- Home
- News
- International News
- ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് വയസുകാരിയടക്കം പതിനഞ്ച് മരണം; യുദ്ധം പ്രഖ്യാപിച്ച് പാലസ്തീന്‍ ജിഹാദി ഗ്രൂപ്പുകൾ
ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് വയസുകാരിയടക്കം പതിനഞ്ച് മരണം; യുദ്ധം പ്രഖ്യാപിച്ച് പാലസ്തീന്‍ ജിഹാദി ഗ്രൂപ്പുകൾ
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ ഒരാൾ മുതിർന്ന ഇസ്ലാമിക പോരാളിയാണെന്നും മറ്റൊരാൾ അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടിയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ് ബാങ്കിൽ വച്ച് ഇസ്രയേല്‍ പൊലീസ് ഒരു മുതിർന്ന പോരാളിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുരാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം ഉടലെടുത്തിരുന്നു. തങ്ങള്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണം തങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നും തുടരുമെന്നും ഇസ്രയേല്‍ അധികൃതരും പറഞ്ഞു. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത വര്‍ദ്ധിച്ചു. 'ബ്രേക്കിംഗ് ഡോൺ' (Breaking Dawn) എന്ന സൈനിക ഓപ്പറേഷന്‍ ഇസ്ലാമിക് ജിഹാദികളെ ലക്ഷ്യം വച്ചായിരുന്നെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

'ഞങ്ങൾ യുദ്ധത്തിലേക്ക് നീങ്ങുകയാണ്, ഈ വ്യോമാക്രമണത്തിന് ശേഷം ഒരു സന്ധിയുമില്ല.' എന്നാണ് ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിനെതിരെ പാലസ്തീനിലെ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്‍റെ നേതാവ് സിയാദ് അൽ-നഖല പറഞ്ഞത്. 'ഈ യുദ്ധത്തിന്‍റെ ഫലങ്ങൾ ഫലസ്തീൻ ജനതക്ക് അനുകൂലമായിരിക്കും. ശത്രു യുദ്ധമാണ് പ്രതീക്ഷിക്കേണ്ടത്, ഒരു സന്ധിയല്ല.' അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.
പ്രതിരോധ മിസൈലുകളുടെ ലക്ഷ്യങ്ങളിലൊന്നാണ് ടെൽ അവീവ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിരോധത്തിന്‍റെ എല്ലാ ശക്തികളും ഒന്നാണെന്ന് വരും മണിക്കൂറുകൾ ശത്രുവിന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസ ഭരിക്കുന്ന ഫലസ്തീനിയൻ സുന്നി-ഇസ്‌ലാമിക് മതമൗലിക സംഘടനയായ ഹമാസും ഇസ്രയേല്‍ ആക്രമണത്തോട് പ്രതികരിച്ചു.
ഇനി ഈ സ്ഥിതി തുടരുന്നത് അംഗീകരിക്കാൻ കഴിയില്ല.' എന്ന് അസന്നിഗ്ദതയ്ക്ക് ഇടയില്ലാത്തവിധം പറഞ്ഞ വക്താവ് ഫൗസി ബർഹൂം 'എല്ലാ സൈനിക ആയുധങ്ങളോടും വിഭാഗങ്ങളോടും കൂടിയുള്ള ചെറുത്തുനിൽപ്പ് ഈ യുദ്ധത്തിൽ ഐക്യപ്പെട്ടിരിക്കുന്നുവെന്നും, പൂർണ്ണ ശക്തിയോടെ അതിന്‍റെ വാക്കുകള്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2 മില്യൺ ഫലസ്തീനികൾ താമസിക്കുന്ന പ്രദേശത്ത് മറ്റൊരു യുദ്ധത്തിന് തിരികൊളുത്താനുള്ള സാധ്യതയ്ക്കാണ് ഇസ്രയേലിന്‍റെ അക്രമണം കൊണ്ടുണ്ടായതെന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നു.
പ്രത്യേകിച്ചും മുതിർന്ന തീവ്രവാദിയുടെ കൊലപാതകത്തിന് ഇസ്രയേല്‍ ഗാസയിൽ നിന്നുള്ള റോക്കറ്റുകള്‍ക്ക് മറുപടി പറയേണ്ടിവരും. ഇത് പ്രദേശത്തെ ഒരു യഥാര്‍ത്ഥ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇസ്രയേല്‍ ഗാസ സിറ്റിക്ക് നേരെ മിസൈല്‍ തൊടുത്തത്. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ഒരു കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്ന് തീയും പുകയും ഉയര്‍ന്നു. പരിക്കേറ്റവരെ അപ്പോള്‍ തന്നെ ആശുപത്രികളിലെത്തിച്ചതിനാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു.
ഗാസ മുനമ്പിനോട് ചേർന്നുള്ള പ്രദേശത്തിന്‍റെ അജണ്ട തീരുമാനിക്കാനും ഇസ്രായേൽ പൗരന്മാരെ ഭീഷണിപ്പെടുത്താനും ഗാസ മുനമ്പിലെ തീവ്രവാദ സംഘടനകളെ ഇസ്രായേൽ സർക്കാർ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യെയർ ലാപിഡ് അവകാശപ്പെട്ടു. ഇസ്രയേലിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെല്ലാം അറിഞ്ഞിരിക്കണം. ഞങ്ങള്‍ നിങ്ങലെ കണ്ടെത്തുമെന്നും ലാപിഡ് ഭീഷണി മുഴക്കി. ഇസ്രയേലിന്‍റെ മിസൈല്‍ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും 40 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഗാസ കമാൻഡർ തൈസീർ അൽ ജബാരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്ലാമിക് ജിഹാദിന്‍റെ കുറിപ്പില്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ഗാസ സിറ്റിയിലെ പ്രധാന ഷിഫ ആശുപത്രിയിലെ മോർച്ചറിക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. ഇസ്രയേലുമായി സഹകരിക്കുന്ന ഫലസ്തീൻ ഒറ്റുകാരെ പരാമർശിച്ച് ഒരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞത് 'ദൈവം ചാരന്മാരോട് പ്രതികാരം ചെയ്യട്ടെ' എന്നായിരുന്നു.
'ബ്രേക്കിംഗ് ഡോൺ' എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനിൽ ഇസ്ലാമിക് ജിഹാദിനെ ലക്ഷ്യം വെച്ചതായി ഇസ്രായേൽ സൈന്യം പിന്നീട് അവകാശപ്പെട്ടു. ഇസ്രയേലിന്‍റെ അപ്രതീക്ഷിത അക്രമണത്തെ തുടര്‍ന്ന് അതിർത്തിയിൽ നിന്ന് 50 മൈലിനുള്ളിലുള്ള കമ്മ്യൂണിറ്റികളിൽ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ അടച്ചിടുകയും മറ്റ് പ്രവർത്തനങ്ങൾക്കും അധികൃതര്‍ പരിധി ഏർപ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് അടിയന്തരം സാഹചര്യം നിലനില്‍ക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഇസ്‌ലാമിക് ജിഹാദി ഗ്രൂപ്പിനെതിരായ ഓപ്പറേഷൻ അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പോടെ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പാലസ്തീന്‍ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ഞങ്ങൾ അനുമാനിക്കുന്നു, സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഞങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല,' അയാള്‍ കൂട്ടിച്ചേർത്തു.
ഇസ്ലാമിക് ജിഹാദിന്‍റെ ഒരു മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടുള്ള 'മുൻകൂട്ടി ആക്രമണം' എന്നാണ് ഓപ്പറേഷനെ കുറിച്ച് റിച്ചാർഡ് ഹെക്റ്റ് വിശേഷിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിന്നുള്ള ഇസ്ലാമിക് ജിഹാദി നേതാവിനെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രതികാര ആക്രമണത്തിന് പാലസ്തീന്‍ പോരാളികള്‍ തയ്യാറെടുത്തതോടെ ഇസ്രായേൽ ഗാസയ്ക്ക് ചുറ്റുമുള്ള റോഡുകൾ അടയ്ക്കുകയും അതിർത്തിയിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇസ്രായേൽ സൈനികരും പലസ്തീൻ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു പാലസ്തീന്‍ കൗമാരക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലും ഹമാസും ഇതിനകം നാല് തവണ നേരിട്ട് യുദ്ധം ചെയ്യുകയും നിരവധി തവണ ചെറിയ ചെറിയ ഏറ്റുമുട്ടലുകള്‍ നടത്തുകയും ചെയ്തിരുന്നു. 2021 മെയ് മാസത്തിലായിരുന്നു ഏറ്റവും അവസാനമായി ഇസ്രയേലി സൈനികരും പാലസ്തീന്‍ പോരാളികളും ഏറ്റുമുട്ടിയത്.
ഇസ്രായേലിനുള്ളിലെ ഹമാസ് നടത്തിയ ആക്രമണങ്ങളും വെസ്റ്റ് ബാങ്കിലെ ദൈനംദിന സൈനിക പ്രവർത്തനങ്ങളും ജറുസലേമിലെ പിരിമുറുക്കങ്ങളും ഈ വർഷം ആദ്യം പ്രദേശത്ത് വീണ്ടും സംഘര്‍ഷ സാധ്യത ഉയര്‍ത്തിയിരുന്നു. 'ഞങ്ങൾ പോരാട്ടം ആരംഭിക്കുകയാണ്, ഈ ആക്രമണത്തെ നേരിടാൻ പലസ്തീൻ ചെറുത്തുനിൽപ്പിന്‍റെ പോരാളികൾ ഒരുമിച്ച് നിൽക്കണം.' എന്ന് ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ-നഖല, ഇറാനിൽ നിന്നുള്ള അൽ-മയദീൻ ടിവി നെറ്റ്‌വർക്കിനോട് പറഞ്ഞു. ഏറ്റുമുട്ടലിൽ 'ചുവന്ന വരകൾ' ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം അക്രമത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തി.
'ഗസ്സയ്‌ക്കെതിരായ ആക്രമണം ആരംഭിക്കുകയും പുതിയ കുറ്റകൃത്യം ചെയ്യുകയും ചെയ്ത ഇസ്രായേലി ശത്രു, അതിന്‍റെ വില നൽകുകയും അക്രമണത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം വഹിക്കുകയും വേണം.' എന്ന് ഹമാസ് വക്താവ് ഫൗസി ബർഹൂം പറഞ്ഞു.ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് സംഘടനാപരമായി ഹമാസിനേക്കാൾ ചെറുതാണ്. പക്ഷേ അത് പ്രധാനമായും ഒരേ പ്രത്യയശാസ്ത്രം പങ്കിടുന്നു. രണ്ട് ഗ്രൂപ്പുകളും ഇസ്രായേലിന്‍റെ നിലനിൽപ്പിന് എതിരാണ്.
കൂടാതെ തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകളുടെ ആക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ഇരുവിഭാഗവും വർഷങ്ങളായി നടത്താറുണ്ട്. ഇത്തരം അക്രമണങ്ങളെയെല്ലാം ആകാശത്ത് വച്ച് തന്നെ ഇല്ലാതാക്കാനുള്ള സാങ്കേതിക സംവിധാനം ഇസ്രയേലിനുണ്ട്. ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് വെള്ളിയാഴ്ച ഗാസയ്ക്ക് സമീപമുള്ള കമ്മ്യൂണിറ്റികൾ സന്ദർശിച്ചിരുന്നു.
സന്ദര്‍ശന വേളയില്‍ 'ഈ മേഖലയിൽ നിന്നുള്ള ഭീഷണി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ' അധികൃതർ ഒരുക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്‍റെ റോക്കറ്റ് ആക്രമണം. 'ഞങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ല, എന്നിരുന്നാലും ആവശ്യമെങ്കിൽ ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഞങ്ങൾ മടിക്കില്ല. ഇസ്രായേലിന്‍റെ തെക്കന്‍ പ്രദേശത്ത് ജീവിതം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ ആന്തരിക പ്രതിരോധത്തോടെയും ബാഹ്യ ശക്തിയോടെയും പ്രവർത്തിക്കും,' ബെന്നി ഗാന്‍റ്സ് കൂട്ടിച്ചേര്‍ത്തു.
ഹമാസിന്‍റെ കൈവശമുള്ള രണ്ട് ഇസ്രായേൽ സൈനികരായ തടവുകാരെയും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഗാസ മുനമ്പിന് സമീപം നൂറുകണക്കിന് ഇസ്രായേലികൾ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇസ്രായേലി തടവറകളില്‍ കുട്ടികളടക്കം ആയിരക്കണക്കിന് ഫലസ്തീനികളാണ് തടവിലാക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam