോടനത്തിലാണ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടത്. കൃത്രിമ പ്ലാസ്റ്റിക് കൈകാലിനുള്ളിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിച്ചാണ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടതെന്ന് താലിബാൻ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഷെയ്ഖ് റഹീമുള്ള ഹഖാനിയെ ലക്ഷ്യമിട്ട് മുമ്പും ബോംബാക്രമണം നടന്നിരുന്നു. അന്ന് അദ്ദേഹത്തിന്‍റെ ഓഫീസിനുള്ളില്‍ നടന്ന ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇത്തവണത്തെ ആക്രമണവും അഫ്ഗാൻ തലസ്ഥാനത്തെ ഇസ്ലാമിക് സെമിനാരിയിലാണ് നടന്നതെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത്.
ഷെയ്ഖ് ഹഖാനി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ പിന്തുണയ്ക്കുന്ന ആളാണ്. അതേ സമയം അദ്ദേഹം അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുകയും എന്നാല്‍ താലിബാന്‍റെ ഭരണത്തെ എതിർക്കുകയും ചെയ്യുന്ന ഐഎസിന്‍റെ പ്രാദേശിക അഫിലിയേറ്റ് ആയ ഇസ്ലാമിക് സ്റ്റേറ്റ് കൊഹ്‌റസാൻ പ്രൊവിൻസ് (ഐഎസ്-കെ) എന്ന ജിഹാദിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്‍റെ പ്രധാന വിമര്‍ശകനുമായിരുന്നു.
കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം രാജ്യത്ത് കൊല്ലപ്പെട്ട ഏറ്റവും ഉയർന്ന വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. “ഇത് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് വളരെ വലിയ നഷ്ടമാണ്,” ഒരു മുതിർന്ന താലിബാൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അധികൃതർ അന്വേഷിക്കുകയാണെന്നും അയാള്‍ കൂട്ടിച്ചേർത്തു. ഒരേ പേര് പങ്കിടുന്നുണ്ടെങ്കിലും, അഫ്ഗാനിസ്ഥാനിലെ ഹഖാനി തീവ്രവാദ ഗ്രൂപ്പുമായി കൊല്ലപ്പെട്ട ഷെയ്ഖ് റഹീമുള്ള ഹഖാനിക്ക് ബന്ധമൊന്നുമില്ല. നേരത്തെ അഫ്ഗാനിസ്ഥാനിലെ തർക്കവിഷയമായ സ്ത്രീ വിദ്യാഭ്യാസത്തെ പിന്തുണച്ച്, അദ്ദേഹം ഒരു ഫത്വ പുറപ്പെടുവിച്ചിരുന്നു.
ഈ വർഷമാദ്യം ബിബിസിയുടെ സെക്കന്‍റർ കെർമാനിക്ക് നൽകിയ അഭിമുഖത്തിൽ, അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന് അദ്ദേഹം വാദിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. "സ്ത്രീ വിദ്യാഭ്യാസം അനുവദനീയമല്ലെന്ന് പറയുന്നതിന് ശരിയത്തില്‍ ഒരു ന്യായീകരണവുമില്ല. " ഷെയ്ഖ് റഹീമുള്ള ഹഖാനി ബിബിസിയോട് പറഞ്ഞു.
"എല്ലാ മതഗ്രന്ഥങ്ങളും സ്ത്രീ വിദ്യാഭ്യാസം അനുവദനീയവും നിർബന്ധിതവുമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്, ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനോ പാകിസ്ഥാനോ പോലുള്ള ഒരു ഇസ്ലാമിക രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു സ്ത്രീക്ക് അസുഖം വന്നാൽ, അല്ലെങ്കില്‍ ചികിത്സ ആവശ്യമായി വന്നാൽ, അവളെ മറ്റൊരു സ്ത്രീ ഡോക്ടർ ചികിത്സിക്കുന്നതാണ് നല്ലത്." എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.
രാജ്യത്തെ ചുരുക്കം ചില പ്രവിശ്യകളിലൊഴികെ മറ്റെല്ലായിടത്തും പെണ്‍കുട്ടുകളുടെ സെക്കൻഡറി സ്കൂളുകൾ അടച്ചിടാൻ താലിബാൻ ഉത്തരവിട്ടിട്ടുണ്ട്. ഷെയ്ഖ് ഹഖാനി മുമ്പ് രണ്ട് കൊലപാതക ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ 2020 ൽ പാകിസ്ഥാൻ നഗരമായ പെഷവാറിലെ ഒരു മതപാഠശാലയിൽ ഏഴ് പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഈ സ്ഫോടനവും ഷെയ്ഖ് റഹീമുള്ള ഹഖാനിയെ ലക്ഷ്യമിട്ടായിരുന്നു നടത്തിയത്.