കൊവിഡ് 19 ; നിശ്ശബ്ദമായ യന്ത്രപക്ഷികള്‍

First Published Apr 22, 2020, 11:32 AM IST


2019 നവംബര്‍ മാസത്തിന്‍റെ അവസാനത്തോടെയാണ് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനില്‍ കൊറോണാ വൈറസ് രോഗം കണ്ടെത്തിയത്. ആരാണ് ആദ്യ രോഗിയെന്നോ, എങ്ങനെ, എവിടെ നിന്നാണ് കൊവിഡ് 19 വൈറസ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്നോ ഉള്ളതിന് ഇന്നും കൃത്യമായ ഒരു ഉത്തരവും ലഭ്യമല്ല. ചൈനയുടെ സൃഷ്ടിയാണ് കൊവിഡ് 19 വൈറസ് എന്ന ആരോപണം അമേരിക്കയടക്കം ഉയര്‍ത്തുന്നുണ്ടെങ്കിലും യുഎന്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കളയുകയാണ്. അതെന്ത് തന്നെയായാലും ചൈനയിലെ ഏറ്റവും വലിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന വുഹാനില്‍ നിന്ന് തന്നെയാണ് കൊറോണാ വൈറസ് വ്യാപനം നടന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

 

രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ ആദ്യ സൂചനകളെ ചൈനയിലെ ഏകാധിപത്യ ഭരണകൂടം തള്ളിക്കളഞ്ഞു. എന്നാല്‍, ഡിസംബറിന്‍റെ അവസാനത്തോടെ രാജ്യത്ത് രോഗവ്യാപനം നടക്കുകയും ജനുവരിയോടെ ചൈന, കൊവിഡ് 19 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണെന്ന് ലോകത്തോട് സമ്മതിക്കുന്നു. ഈയൊരു കാലത്തിനിടെ ചൈനയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ വഴി വൈറസ് ലോകമൊട്ടുക്കും കടന്നു ചെന്നിരുന്നു. 

 

ചൈനയില്‍ നിന്ന് അമേരിക്കയിലേക്കും ഇറ്റലിയിലേക്കും ഇറാനിലേക്കും വൈറസ് പറന്നുചെന്ന വേഗം അതിശയകരമായിരുന്നു. കിഴക്കന്‍ ഏഷ്യയില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും വൈറസ് പടര്‍ന്നുപിടിച്ചു. പതുക്കെ ലോകം ലോക്ഡൗണിലേക്ക് നീങ്ങി. ചൈനയില്‍ നിന്ന് മറ്റ് വന്‍കരകളിലേക്ക് വൈറസിനെ കൊണ്ടുപോയത് പ്രധാനമായും വിമാനങ്ങളാണ്. വിമാനയാത്രക്കാരില്‍ നിന്ന് രോഗം അതത് രാജ്യത്ത് പടര്‍ന്നു പിടിക്കുകയായിരുന്നു. രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോയതോടെ വിമാനങ്ങളും ഭൂമിയില്‍ നിന്ന് ഉയരാന്‍ വയ്യാതെ നില്‍ക്കുന്നു....