അത്ര നിഷ്ക്കളങ്കരല്ല ഡോള്‍ഫിനുകള്‍; ജപ്പാനിലെ ബീച്ചില്‍ നീന്തല്‍ക്കാര്‍ക്ക് നേരെ ഡോള്‍ഫിന്‍ ആക്രമണം
പൊതുവേ ശാന്തശീലരായ മനുഷ്യനുമായി ഏറെ അടുപ്പം കാണിക്കുന്ന കടല്‍ ജീവികളെന്നാണ് ഡോള്‍ഫിനുകള്‍ അറിയപ്പെടുന്നത്. കടലില്‍ വച്ച് സംഭവിച്ച പല അപകടങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തിയ ഡോള്‍ഫിനുകളുടെ കഥകള്‍ ലോകമെങ്ങും നിരവധിയുണ്ട്. എന്നാല്‍, അടുത്തകാലത്തായി ഡോള്‍ഫിനുകള്‍ മനുഷ്യനെ ആക്രമിച്ച് തുടങ്ങിയെന്ന വാര്‍ത്തകളും പുറത്ത് വരുന്നു. 2013 ല്‍ അയര്‍ലന്‍റിലാണ് മനുഷ്യന് നേരെ ഡോള്‍ഫിന്‍ ആക്രമണം നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അന്ന് ഒരു ഡോള്‍ഫിന്‍ പത്ത് ദിവസം തുടര്‍ച്ചയായി അയര്‍ലന്‍റിന്‍റെ തീരത്ത് ആക്രമണം നടത്തി. ഈ തുടരാക്രമണത്തില്‍ രണ്ട് സ്ത്രികള്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളുടെ വാരിയെല്ലിന് ഒടിവ് സംഭവിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷം ജപ്പാനില്‍ നിന്നാണ് ഡോള്‍ഫിനുകളുടെ തുടരാക്രമണം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2013 ലെ ആക്രമണത്തിന് ഒരു വര്‍ഷത്തിന് ശേഷം അക്രമകാരിയായ ഒരു ഡോള്‍ഫിന്‍ അഞ്ച് നീന്തല്‍ക്കാരെയാണ് ആക്രമിച്ചത്. വളരെ സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയതെന്ന് പഴയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈയൊരു ആക്രമണത്തിന് ശേഷം ഡോള്‍ഫിനുകളുടെ ആക്രമണങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ജപ്പാനിലെ ഒരു ബീച്ച് റിസോട്ടില്‍ ആറ് വിനോദസഞ്ചാരികളെ ആക്രമിച്ച ഡോള്‍ഫിന്‍ വീണ്ടും ആക്രമണം അഴിച്ച് വിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാമത്തെ ആക്രമണത്തില്‍ രണ്ട് നീന്തല്‍ക്കാര്‍ക്ക് ഡോള്‍ഫിന്‍റെ കടിയേറ്റു. ഫുകുയിക്ക് സമീപമുള്ള കൊഷിനോ ബീച്ചിൽ കടിയേറ്റ ഒരാളെ കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ ഒരു നീന്തല്‍ക്കാരന്‍റെ ഇരുകൈകള്‍ക്കും പിൻഭാഗത്തും ഡോള്‍ഫിന്‍റെ കടിയേറ്റിരുന്നു.
ഇതേ തീരത്ത് ഉച്ചകഴിഞ്ഞ് മറ്റൊരു ആക്രമണവും ഉണ്ടായി. രണ്ടാമത്തെ ആക്രമണത്തില്‍ മറ്റൊരു നീന്തല്‍ക്കാരന്‍റെ ഇടതുകൈയിലെ രണ്ട് വിരലുകള്‍ക്ക് പരിക്കേറ്റു. കോഷിനോ ബീച്ച് പ്രദേശത്തും പരിസരത്തും നീന്തൽക്കാർക്ക് നേരെയുള്ള ഡോള്‍ഫിന്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ജാപ്പനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഒരു ഡോള്‍ഫിന്‍ നീന്തല്‍ക്കാരനെ ആക്രമിക്കുന്നതിന്‍റെ ദൃശ്യത്തില്‍, കടലിനടിയില്‍ നിന്നും പെട്ടെന്ന് നീന്തല്‍ക്കാരന്‍റെ നേര്‍ക്ക് ഉയര്‍ന്നുവരുന്ന ഡോള്‍ഫിനെ ചിത്രീകരിച്ചിരിക്കുന്നു. അയാള്‍ എല്ലാ ശക്തിയുമെടുത്ത് നീന്താനായി ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണം. എന്നാല്‍, നീന്തല്‍ക്കാരനെ പിന്തുടരുന്ന ഡോള്‍ഫിന്‍ അയാളെ കടിക്കുന്നു.
ഫുകുയിയിലെ മറ്റ് ബീച്ചുകളിലും ഡോള്‍ഫിന്‍ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തകനോസു കടൽത്തീരത്ത് ഡോൾഫിനുകൾ നീന്തുന്നത് കാണാൻ ആളുകൾ കരയിൽ ഒത്തുകൂടിയ സമയത്ത്, കടലില്‍ ഒരു നീന്തല്‍ക്കാരനെ ഡോള്‍ഫിന്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്ന വീഡിയോ ജപ്പാനിലെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
കോഷിനോ ബീച്ചിൽ മുമ്പ് നടന്ന ആറ് ഡോള്‍ഫിന്‍ ആക്രമണങ്ങളിലും കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് നേരെ നടന്ന അക്രമണത്തിലും ഒരെ ഡോള്‍ഫിനാണെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ പറയുന്നു. മറ്റൊരു ആക്രമണത്തില്‍ ഡോള്‍ഫിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മറ്റൊരു നീന്തല്‍ക്കാരനും കടിയേറ്റിരുന്നു. മറ്റൊരു ആക്രമണത്തില്‍ നീന്തല്‍ക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കണക്കാലില്‍ ഡോള്‍ഫിന്‍റെ കടിയേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാധാരണ ഡോള്‍ഫിനുകള്‍ മനുഷ്യനുമായി ഏറെ ഇണക്കമുള്ള സമുദ്രജീവിയായാണ് കണക്കാക്കുന്നത്. കടലില്‍ നടന്ന പല അപകടങ്ങളിലും ഡോള്‍ഫിനുകള്‍ മനുഷ്യരെ രക്ഷിച്ചിട്ടുള്ള നിരവധി കഥകളുണ്ട്. എന്നാല്‍ ഡോള്‍ഫിനുകള്‍ നീന്തല്‍ക്കാരെ അക്രമിക്കുന്നത് അത്ര അസാധാരണമല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
കോഷിനോ ബീച്ചിൽ ഡോള്‍ഫിനുകളുടെ അക്രമണം വര്‍ദ്ധിച്ചിതിനാല്‍ ഈ തീരത്ത് നിന്നും ഡോള്‍ഫിനുകളെ പിന്തിരിപ്പാനായി അധികൃതര്‍ അൾട്രാസോണിക് ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചു. ഇവ സൃഷ്ടിക്കുന്ന ശബ്ദവീചികള്‍ ബീച്ചില്‍ നിന്നും ഡോള്‍ഫിനുകളെ അകറ്റും. മാത്രമല്ല, ഡോള്‍ഫിനുകളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് നീന്തല്‍ക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
കടലില്‍ നീന്തുമ്പോള്‍ ഡോള്‍ഫിനുകളെ കാണുകയാണെങ്കില്‍ അവയെ പ്രകോപിപ്പിക്കാതെ ഒഴിഞ്ഞ് മാറണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, പ്രദേശത്തെ ഡോൾഫിനുകൾ ഇപ്പോൾ മനുഷ്യരുടെ ഇടപഴകലിനോട് പ്രതികരിക്കുന്നുണ്ടെന്നും മുട്ടോളം ആഴം കുറഞ്ഞ തീരത്ത് പോലും അവയെ കാണാമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈൽഡ് ബോട്ടിൽ നോസ് ഡോൾഫിനുകൾ മനുഷ്യരോടൊപ്പം നീന്തുന്ന നിരവധി വീഡിയോകളുണ്ടെങ്കിലും ഇവ മനുഷ്യരെ അക്രമിക്കില്ലെന്ന ധാരണ തെറ്റാണെന്നും വിദഗ്ദര്‍ പറയുന്നു. എന്നാല്‍, ഡോള്‍ഫിനുകള്‍ മനുഷ്യനെ അക്രമിച്ച് തുടങ്ങിയ വാര്‍ത്തകള്‍ക്കും വളരെ മുന്നേ മനുഷ്യന്‍ ഡോള്‍ഫിനുകളെ ആഘോഷമായി വേട്ടയാടാറുണ്ട്.
ഡോള്‍ഫിന്‍ വേട്ടയ്ക്ക് ഏറെ പേര് കേട്ട സ്ഥലങ്ങളിലൊന്നാണ് ജപ്പാന്‍. ഡോൾഫിൻ ഡ്രൈവ് ഹണ്ടിംഗ്, ഡോൾഫിൻ ഡ്രൈവ് ഫിഷിംഗ് എന്നിങ്ങനെ അറിയപ്പെടുന്ന് ഡോള്‍ഫിന്‍ വേട്ടയില്‍ കടലില്‍ നിന്നും ഡോള്‍ഫിന്‍ കൂട്ടങ്ങളെ ബോട്ടുകളും വലകളും മറ്റും ഉപയോഗിച്ച് തുറസ്സായ കടലിലേക്കോ ഉൾക്കടലിലേക്കോ കടൽത്തീരത്തേക്കോ ഓടിച്ച് കയറ്റുന്നു. തുടര്‍ന്ന് ഇവയെ രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തില്‍ പൂട്ടിയിട്ട ശേഷം വേട്ടയാടുകയാണ് പതിവ്. സോളമൻ ദ്വീപുകൾ, ഫറോ ദ്വീപുകൾ, പെറു, ജപ്പാൻ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ ഡോൾഫിനുകൾ ഈ രീതിയിൽ വേട്ടയാടപ്പെടുന്നു.