കൊളംബോ തുറമുറത്തിന് സമീപം തീപിടിച്ച് ചരക്ക് കപ്പല്‍, തീയണയ്ക്കാന്‍ ഇന്ത്യന്‍ നാവിക സേനയും

First Published May 26, 2021, 1:10 PM IST


ശ്രീലങ്കയിൽ കൊളംബോ തുറമുഖത്തിന് ഒൻപത് നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) വടക്ക് ഭാഗത്തായി നങ്കൂരമിട്ടിരുന്ന സിംഗപ്പൂർ പതാക പതിപ്പിച്ച ചരക്ക് കപ്പലിലെ തീപിടിത്തം അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവീക സേന അറിയിച്ചു.  ചരക്ക് കപ്പലില്‍ നിന്ന് കഴിഞ്ഞ ആറ് ദിവസമായി തീ ഉയരുകയാണ്. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ നാവീക സേന, ഇന്ത്യന്‍ നാവീക സേനയുടെ സഹായം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വ്യാഴാഴ്ച (21 ന്) കൊളംബോ തുറമുഖത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയായി നങ്കൂരമിട്ടിരുന്ന  എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പലിലാണ് തീ കണ്ടത്. സിംഗപ്പൂർ പതാകയുമായി ഗുജറാത്തില്‍ നിന്നും വരികയായിരുന്നു എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പല്‍. കപ്പലില്‍ 25 ടൺ നൈട്രിക് ആസിഡ് ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും രാസവസ്തുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍‌ന്ന് ചരക്ക് കപ്പലിനെ കൊളംബോ തുറമുറഖത്ത് നിന്ന് വടക്ക് പടിഞ്ഞാറ് 9.5 നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലിലേക്ക് മാറ്റുകയായിരുന്നു. (ചിത്രങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും നാവീക സേനകളുടെ ട്വിറ്റര്‍ പേജില്‍ നിന്ന് )