കരുതിയിരിക്കാന്‍ സര്‍ക്കാര്‍; അന്തം വിട്ട്, പരക്കംപാഞ്ഞ് ചീനക്കാര്‍
ആദ്യമായി കൊവിഡ് 19 വൈറസ് സാന്നിധ്യം കണ്ടെത്തിയത് മുതല്‍ ചൈനയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കകളുയര്‍ത്തുന്നതാണ്. രോഗ വ്യാപനകാലത്ത് ചൈന സ്വീകരിച്ച ചില അടച്ചിടല്‍ തന്ത്രങ്ങള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അതിന് പുറകെ പ്രകൃതിക്ഷോഭം കാര്യമായ നാശനഷ്ടം വരുത്തിയതും ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ചൈനയില്‍ നിന്ന് പുറത്ത് വന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ കീഴില്‍ മുതലാളിത്ത - ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ചൈനയില്‍ നിന്ന് പുറത്ത് വരുന്നതിനെക്കാള്‍ കൂടുതല്‍ വലിയ പ്രശ്നങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നതെന്ന സംശയം ഇപ്പോള്‍ അന്താരാഷ്ട്രാ നിരീക്ഷകരും ഉയര്‍ത്തുന്നു. ഏറ്റവും ഒടുവിലായി, ജനങ്ങള്‍ അടിയന്തരമായി അവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലാണ് ലോകത്തിന്‍റെ ശ്രദ്ധ. സര്‍ക്കാര്‍ ഉത്തരവിന് പുറകെ ചൈനയില്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനം നെട്ടോട്ടമോടുകയാണെന്ന് സാമൂഹ്യമാധ്യങ്ങളിലെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. അതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ ചൈന, തായ്‍വാനെ അക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന കിംവദന്തിയും പരന്നു. സാധനവില വീണ്ടും കുത്തനെ ഉയര്‍ന്നു.
വുഹാനില്‍ 2019 നവംബറില്‍ കൊവിഡ് രോഗാണുവിന്‍റെ വ്യാപനം ഉയര്‍ത്തിയ ഭീതിയെ തുടര്‍ന്ന് ചൈന നിരവധി ബഹുനില ഫ്ലാറ്റുകളടക്കമുള്ള കെട്ടിടങ്ങള്‍ വ്യാപകമായി അടച്ച് പൂട്ടി ജനങ്ങളെ അകത്തിരുത്തിയെന്ന തരത്തില്‍ വാര്‍ത്തകളും ചിത്രങ്ങളും വ്യാപിച്ചിരുന്നു.
അന്ന് പകര്‍ച്ചവ്യാതിയെ കുറിച്ചുള്ള അജ്ഞതയാണ് പ്രദേശിക ഭരണകൂടങ്ങളെ ഇതിന് പ്രയരിപ്പിച്ചത്. ഇത് വഴി നിരവധി പേര്‍ ഭക്ഷണം കിട്ടാതെ മരിച്ചെന്നുള്ള വാര്‍ത്തകളും പുറത്ത് വന്നു. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളോ മറ്റ് സ്വതന്ത്ര ഏജന്‍സികളോ ഇത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടില്ല. അഥവാ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം അതിന് അനുമതി നല്‍കിയില്ല.
പിന്നീട് കൊറാണാ വ്യാപനം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചപ്പോള്‍ അതത് രാജ്യങ്ങളിലെ മരണ സംഖ്യയിലും രോഗവ്യപനത്തിലും കോടികളുടെ വര്‍ദ്ധനവുണ്ടായപ്പോള്‍ ചൈനയിലെ രോഗവ്യാപക കണക്കും മരണ കണക്കും കുറഞ്ഞ് തന്നെ നിന്നു.
ചൈനീസ് ഏകാധിപത്യ സര്‍ക്കാര്‍ കണക്കുകള്‍ മറച്ച് വയ്ക്കുന്നുവെന്ന് അന്താരാഷ്ട്രാ ആരോഗ്യ സംഘടനകള്‍ ആരോപണം ഉന്നയിച്ചു. ഇതിനിടെ അമേരിക്ക ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായത്തില്‍ കുറവ് വരുത്തിയതും. ചൈന ഈ കുറവ് നികത്താന്‍ തയ്യാറായതും ഐക്യരാഷ്ട്രസഭയെ ചൈന അനുകൂലിയാക്കി മാറ്റിയതും പിന്നീട് ലോകം കണ്ടു.
സര്‍ക്കാര്‍ സഹായത്തോടെ വുഹാനില്‍ മനുഷ്യ നിര്‍മ്മിതമായി സൃഷ്ടിക്കപ്പെട്ടതാണ് കൊവിഡ് 19 വൈറസ് എന്ന ആരോപണത്തെ ഇതോടെ ഐക്യരാഷ്ട്രസഭയും തള്ളിക്കളഞ്ഞു. അതിനിടെ ലോകത്താദ്യമായി ചൈന, കൊവിഡ് 19 ആന്‍റി വാക്സീന്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടും പുറത്ത് വന്നു.
പക്ഷേ അപ്പോഴൊക്കെ ചൈനയിലെ രോഗവ്യാപന നിരക്കും മരണനിരക്കും കുറഞ്ഞ് തന്നെയായിരുന്നു നിലനിന്നത്. ഏറ്റവും ഒടുവിലത്തെ വേള്‍ഡോമീറ്ററിന്‍റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ രോഗികളും (4,71,05,468) കൂടുതല്‍ മരണവും (7,70,854) അമേരിക്കയിലാണ് സംഭവിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് (3,43,20,142 , മരണം 4,59,661). രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള (2,18,35,785) ബ്രസീല്‍ മരണ സംഖ്യയില്‍ അമേരിക്കയ്ക്ക് തൊട്ട് പുറകില്‍ (6,08,304) ലായുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയിലാകട്ടെ രോഗവ്യാപന കണക്കില്‍ 113 -ാം സ്ഥാനത്താണ്. ഇതുവരെയായും ഒരു ലക്ഷം രോഗികള്‍ പോലും (97,527) ചൈനയില്‍ ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ കാണിക്കുന്നു. മരണസംഖ്യയാകട്ടെ വെറും 4,636 ഉം.
ഈ കണക്കുകള്‍ ശുദ്ധ അസംബന്ധമാണെന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യവിദഗ്ദരും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിയോകളും ആരോപിക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭ തുടരുന്ന മൌനവും ശ്രദ്ധേയമാണ്.
കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചൈനയില്‍ ഇതുവരെയായി വിവിധ പ്രവിശ്യകളില്‍ 2020 നും 2021 നും ഇടയില്‍ നിരവധി തവണ അടച്ച് പൂട്ടല്‍ പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളും പ്രവിശ്യകളും കര്‍ശനമായ സൈനീക നിയന്ത്രണത്തോടെ അടച്ച് പൂട്ടിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം പക്ഷേ ഇവിടെ നിന്നുള്ള യഥാര്‍ത്ഥ കണക്കുള്‍ മറച്ച് വച്ചു.
എന്നാല്‍, ഏകാധിപത്യ ഭരണകൂടത്തെ വെല്ലുവിളിച്ച് രോഗം വീണ്ടും ശക്തി പ്രാപിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയിലെ 31 പ്രവിശ്യകളിൽ 19 എണ്ണത്തിലും രോഗവ്യാപനം ശക്തമായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശികമായി രോഗവ്യാപന കേസുകളുടെ എണ്ണം ഏകദേശം മൂന്ന് മാസത്തെ ഉയർന്ന നിലയിലേക്ക് ഉയർന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡെൽറ്റ വേരിയന്‍റിന്‍റെ 'ഗുരുതരമായ' പുതിയ പൊട്ടിത്തെറി ഉണ്ടെന്ന് ചൈനീസ് സർക്കാറിന് ഒടുവില്‍ സമ്മതിക്കേണ്ടിവന്നു.
'ഗുരുതരമായ' പുതിയ പൊട്ടിത്തെറി ഉണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുമ്പോഴും പുറത്ത് വരുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ രോഗസംഖ്യ 93 ആണ്. വടക്കൻ പ്രവിശ്യയായ ഹീലോംഗ്ജിയാങ്ങിലെ ഹെയ്ഹെയിലാണ് പ്രാദേശിക കേസുകളിൽ ഭൂരിഭാഗവും കണ്ടെത്തിയത്.
സെൻട്രൽ ചോങ്‌കിംഗ്, ജിയാങ്‌സു, ഹെനാൻ, ബ്ലൂംബെർഗ് എന്നിവിടങ്ങളില്‍ ശക്തമായ രോഗവ്യാപനമാണെന്നാണ് റിപ്പോർട്ടുകള്‍. കേസുകൾ നിയന്ത്രിക്കാൻ ചൈനീസ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊവിഡ് അണുബാധയുടെ വ്യാപനം ശക്തമാണെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവിലെ പൊട്ടിത്തെറി 'ഒരു മാസത്തിനുള്ളിൽ' അടങ്ങുമെന്നാണ് 'ചൈനീസ് വിദഗ്ദ്ധരു'ടെ നിരീക്ഷണം. കോവിഡിനെതിരായ സീറോ ട്രാൻസ്മിഷൻ നയം ചൈന തുടരുമെന്ന് ചൈനയിലെ ശ്വാസകോശ രോഗ ഗവേഷണത്തിലെ പ്രമുഖ വിദഗ്ധനായ സോങ് നാൻഷാൻ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിനോട് പറഞ്ഞു.
ചൊവ്വാഴ്ച, കമ്മ്യൂണിസ്റ്റ് സർക്കാർ പൗരന്മാരോട് ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങള്‍ സംഭരിക്കാനും, ഏറ്റവും പുതിയ പ്രതിസന്ധിയെ നേരിടുന്നിന് തയ്യാറെടുക്കാനും ആവശ്യപ്പെട്ടു. മതിയായ ഭക്ഷണ വിതരണം ഉറപ്പാക്കാൻ പ്രാദേശിക അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇതോടെ, ജനങ്ങള്‍ പരിഭ്രാന്തരാകുകയും ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക് കൂട്ടുകയും ചെയ്തു. ഇതോടെ പല സ്ഥലത്തും ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടു. എന്നാല്‍ എന്താണ് പ്രതിസന്ധിക്ക് കാരണമെന്ന് മാത്രം സര്‍ക്കാര്‍ പുറത്ത് വിട്ടില്ല. അതിനിടെ, രാജ്യത്തെ ഏതാണ്ടെല്ലാ ഭാഗത്തെയും ബാധിച്ച പ്രകൃതിക്ഷോഭം സൃഷ്ടിച്ച ഭക്ഷ്യപ്രതിസന്ധിയും ചൈനയെ ആശങ്കയിലാഴ്ത്തുന്നു.
വാണിജ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഒരു അറിയിപ്പിൽ 'ദൈനംദിന ജീവിതവും അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് ആവശ്യമായ ദൈനംദിന ആവശ്യങ്ങൾക്കായി കുടുംബങ്ങൾ ഒരു നിശ്ചിത തുക സംഭരിക്കാൻ' ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ നിർദ്ദേശത്തിൽ ഭക്ഷ്യക്ഷാമത്തെക്കുറിച്ചോ, കോവിഡ് നടപടികൾ ഭക്ഷ്യ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിനെ കുറിച്ചോ ഒന്നും തന്നെ നിര്‍ദ്ദേശങ്ങളില്ല.
അതിന് പുറമേ കാർഷിക ഉൽപ്പാദനം സുഗമമാക്കാം വിതരണ ശൃംഖല സുഗമമായി നിലനിർത്താനും പ്രാദേശിക ഭക്ഷ്യ ശേഖരം മതിയാകുമെന്ന് ഉറപ്പുവരുത്തുന്നതിനും സാധനങ്ങളുടെ വില സ്ഥിരതയുണ്ടാക്കാനുമുള്ള നടപടികൾ കൈക്കൊള്ളണമെന്ന് വാണിജ്യ മന്ത്രാലയം പ്രദേശിക അധികാരികളോട് ആവശ്യപ്പെട്ടു.
കനത്ത വേനലും അതിനേക്കള്‍ കഠിനമായ വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വർഷമായി ചൈനയെ ഏറെ ബാധിച്ചിട്ടുണ്ട്. ഇത് കാർഷിക ഉൽപ്പാദനത്തെ ബാധിക്കുകയും അനിയന്ത്രിതമായ വില വർദ്ധനയ്ക്ക് കാരണമാവുകയും ചെയ്തു.
അതിരൂക്ഷമായ കാലാവസ്ഥ രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി കൃഷി പ്രദേശമായ ഷാൻഡോങ്ങിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ചൈനയുടെ ബ്രെഡ് ബാസ്ക്കറ്റ് എന്നറിയപ്പെടുന്ന ഹെനാൻ പ്രവിശ്യയിലുണ്ടായ അതിതീവ്രമഴയും അത്മൂലമുണ്ടായ ചില ഡാമുകളുടെ നാശവും വെള്ളപ്പൊക്കവും ഹെനാനെ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്തിരുന്നു.
മുന്‍പിന്‍ നോക്കാതെ പടുത്തുയര്‍ത്തിയ വികസന മാതൃകകള്‍ കാലാവസ്ഥാ വ്യതിയാനത്തിലൂടെ തിരിച്ചടിക്കുമോയെന്ന ആശങ്കയും വർദ്ധിച്ചു. ഇതോടെ രാജ്യം ഒരു കടുത്ത പ്രതിസന്ധിയെയോ യുദ്ധസമാനമയ സാഹചര്യത്തെയോ നേരിടാന്‍ പോവുകയാമെന്ന പ്രതീതി ഇതോടെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി.
ഇതിനിടെ ഒക്ടോബറിൽ 28 ഇനം പച്ചക്കറികളുടെ ശരാശരി മൊത്തവില മുൻ മാസത്തേക്കാൾ 16 ശതമാനം ഉയർന്നതോടെ പ്രവിശ്യാ അതിര്‍ത്തികളില്‍ പൊലീസ് പരിശോധകള്‍ കര്‍ശനമാക്കി.
സർക്കാർ അന്തർ പ്രവിശ്യാ യാത്രകൾക്ക് കര്‍ശന നിയന്ത്രിണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹങ്ങൾ, വിരുന്ന് എന്നിവ ഒഴിവാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഷാങ്ഹായ് ഡിസ്നിലാൻഡ് തീം പാർക്ക് മുതലായ പല വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.
ഷാങ്ഹായ് ഡിസ്നിലാൻഡ് തീം പാർക്ക് അടച്ചത് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരൊറ്റ കൊറോണ വൈറസ് കേസ് കാരണമമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരൊറ്റ വൈറസ് കേസിന് ഇത്രയും മുന്നൊരുക്കം നടത്തുന്നതെന്തിനാണെന്ന് ലോക സമൂഹവും ചോദിക്കുന്നു.
എന്നാല്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടം ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ല. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുകയും അവര്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തതോടെ ഭക്ഷ്യസാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നു.
ഇതോടെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന വിശദീകരണവുമായി സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ രംഗത്തെത്തി. എന്നാല്‍ ജനങ്ങളുടെ പരിഭ്രാന്തിക്ക് ശമനമില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.
ഭക്ഷണവും മറ്റ് നിത്യോപയോഗ സാധനങ്ങളും സംഭരിക്കാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് തായ്വാനുമായി ചൈന സൃഷ്ടിച്ച പിരിമുറുക്കത്തെ തുടര്‍ന്നാണെന്ന് ചിലര്‍ എഴുതി. അതായത് എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന്.
യുദ്ധസാധ്യതയെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ജനങ്ങളുടെ പരിഭ്രാന്തി ശക്തമാക്കി. നിന്ന നില്പ്പില് അരി, പാചക എണ്ണ, ഉപ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു. വില വീണ്ടും കുത്തനെ കൂടി.
കൊവിഡ് രോഗത്തെ സംബന്ധിച്ച് ഇതുവരെയായും ചൈന യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് വിട്ടിട്ടില്ലെന്ന് മാത്രമല്ല, രാജ്യത്തിന് അകത്ത് നിന്ന് വിമര്‍ശനം ഉന്നയിച്ച എല്ലാവരെയും നിശബ്ദമാക്കാനും ചൈനീസ് ഏകാധിപത്യ ഭരണകൂടം ശ്രമിച്ചിരുന്നു.
ലി വെൻലിയാങ് ഉൾപ്പെടെയുള്ള ചൈനയിലെ ഡോക്ടർമാർ, SARS-ന് സമാനമായ ഒരു പുതിയ തരം ശ്വാസകോശ അണുബാധ വ്യാപിക്കുന്നതായി 2019 ഡിസംബർ ആദ്യം റിപ്പോർട്ട് ചെയ്തു.
എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത് വെൻലിയാങ്ങിനെയും അദ്ദേഹത്തിന്റെ എട്ട് സഹപ്രവർത്തകരെയും ചോദ്യം ചെയ്യാനായി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് വൈറസ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
ഇതോടെ കൊവിഡ് രോഗാണു റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസത്തിന് ശേഷം അടച്ച് പൂട്ടല്‍ പ്രഖ്യാപിക്കുന്ന ഒരു മാസത്തിനിടെ 5 ദശലക്ഷം ആളുകള്‍ വുഹാനില്‍ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതായി വുഹാന്‍ മേയര്‍ സമ്മതിച്ചു. ഇത് ലോകം മൊത്തം വൈറസ് വ്യാപിക്കാന്‍ കാരണമായി. രോഗവ്യാപനം സംബന്ധിച്ച് ചൈന സമ്മതിച്ച ഏക കാര്യവും ഇത് മാത്രമാണ്.
വുഹാനിലെ ലോക്ഡൌണ് പിന്‍വലിച്ച് ആഴ്ചകളോളം ശ്മശാനങ്ങള്‍ രാവും പകലും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രദേശവാസികള്‍ സാമൂഹ്യമാധ്യമങ്ങളിലെഴുതി. ഒരോ ദിവസവും കുറഞ്ഞത് 3,500 മൃതദേഹങ്ങളെങ്കിലും സംസ്കരിക്കപ്പെടുന്നുണ്ടെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പുകള്‍.
ഇക്കാലത്ത് തന്നെ വുഹാനിലെ ഒരു ശ്മശാനം 5000 ത്തോളം മൃതദേഹ സംസ്കരണസാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി കെയ്സിൻ റിപ്പോർട്ട് ചെയ്തു. 2020 മാർച്ച് 23 മുതല്‍ ഏപ്രിൽ 5 വരെ വുഹാനിലെ ശ്മശാനങ്ങള്‍ ഒരു ദിവസം പോലും നിര്‍ത്താതെ പ്രവര്‍ത്തിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതായത് വുഹാനില്‍ മാത്രം ആദ്യ കാലത്ത് 42,000 മൃതദേഹങ്ങള്‍ സംസ്കരിക്കപ്പെട്ടു. എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്ത് വിടുന്ന രാജ്യത്തെ മൊത്തം മരണം കണക്ക് 4,636 മാത്രം.
ഈയൊരവസ്ഥയിലാണ് ചൈന, അടിയന്തരമായി അവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്ന് സ്വന്തം ജനതയോട് അവശ്യപ്പെട്ടത്. കാരണമെന്താണ് എന്ന് വ്യക്തമാക്കാതെ അവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായി.
1921 ല്‍ സാധാരണക്കാരന്റെ ദുരിതത്തിന് അറുതിവരുത്താനായി രക്തരൂക്ഷിത നടപടിയിലൂടെ രാജ്യം പിടിച്ചെടുത്ത് സ്ഥാപിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം , 2021 ല്‍ അധികാരമേറിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.
കഴിഞ്ഞ 100 വര്‍ഷം കൊണ്ട് തൊഴിലാളികളെ ഉപയോഗിച്ച് അധികാരത്തിലേറിയ പാര്‍ട്ടി പക്ഷേ തൊഴിലാളികളെ മറന്നു. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും വലിയ മുതലാളിത്ത സ്വഭാവമുള്ള ഭരണകൂടമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിക്കഴിഞ്ഞു, അതും സൈനീകാധികരത്തോടെ.
ജനവും ഭരണകൂടവും തമ്മിലുള്ള ഈ അന്തരമാണ് ചൈനയുടെ പല പുതിയ നയപരമായ തീരുമാനങ്ങളിലും പ്രതിഫലിക്കുന്നതും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് പലതും മറച്ച് വയ്ക്കേണ്ടതുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona