ഫ്ലോറിഡ തീരത്ത് ഭീതി പടര്‍ത്തി ഭീമന്‍ ജലച്ചുഴലി; ഒപ്പം ഇടിമിന്നലും
ഫ്ലോറിഡയിലെ ഡെസ്റ്റിന്‍ കടല്‍ത്തീരത്ത് ആളുകള്‍ നില്‍ക്കുമ്പോള്‍ പെട്ടെന്നാണ് ആകാശം മേഘാവൃതമായതും ഭീമാകാരമായ ഒരു ജലച്ചുഴലി പ്രത്യക്ഷപ്പെട്ടതും. ഈ സമയം കാലാവസ്ഥ, നല്ല തണുപ്പുള്ളതായിരുന്നതായി പ്രദേശത്തുകാര്‍ പറയുന്നു. മേഘ കൂമ്പാരങ്ങളടങ്ങിയ ക്യുമുലസ് മേഘങ്ങള്‍ അതിവേഗം വളരുമ്പോൾ രൂപം കൊള്ളുന്ന വായു, ജലം, മൂടൽമഞ്ഞ് എന്നിവയാല്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റാണ് വാട്ടർ സ്‌പൗട്ട് അഥവാ ജലച്ചുഴലി. പ്രധാനമായും ജലമാകും ഇവ വഹിക്കുക. കരയില്‍ ചുഴലിക്കാറ്റ് അടിക്കുമ്പോള്‍ പൊടി പടലങ്ങള്‍ ഉയര്‍ന്ന് പൊങ്ങുന്നുവെങ്കില്‍ ജലാശയങ്ങളില്‍ നിന്ന് ചുഴലിയുയരുമ്പോള്‍ കൂടുതലായും വെള്ളമാകും ഉയരുക. ചുഴലിയുടെ പ്രഭാവത്തില്‍ വെള്ളം വായുവിലൂടെ നൂറ് കണക്കിന് അടി ഉയരുന്നു. ഇത്തരത്തിലൊരു പ്രതിഭാസമായിരുന്നു ഡെസ്റ്റിന്‍ തീരത്തുണ്ടായത്.
എമറാൾഡ് തീരത്തെ പാൻഹാൻഡിൽ എന്നറിയപ്പെടുന്ന പ്രദേശത്ത് ഇന്നലെ രാവിലെ 7 മണിയോടെയാണ് ഭീമാകാരമായ ചുഴലി ആദ്യം കണ്ടത്. പ്രദേശത്ത് വീശിയടിക്കുന്ന കൊടുക്കാറ്റാണ് ഈ ജലച്ചുഴലിക്ക് കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. നിരവധി പേര്‍ ഈ ഭീമാകാരമായ ജലച്ചുഴലിയുടെ ചിത്രങ്ങള്‍ പകര്‍ത്തി.
ദൂരെ ഉള്‍ക്കടലില്‍ ജലച്ചുഴലി വീശിയടിക്കുന്ന വീഡിയോ പങ്കുവച്ച ബൂ ഫ്രീമാന്‍ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ ഇങ്ങനെ എഴുതി, 'വാട്ട് എ മോർണിംഗ്'. എന്നാല്‍, ഇത് സാധാരണ ജലച്ചുഴലിയല്ലെന്നാണ് അക്യുവെതറില്‍ ജോലി ചെയ്യുന്ന ജെസ്സി ഫെറൽ അഭിപ്രായപ്പെട്ടത്.
'ഇത് ഒരു സൂപ്പർസെൽ ഇടിമിന്നലിലൂടെ രൂപപ്പെട്ട, വെള്ളത്തിന് മുകളിലുള്ള ചുഴലിക്കാറ്റാണെന്ന് തോന്നുന്നു. മഴയിൽ നിന്ന് ഉയർന്നുവന്ന ദുർബലമായ വാട്ടർ സ്‌പൗട്ടല്ല," ഫെറെൽ വിശദീകരിച്ചു. കടലിന് കുറുകെ തെക്ക് കിഴക്കായി ജലച്ചുഴലി നീങ്ങുമ്പോള്‍ തീരത്ത് ശക്തമായ ഇടിമിന്നൽ പ്രത്യക്ഷപ്പെട്ടു.
ജലച്ചുഴലി പ്രത്യക്ഷപ്പെട്ടതോടെ ദേശീയ കാലാവസ്ഥാ വകുപ്പ് പ്രദേശവാസികള്‍ കടലില്‍ മത്സ്യബന്ധനത്തിനോ അല്ലാതെയോ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഈ വേനൽക്കാലത്ത് ഫ്ലോറിഡയിലെ പാൻഹാൻഡിൽ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ജലച്ചുഴലിയാണിത്.
ഈ മാസമാദ്യം മേരിലാൻഡിൽ ഒരു ജലച്ചുഴലി രൂപപ്പെട്ടിരുന്നു. അത് ഫ്ലോറിഡയിൽ കണ്ടതിനേക്കാള്‍ വിനാശകാരിയായിരുന്നു. ഓഗസ്റ്റ് 5 ന് ചെസാപീക്ക് ഉൾക്കടലിലെ സ്മിത്ത് ദ്വീപിലുടനീളം ജലച്ചുഴലി വീശിയടിച്ചതായും നിരവധി വീടുകൾ തകർക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.