- Home
- News
- International News
- അമേരിക്കയില്‍ തീവ്രവലത് വിഭാഗവും ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പും തമ്മില്‍ വെടിവയ്പ്പ്
അമേരിക്കയില്‍ തീവ്രവലത് വിഭാഗവും ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പും തമ്മില്‍ വെടിവയ്പ്പ്
അമേരിക്കയിലെ പോർട്ട്‌ലാൻഡിൽ ഞായറാഴ്ച നടന്ന തീവ്രവലതുപക്ഷ പ്രതിഷേധത്തിനിടെ വെടിവയ്പ്പ്. ഡൗൺടൗൺ തെരുവിൽ തോക്ക് ഉപയോഗിച്ച് തങ്ങൾക്ക് നേരെ വെടിയുതിർത്ത ഒരാൾക്ക് നേരെ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാരും വെടിയുതിർത്തു. പോർട്ട്‌ലാൻഡ് നഗരത്തിന്‍റെ ഹൃദയഭാഗത്ത് വൈകീട്ട് 6 മണിക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്. ഫാസിസ്റ്റ് വിരുദ്ധര്‍ പ്രദേശത്ത് നിന്ന് ഒരാളെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ അയാള്‍ ഒരു ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ ബോക്സിന് പിന്നിൽ ഒളിക്കുകയും വെടി വെക്കുകയാമായിരുന്നെന്ന് ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാസിസ്റ്റ് വിരുദ്ധര്‍ തിരിച്ച് വെടിയുര്‍ക്കുന്നതിനിടെ ഇയാള്‍ രണ്ട് തവണ വെടിയുതിര്‍ത്തയായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധര്‍ അഞ്ച് തവണ വെടിവച്ചെന്നും റിപ്പര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോര്‍ട്ട്ലാന്‍റ് പൊലീസ് പറഞ്ഞു.

നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം അതിനെതിരെയും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതിന് ഒരു ദിവസത്തിന് ശേഷം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിഷേധക്കാര്‍ പരസ്പരം വെടിയുതിര്‍ത്തത്.
ഫാസിസ്റ്റ് ആശയങ്ങള്‍ പിന്‍പറ്റുന്ന പ്രൗഡ് ബോയ്സ് ( അഭിമാനമുള്ള ആൺകുട്ടികൾ ) സംഘങ്ങളാണ് ആദ്യം തോക്ക് ഉപയോഗിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഫാസിസ്റ്റ് വിരുദ്ധര്‍ ഈ ഫാസിസ്റ്റ് സംഘങ്ങള്‍ക്കെതിരെ പടക്കമെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ഏതാണ്ട് ഒരു മണിക്കൂറോളം സമയം നഗരം , തെരുവ് യുദ്ധത്തിന് സമാനമായ സംഭവവികാസങ്ങളിലൂടെ കടന്ന് പോവുകയായിരുന്നു.
ഏതാണ്ട് 200 വരുന്ന തീവ്രവലതുപക്ഷാംഗങ്ങളായ ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ വൈകീട്ട് നാല് മണിയോടെ തിരക്കേറിയ റോഡില്‍ നടത്തിയ "സമ്മർ ഓഫ് ലവ്" പ്രകടനത്തിനിടെ “ബ്ലാക്ക് ബ്ലോക്ക്” വസ്ത്രം ധരിച്ച 30 ഓളം വരുന്ന് ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പും പ്രകടനവുമായെത്തി.
തുടര്‍ന്നായിരുന്നു ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് അക്രമണം നടത്തിയത്. ഇതോടെ അതുവരെ തിരക്കേറിയ റോഡ് നിശ്ചലമായി. തുടര്‍ന്ന് അല്‍പനേരത്തേക്ക് ഇരുപക്ഷത്ത് നിന്നുള്ള അക്രമണവും നിലച്ചു.
എന്നാല്‍ ഇതിനിടെ തീവ്രവലതുപക്ഷക്കാര്‍ ഒരാളെ വളരെ ക്രൂരമായി മര്‍ദ്ദിക്കുകയും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ഗ്യാസ് സ്റ്റേഷന്‍റെയും കൺവീനിയൻസ് സ്റ്റോറിന്‍റെയും മുൻഭാഗവും ഈ അക്രമി സംഘം തകര്‍ത്തിരുന്നു.
ഇതിനിടെ പ്രദേശത്ത് നിന്നും ഫാസിസ്റ്റ് വിരുദ്ധ സംഘങ്ങള്‍ പിന്‍വാങ്ങിയിരുന്നു. ഇതോടെ ' ആരുടെ തെരുവ് ? ഞങ്ങളുടെ തെരുവ് ' എന്ന് മുദ്രാവാക്യം മുഴക്കിയ തീവ്രവലതുപക്ഷ സംഘം ചുമരുകളില്‍ FAFO (Fuck Around and Find Out) എന്ന് എഴുതിവച്ചു. പ്രൗഡ് ബോയ്സ് ക്യാച്ച് ക്രൈയുടെ ചുരുക്കപ്പേരാണിത്.
അഞ്ച് മണിയോടെ ഫാസിസ്റ്റ് സംഘങ്ങള്‍ നഗരം വിടുന്നതിനിടെയാണ് ഫാസിസ്റ്റ് വിരുദ്ധ സംഘത്തിന് നേരെ വെടിയുതിര്‍ത്തത്. ഇതിന് ശേഷം അവര്‍ വീണ്ടും വാൻകൂവറിലെ ഒരു നഗരപാർക്കിൽ വീണ്ടും ഒത്തുകൂടുമെന്നും പ്രഖ്യാപിച്ചാണ് മടങ്ങിയത്.
ഇതിനിടെ കൂറ്റൻ അമേരിക്കൻ പതാകയും സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ 8 അടി പകർപ്പുമായി പ്രതിഷേധത്തിനെത്തിയ മൂന്ന് സ്ത്രീകള്‍ക്ക് നേരെയും പ്രൌഡ് ബോയ്സിന്‍റെ അക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
രണ്ടാമത്തെ വെടിവെപ്പ് നടക്കുന്നത് വരെ, ഇത്രയേറെ സംഘര്‍ഷം നടന്നിട്ടും പ്രദേശത്ത് പൊലീസെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോർട്ട്‌ലാൻഡ് പോലീസ് ബ്യൂറോയുടെ (പിപിബി) വക്താവ് പറഞ്ഞത് ആളുകൾ സ്വയം അകന്നുനിൽക്കുകയും ശാരീരിക ഏറ്റുമുട്ടലുകൾ ഒഴിവാക്കുകയും വേണമെന്നായിരുന്നു.
ഞായറാഴ്ചത്തെ റാലിയില്‍ പ്രൗഡ് ബോയ്സ് സംഘം തോക്കുകൾ, ബാറ്റണുകൾ, കെമിക്കൽ സ്പ്രേ ബോട്ടിലുകൾ, ബേസ്ബോൾ ബാറ്റുകൾ എന്നിവയുമായാണ് റാലിക്കെത്തിയത്. റാലിക്കെത്തിയ മിക്കവാഹനങ്ങളിലും പ്രൗഡ് ബോയ്സ് ചിഹ്നം പതിച്ചിരുന്നു.
പോർട്ട്‌ലാൻഡ് മേയർ ടെഡ് വീലർ "സ്നേഹം തെരഞ്ഞെടുക്കാൻ" പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു. ആദ്യ ദിവസത്തെ സംഭവങ്ങൾക്ക് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, പ്രൗഡ് ബോയ്സ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ, എറിക് വാർഡ്, "പോർട്ട്‌ലാൻഡിന് അല്ലെങ്കിൽ ഏതൊരു നഗരത്തിനും വെളുത്ത ദേശീയതയെ ഒറ്റക്കെട്ടായി തോൽപ്പിക്കാനാകുമെന്ന ആശയം തെറ്റാണ്," എന്ന പ്രസ്ഥാവനയിറക്കി.
അമേരിക്കന്‍ ഐക്യനാടുകളില്‍ ശക്തിപ്രാപിച്ച് വരുന്ന വെളുത്ത വംശീയാക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അക്രമണം. ട്രംപ് ഭരണത്തോടെയാണ് അമേരിക്കയില്‍ വെളുത്ത വംശീയാക്രമണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പ്രാപിച്ചത്.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സിനും പ്രൗഡ് ബോയ്സ് സംഘത്തില്‍ പ്രവേശമില്ല. ജനനത്താല്‍ പുരുഷന്മാരായവര്‍ക്ക് മാത്രമാണ് ഈ സംഘടനയില്‍ അംഗത്വമുള്ളത്. ഇവര്‍ ആണധികാരത്തില്‍ പ്രത്യേകിച്ച് വെള്ളക്കാരനായ പുരുഷന്‍റെ അധികാരത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം വംശീയവാദികളുടെ സംഘമാണിത്.
അമേരിക്കയിലെ പോര്‍ട്ട്ലാന്‍റില്‍ നടന്ന പ്രൌഡ് ബോയിസും ബ്ലാക്ക് ബ്ലോക്ക് ഗ്രൂപ്പും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ നിന്ന്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam