തീവ്രവാദികളെ കുത്തി നിറച്ച് അഫ്ഗാനില്‍ പുതിയ താലിബാന്‍ ഭരണം
ഓഗസ്റ്റ് 15 ന് കാബൂള്‍ കീഴടക്കിയതോടെ അഫ്ഗാന്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ തീവ്രവാദികള്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍, ഓഗസ്റ്റ് 31 ന് അവസാന യുഎസ് സൈനീകനും അഫ്ഗാന്‍ വിട്ട് പോയ ശേഷമാണ് താലിബാന്‍ അഫ്ഗാന്‍റെ സ്വാതന്ത്രം പ്രഖ്യാപിച്ചത്. അതിനിടെ താലിബാന്‍ തീവ്രവാദികളും സഖ്യ കക്ഷിയായ ഹഖാനി ശൃംഖലയിലെ തീവ്രവാദികളും തമ്മില്‍ അധികാരത്തര്‍ക്കം ഉടലെടുത്തെന്നും താലിബാന്‍റെ നേതൃസ്ഥാനത്തെത്തുമെന്ന് കരുതിയ മുല്ല ബരാദറിന് വെടിയെറ്റെന്ന വാര്‍ത്തയും പുറത്ത് വന്നു. ഏറ്റവും ഒടുവില്‍ ഇന്നലെയാണ് താലിബാന്‍ തങ്ങളുടെ രണ്ടാം അഫ്ഗാന്‍ സര്‍ക്കാറിനെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതിന് പിന്നാലെ സര്‍ക്കാറിന്‍റെ ഭാഗമായ 33 മന്ത്രിമാരില്‍ 14 പേര്‍ ഐക്യരാഷ്ട്ര സഭയുടെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന റിപ്പോര്‍ട്ടുകളും വന്നു. ഇതോടെ ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ലോകത്ത് ആദ്യമായി ഒരു തീവ്രവാദി സര്‍ക്കാര്‍ തോക്കിന്‍ മുന്നില്‍ സ്വന്തം ജനതയെ നിര്‍ത്തി രാജ്യത്തിന്‍റെ അധികാരമേറ്റു.

ഇടക്കാല അഫ്ഗാന്‍ 'ഇസ്ലാമിക് എമിറേറ്റ്' സര്‍ക്കാരില്‍ 33 മന്ത്രിമാരാണുള്ളത്. നേരത്തെ താലിബാന്‍ സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രതിനിധ്യമുണ്ടാകുമെന്ന് താലിബാന്‍ നേതാവ് മുല്ലാ ബരാദര്‍, റഷ്യയുടെയും ഖത്തറിന്‍റെ മുന്‍കൈയില്‍ നടത്തിയ വിവിധ ചര്‍ച്ചകളില്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, താലിബാന്‍റെ രണ്ടാം തീവ്രവാദി സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കോ സ്ത്രീകള്‍ക്കോ പ്രാതിനിധ്യമില്ലെന്ന് മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 14 തീവ്രവാദികള്‍ക്കൂടി ആ ഭരണകൂടത്തിന്‍റെ ഭാഗമാകുക കൂടി ചെയ്തു.
താലിബാന്‍, ഇറാന്‍ മോഡല്‍ ഇസ്ലാമിക ഭരണകൂടമാണ് അഫ്ഗാനില്‍ സ്ഥാപിക്കുകയെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഷിയാ ഭൂരിപക്ഷമുള്ള ഇറാനിലെ മതഭരണകൂടത്തേക്കാള്‍ ഭീകരമാണ് സുന്നി - പഷ്ത്തൂണ്‍ ഭൂരിപക്ഷമുള്ള താലിബാന്‍ ഭരണകൂടം.
ഷിയാ ഭരണകൂടമുള്ള ഇറാനില്‍ സുന്നികള്‍ക്കും ഭരണ പങ്കാളിത്തമുണ്ടെങ്കിലും പഷ്ത്തൂണ്‍- സുന്നി ഭൂരിപക്ഷമുള്ള അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷ ജനങ്ങളുടെ ജീവിതം ഇനി ഏറെ ദുഷ്ക്കരമായിരിക്കുമെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഫ്ഗാന്‍റെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയെ പിടിച്ച് കൊടുത്താല്‍ യുഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇനാം ഒരു കോടി യുഎസ് ഡോളറാണ്. ഇത്രയും കാലം ഈ തീവ്രവാദി നേതാവിനെ അമേരിക്കന്‍ സൈന്യത്തിന് പിടികൂടാന്‍ കഴിയാതിരുന്നത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയുടെ തണലിലായിരുന്നു ഇയാള്‍ എന്നത് കൊണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുല്ല മുഹമ്മദ് ഹസ്സൻ അഖുംദാണ് പുതിയ അഫ്ഗാന്‍ പ്രധാനമന്ത്രി. താലിബാന്‍ സ്ഥാപകനായ മുല്ല ഒമറിന്‍റെ അടുത്ത സഹായിയായിരുന്നു മുല്ല മുഹമ്മദ് ഹസ്സൻ അഖുംദ്. ഇയാള്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിൽ ഇടം നേടിയ തീവ്രവാദിയാണ്. 1996 മുതൽ 2001 വരെയുള്ള താലിബാന്‍ ഭരണകാലത്ത് ഇയാള്‍ വിദേശകാര്യമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായിരുന്നു.
2020 ൽ യുഎസ് പിൻവലിക്കൽ കരാർ ഒപ്പിടുന്നതിന് മേൽനോട്ടം വഹിച്ച സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബരാദറിനെ ഉപപ്രധാനമന്ത്രിയായി താലിബാന്‍ നിയമിച്ചു. നേരത്തെ റഷ്യയുമായും ചൈനയുമായും ഖത്തറുമായും ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് മുല്ല അബ്ദുൽ ഗനി ബരാദറായിരുന്നു.
സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും രണ്ടാം താലിബാന്‍ സര്‍ക്കാരില്‍ പ്രതിനിത്യമുണ്ടാകുമെന്നും പഴയ താലിബാനല്ല പുതിയ താലിബാനെന്ന പ്രതീതി ഉണ്ടാക്കിയതും മുല്ല ബരാദറായിരുന്നു. താലിബാനിലെ മിതവാദി ഗ്രൂപ്പിന് ഇയാളായിരുന്നു നേതൃത്വം നല്‍കിയിരുന്നതും.
എന്നാല്‍, സുന്നി - പഷ്ത്തൂണ്‍ വിഭാഗങ്ങള്‍ മാത്രം സര്‍ക്കാരില്‍ ഉണ്ടായാല്‍ മതിയെന്ന് പാക് പിന്തുണയുള്ള ഹഖാനി ശൃംഖല തീരുമാനമെടുത്തു. ഇതേ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും ബരാദറിന് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1988 ല്‍ ഐക്യരാഷ്ട്ര സമിതിയുടെ രക്ഷാസമിതി പുറത്തിറക്കിയ ഭീകരവാദികളുടെ പട്ടികയിലുള്ളവരാണ് ഇപ്പോഴത്തെ അഫ്ഗാന്‍ വിദേശകാര്യമന്ത്രിയായ മുല്ല അമീര്‍ ഖാന്‍ മുത്തഖിയും പ്രതിരോധ മന്ത്രിയായ മുല്ല യാക്കൂബും.
ഇതോടൊപ്പം അമേരിക്കയുടെ അധിനിവേശ കാലമായ 2001 മുതല്‍ താലിബാനൊപ്പം നിന്ന് അമേരിക്കയ്ക്കെതിരെ പോരാടുന്ന തീവ്രവാദികളാണ് താലിബാന്‍റെ മന്ത്രിസഭാ അംഗങ്ങളിലുള്ളവരെല്ലാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ ഗ്വാണ്ടിനാമോ ജയിലില്‍ 14 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച താലിബാന്‍റെ 5 നേതാക്കളും പുതിയ സര്‍ക്കാറിന്‍റെ ഭാഗമാണ്. 2014 ലാണ് അമേരിക്ക ഈ തീവ്രവാദികളെ വിട്ടയച്ചത്. അന്ന് മുതല്‍ ഇവര്‍ പാകിസ്ഥാന്‍റെ സംരക്ഷണയിലായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഉപപ്രതിരോധ മന്ത്രി മുഹമ്മദ് ഫാസില്‍, സാസ്കാരിക മന്ത്രി ഖൈറുല്ല ഖൈര്‍ക്വ, അതിര്‍ത്തി - ഗോത്രകാര്യ മന്ത്രി മുല്ല നൂറുല്ല നൂരി, രഹസ്യാന്വേഷണ വിഭാഗം തലവന്‍ മുല്ല അബ്ദുള്ള ഹഖ് വാസിഖ്, ഖോസ്ത് പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് ഒമറി എന്നിവരാണ് ഈ തീവ്രവാദി നേതാക്കള്‍.
1998 ല്‍ മസാരെ ഷെരീഫിലെ ഉസ്ബെക്, താജിക്, ഷിയ ന്യൂനപക്ഷവിഭാഗങ്ങളുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയവരാണ് മുഹമ്മദ് ഫാസില്ലും മുല്ല നൂറുല്ല നൂരിയും. ശൈഖ് മൌലവി നൂറുല്ല മുനീറാണ് വിദ്യാഭ്യാസ മന്ത്രി.
വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പുറകെ ശൈഖ് മൌലവി നൂറുല്ല മുനീറിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. അതില്‍ പിഎച്ച്ഡിയും ഡിഗ്രിയും ഒന്നിനും കൊള്ളില്ലെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
പിഎച്ച്ഡിക്കോ മാസ്റ്റര്‍ ബിരുദത്തിനോ ഇക്കാലത്ത് മൂല്യമില്ലെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ രാജ്യത്ത് നിയമിക്കപ്പെട്ടിരിക്കുന്ന മുല്ലമാര്‍ക്ക് പിഎച്ച്ഡിയില്ല, എന്തിന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലുമില്ല. എന്നാല്‍ അവരെല്ലാം പിഎച്ച്ഡിയുള്ളവരെക്കേള്‍ കേമന്മാരാണെന്നും ഇയാള്‍ അവകാശവാദമുന്നയിച്ചു.
ഇതോടൊപ്പം പാകിസ്ഥാന്‍ ചാര സംഘടനയുടെ നിയന്ത്രണത്തിലുള്ള ഹഖാനി ശൃംഖലയിലെ രണ്ട് പേരും താലിബാന്‍റെ തീവ്രവാദി സര്‍ക്കാരില്‍ അംഗങ്ങളാണ്. പാകിസ്ഥാന് താലിബാന്‍ സര്‍ക്കാറിലെ നിയന്ത്രണമാണ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ കാണാന്‍ കഴിയുന്നതെന്നും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തലവന്‍ ജനറല്‍ ഫായിസ് ഹമീദ് കഴിഞ്ഞ ആഴ്ചകളിലെല്ലാം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നുവെന്നത് പാക് ചാര സംഘടനയുടെ ശക്തമായ പിന്തുണ താലിബാന്‍റെ തീവ്രവാദി സര്‍ക്കാറിനുണ്ടെന്നതിന് തെളിവ് നല്‍കുന്നു.
താലിബാന്‍ പുതിയ തീവ്രവാദി സര്‍ക്കാറിനെ പ്രഖ്യാപിച്ചപ്പോള്‍ ലോകരാജ്യങ്ങള്‍ നയതന്ത്രപരമായ നിലപാടാണ് എടുത്തത്. ഇടക്കാല അഫ്ഗാന്‍ സര്‍ക്കാര്‍ ശുഭപ്രതീക്ഷ നല്‍കുന്നില്ലെന്ന് ജര്‍മ്മനി പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രതിനിധ്യമില്ലാത്തത് ആശങ്കാജനകമാണെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.
എന്നാല്‍, ഇടക്കാല സര്‍ക്കാര്‍ അഫ്ഗാന്‍ പുനര്‍മനിര്‍മ്മാണത്തിലെ അനിവാര്യമായ ചുവടുവെപ്പാണെന്നും സര്‍ക്കാര്‍ രൂപീകരണം രാജ്യത്തെ അരാജകത്വത്തിന് അന്ത്യം കുറിക്കുമെന്നുമായിരുന്നു ചൈനയുടെ പ്രതികരണം.