കൊറോണക്കാലത്തെ മുഖാവരണങ്ങള്‍ കാണാം

First Published Apr 24, 2020, 2:57 PM IST


ചൈനയിലെ വുഹാനില്‍ കൊവിഡ്19 രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടെ ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിങ്ങനെ വന്‍കരകളായ വന്‍കരകളിലേക്ക് കടല്‍ കടന്ന് കൊറോണാ വൈറസ് പറന്നുചെന്നു. അഞ്ച് മാസങ്ങള്‍ക്കിപ്പുറം കൊവിഡ് 19 ന്‍റെ രോഗവ്യാപനം നടക്കാത്ത ഒരു രാജ്യം പോലും ലോകത്ത് ഇല്ലെന്ന നിലയിലാണ് കാര്യങ്ങള്‍. ഇതുവരെയായി 27,26,849 പേര്‍ക്ക് കൊവിഡ് 19 ബാധ രേഖപ്പെടുത്തി. 1,91,090 പേര്‍ കൊറോണാ വൈറസ് ബാധമൂലം മരിച്ചു. എന്നാല്‍ മരണനിരക്ക് പലതും തെറ്റാണെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ചൈന മരണനിരക്ക് കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍, 50,243 പേര്‍ മരിച്ച അമേരിക്കയില്‍ ഏതാണ്ട് 25,000 മരണങ്ങള്‍ രേഖപ്പെടുത്താതെ പോയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 

 

കാര്യങ്ങള്‍ എന്ത് തന്നെയായാലും രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. ഇതുവരെയായും മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത കൊറോണയ്ക്കെതിരെ സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും പ്രതിരോധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇതോടെ ലോകത്ത് മുഖാവരണ നിര്‍മ്മാണം ആരംഭിച്ചു. ഒരു പക്ഷേ, ഈ കോറോണക്കാലത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന നിര്‍മ്മാണവും മുഖാവരണത്തിന്‍റെതാണ്. ഇന്ത്യയുടെ പ്രഥമ വനിത സവിതാ കോവിന്ദ് മുഖാവരണം തയ്ക്കുന്ന ചിത്രത്തോടെയായിരുന്നു ഇന്ന് ഇന്ത്യയിലെ പ്രധാന പത്രങ്ങള്‍ ഇറങ്ങിയത്. കാണാം ലോകത്തിലെ വ്യത്യസ്ത മുഖാവരണങ്ങള്‍.