ഏകാന്തതയുടെ ഈസ്റ്റര്‍

First Published Apr 13, 2020, 11:17 AM IST

കൊവിഡ് 19 ന്‍റെ സമൂഹവ്യാപനത്തെ തുടര്‍ന്ന് ലോകം സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. വാര്‍ഷിക കലണ്ടറുകളിലെ ആചാരങ്ങളും വിശ്വാസങ്ങളും യഥാവിധി വന്നുപോകുന്നു. കഴിഞ്ഞ വര്‍ഷം വരെ തെരുവുകളില്‍ ആഘോഷിച്ചിരുന്നവയെല്ലാം ഇന്ന് വീടുകളുടെ ചുമരുകള്‍ക്ക് ഉള്ളിലേക്ക് ചുരുങ്ങി. അതിനിടെ വീണ്ടുമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ്..

കുരിശു മരണത്തിന് ശേഷം, മൂന്നാം നാള്‍ യേശു ഉയര്‍ത്തെഴുന്നേറ്റു. ഈസ്റ്റര്‍ ആ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സ്മരണ പുതുക്കുന്നു. എന്നാല്‍ ഇത്തവണ പള്ളികളില്‍ പുരോഹിതന്മാര്‍ ഈസ്റ്റര്‍ ആഘോഷിക്കുകയും വിശ്വാസികള്‍ വീടുകളിലും കാറുകളിലും ഇരുന്ന് ആഘോഷങ്ങളുടെ ലൈവ് സ്ട്രീമിങ്ങ് കാണുകയുമായിരുന്നു. ക്രിസ്തുമതത്തിന്‍റെ ഏറ്റവും വലിയ ആരാധനാലയമായ റോമിലും സ്ഥിതി വ്യത്യസ്തമല്ല. 

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്ക അടച്ചിട്ട്, ചരിത്രത്തിലാദ്യമായി വത്തിക്കാനില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്റര്‍ കുര്‍ബാന ചൊല്ലി. ഈയവസരത്തില്‍ ദരിദ്രരെ സഹായിക്കണമെന്നും ഭയത്തിന് കീഴ്പ്പെടരുതെന്നും വിശ്വാസികളോട് ആവശ്യപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, മരണത്തിന്‍റെ നാളുകളില്‍ പ്രത്യാശയുടെയും ജീവിതത്തിന്‍റെയും സന്ദേശ വാഹകരാകണമെന്നും  അഭ്യര്‍ത്ഥിച്ചു.