NATO into Ukraine war: ലിത്വാനിയന്‍ നടപടി യുക്രൈന്‍ യുദ്ധത്തിലേക്കുള്ള നാറ്റോയുടെ വരവോ ?
റഷ്യയുടെ യുക്രൈന്‍ അധിനിവേശ യുദ്ധത്തില്‍ നാറ്റോയെ കൂടി ലിത്വാനിയ വലിച്ചിഴയ്ക്കുമോ എന്ന ഭീതിയിലാണ് യൂറോപ്പ്. കഴിഞ്ഞ ദിവസം റഷ്യയുടെ എക്സ്ക്ലേവ് ആയ കലിനിൻഗ്രാഡിലേക്ക് റഷ്യയില്‍ നിന്ന് പോവുകയായിരുന്ന ചരക്ക് ട്രെയിന്‍ പാതിവഴിയില്‍ ലിത്വാനിയ തടഞ്ഞു. ഇതോടെ റഷ്യ, ലിത്വാനിയയ്ക്കെതിരെ സ്വരം കടുപ്പിച്ചു. തങ്ങളുടെ സാധനങ്ങള്‍ വിട്ട് നല്‍കിയില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യ ഇതിനകം നല്‍കി കഴിഞ്ഞു. ലിത്വാനിയക്കെതിരെ ഏതെങ്കിലും തരത്തില്‍ റഷ്യന്‍ നടപടിയുണ്ടായാല്‍ അത് നാറ്റോയ്ക്കെതിരെയുള്ള നടപടിയായി വ്യാഖ്യാനിക്കപ്പെടും. കാരണം, ലിത്വാനിയ നിലവില്‍ നാറ്റോ സഖ്യ രാഷ്ട്രമാണ്. നാറ്റോ സഖ്യ രാഷ്ട്രത്തിനെതിരെ ഏതെങ്കിലുമൊരു രാജ്യ സൈനിക നടപടി പ്രഖ്യാപിച്ചാല്‍ നാറ്റോയുടെ സൈനിക സംരക്ഷണം അംഗ രാജ്യത്തിനുണ്ടായിരിക്കും. അതായത്, റഷ്യ ലിത്വാനിയക്കെതിരെ തിരിഞ്ഞാല്‍ അത് മറ്റൊരു ലോകമഹായുദ്ധത്തിനുള്ള തുടക്കമാകുമെന്ന് യുദ്ധകാര്യ വിദഗ്ദരും പറയുന്നു.
Vladimir Putin, Russian President
റഷ്യന്‍ ഭൂപ്രദേശത്ത് നിന്നും മാറി ലിത്വാനിയയ്ക്കും പോളണ്ടിനും ഇടയില്‍ ബാള്‍ട്ടിക്ക് കടലിനോട് ചേര്‍ന്നുകിടക്കുന്ന റഷ്യന്‍ എക്സ്ക്ലേവായ കലിനിൻഗ്രാഡില്‍ 4,30,000 പേരാണ് ഉള്ളത്. തങ്ങളുടെ അതിര്‍ത്തിക്ക് പുറത്തുള്ള പ്രദേശമായിതിനാല്‍ ബലാറസ്, ലിത്വാനിയ വഴിയാണ് കരമാര്‍ഗ്ഗം റഷ്യയ്ക്ക് കലിനിന്‍ഗ്രാഡിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
അതല്ലെങ്കില്‍ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നും ബാള്‍ട്ടിക്ക് കടല്‍ വഴി ചുറ്റിവേണം റഷ്യയ്ക്ക് തങ്ങളുടെ എക്സ്ക്ലേവില്‍ പ്രവേശിക്കാന്‍. ഇത് സമയ നഷ്ടവും ഊര്‍ജ്ജ നഷ്ടവും ഉണ്ടാക്കുന്നതിനാല്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമായ ബലാറസ്, ലിത്വാനിയ വഴിയാണ് റഷ്യ, കലിനിൻഗ്രാഡുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നത്.
Gitanas Nauseda (President of Lithuania)
റഷ്യ യുക്രൈന്‍ അധിനിവേശത്തിന് തുടക്കമിട്ടത് മുതല്‍ യൂറോപ്യന്‍ യൂണിയന്‍/നാറ്റോ സഖ്യ രാജ്യങ്ങളില്‍ ഏറ്റവും അധികം എതിര്‍പ്പുമായി രംഗത്തെത്തിയ രാജ്യമാണ് ലിത്വാനിയ. യുദ്ധം ആരംഭിച്ച ശേഷം യുക്രൈന് വേണ്ടി ഡ്രോണുകള്‍ വാങ്ങാന്‍ ക്രൗഡ് ഫണ്ടിങ്ങിന് പോലും ലിത്വാനിയ തുടക്കമിട്ടിരുന്നു.
യുദ്ധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയ്ക്കെതിരെയുള്ള തങ്ങളുടെ നടപടി കടുപ്പിക്കുകയാണ് ലിത്വാനിയ. അതിന്‍റെ ഭാഗമായിട്ടായിരുന്നു റഷ്യന്‍ പ്രദേശമായ കലിനിൻഗ്രാഡിലേക്കുള്ള സാധനങ്ങള്‍ക്ക് തങ്ങളുടെ രാജ്യം കടന്നുപോകാന്‍ ലിത്വാനിയ വിലക്ക് ഏര്‍പ്പെടുത്തിയത്. ലിത്വാനിയയുടെ നടപടി റഷ്യന്‍ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന് റഷ്യ അഭിപ്രായപ്പെട്ട് കഴിഞ്ഞു.
റഷ്യ, ലിത്വാനിയയ്ക്കെതിരെ തിരിഞ്ഞാല്‍, നാറ്റോയ്ക്കും യുദ്ധത്തില്‍ ഇടപെടാതിരിക്കാനാകില്ലെന്നത് സാഹചര്യം ഏറ്റവും കലുഷിതമാണെന്ന തരത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നല്‍കുന്നു. കൽക്കരി, ലോഹങ്ങൾ, നിർമ്മാണ സാമഗ്രികൾ, നൂതന സാങ്കേതികവിദ്യ എന്നിവയുമായി പോയ ട്രെയിനിനാണ് ലിത്വാനിയ വിലക്ക് ഏര്‍പ്പെടുത്തിയത്.
ലിത്വാനിയയുടെ നടപടിക്കെതിരെ 'വളരെ കഠിനമായ നടപടികൾ' സ്വീകരിക്കുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ചരക്ക് ഗതാഗതം പുനരാരംഭിച്ചില്ലെങ്കിൽ, റഷ്യയ്ക്ക് ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്ന് റഷ്യ , മോസ്കോയിലെ ലിത്വാനിയൻ പ്രതിനിധി ഡി അഫയേഴ്‌സിനെ അറിയിച്ച് കഴിഞ്ഞെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2002 ലെ റഷ്യൻ ഫെഡറേഷന്‍റെയും യൂറോപ്യൻ യൂണിയന്‍റെയും സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കലിനിൻഗ്രാഡ് മേഖലയ്ക്കും റഷ്യൻ ഫെഡറേഷന്‍റെ മറ്റ് ഭാഗങ്ങൾക്കും ഇടയില്‍ സുഗമമായ ഗതാഗതം ഉറപ്പ് വരുത്തുന്നു. ഇതിന് എതിരെ പ്രവര്‍ത്തിക്കുന്നത് പരസ്യമായി ശത്രുതയായി കണക്കാക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്ഥാവനയില്‍ പറയുന്നു.
ഇത് റഷ്യക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്, അക്ഷരാർത്ഥത്തിൽ ശരിയായ സ്വയം പ്രതിരോധത്തിലേക്ക് തിരിയാൻ ഇത് ഞങ്ങളെ നിർബന്ധിക്കുന്നുവെന്നായിരുന്നു റഷ്യന്‍ സെനറ്റർ ആൻഡ്രി ക്ലിമോവിന്‍റെ മുന്നറിയിപ്പ്. 'ഞങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് വിധത്തിലും' ഉപരോധം പരിഹരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, ഇത് സ്വന്തം രാജ്യത്തിന്‍റെ തീരുമാനമല്ലെന്നും തന്‍റെ രാജ്യം യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ലിത്വാനിയൻ വിദേശകാര്യ മന്ത്രി ഗബ്രിയേലിയസ് ലാൻഡ്സ്ബെർഗിസിന്‍റെ മറുപടി. യൂറോപ്യൻ കമ്മീഷനുമായി കൂടിയാലോചിച്ച് അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് ലിത്വാനിയ നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
'ലിത്വാനിയൻ ഭൂമിയിലൂടെ റഷ്യയുടെ ചരക്ക് നീക്കം ഇനി അനുവദിക്കില്ലെ'ന്നും അദ്ദേഹം പറഞ്ഞു. 'ഏകപക്ഷീയമോ വ്യക്തിഗതമോ അധികമോ' ആയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം യൂറോപ്യന്‍ യൂണിയനുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്നും വിദേശകാര്യ മന്ത്രാലയവും അവകാശപ്പെട്ടു.
'ലിത്വാനിയയുടെ ഈ തീരുമാനം ശരിക്കും അഭൂതപൂർവമാണ്. അത് എല്ലാറ്റിന്‍റെയും ലംഘനമാണ്.' എന്നായിരുന്നു പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവിന്‍റെ മറുപടി. 'ഇത് നിയമവിരുദ്ധമാണെന്ന് ഞങ്ങൾ കരുതുന്നു.
സ്ഥിതി കൂടുതൽ ഗുരുതരമാണ്... ഞങ്ങളുടെ പ്രതികരണം രൂപപ്പെടുത്തുന്നതിന് മുമ്പ് ഞങ്ങൾക്ക് ഗൗരവമായ ആഴത്തിലുള്ള ഒരു വിശകലനം ആവശ്യമാണ്.' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയിൽ നിന്ന് ബെലാറസ് വഴി ലിത്വാനിയയിലേക്കെത്തുന്ന ചരക്കുകൾ നിരോധിക്കുന്നതിൽ ലിത്വാനിയ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്ന് സെനറ്റ് ഡെപ്യൂട്ടി സ്പീക്കർ കോൺസ്റ്റാന്‍റിൻ കൊസാച്ചിയോവും അവകാശപ്പെട്ടു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍റെ ഉപരോധങ്ങളെ മറികടക്കാന്‍ ബാള്‍ട്ടിക്ക് കടല്‍ വഴി റഷ്യയ്ക്ക് ചരക്ക് നീക്കം സുഗമമായി നടത്താം.
ലിത്വാനിയയുടെ നടപടിക്കെതിരെ റഷ്യന്‍ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 'രാജ്യത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും അന്താരാഷ്ട്ര നിയമത്തിന്‍റെ ലംഘനമാണെന്നും റഷ്യന്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു.
Mikhail Khodorkovsky
ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളും പുടിന്‍റെ എതിരാളിയുമായ മിഖായേൽ ഖോഡോർകോവ്സ്കി, പുടിന്‍ ലിത്വാനിയയുടെ വ്യോമമേഖലയില്‍ ഉപരോധമേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
അത്തരമൊരു ഉപരോധത്തില്‍ 'റഷ്യയ്ക്കും കലിനിൻഗ്രാഡിനും ഇടയിലൂടെ റഷ്യൻ വ്യോമയാനം സാധ്യമാകും. അപ്പോൾ സഖ്യ രാജ്യമായ ലിത്വാനിയയ്ക്ക് വേണ്ടി നാറ്റോ എന്ത് ചെയ്യുമെന്ന ചോദ്യം ഉയരമെന്നും അദ്ദേഹം പറഞ്ഞു.
ഇത് മറ്റൊരു ലോകമഹായുദ്ധത്തിന് കാരണമാകുമോയെന്ന ആശങ്കയിലാണ് യൂറോപ്പ്. ലിത്വാനിയയുടെ നടപടിയോടെ പുടിന്‍ അനുകൂലികള്‍ ലിത്വാനിയയ്ക്കെതിരെ ശക്തമായ നടപടിക്ക് ആവശ്യപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, ലിത്വാനിയയുടെ പരമാധികാരത്തില്‍ ഇടപെടാനോ അവരെ ഭീഷണിപ്പെടുത്താനോ റഷ്യയ്ക്ക് അധികാരമില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു. യുക്രൈനെതിരെ റഷ്യ നടത്തുന്ന അന്യായവുമായ അധിനിവേശത്തിന്‍റെ അനന്തരഫലങ്ങൾക്ക് മോസ്‌കോ സ്വയം കുറ്റപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kassym-Jomart Tokayev (President of Kazakhstan)
ഇതിനിടെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന റഷ്യയുടെ പ്രധാന സാമ്പത്തിക ഉച്ചകോടിയിൽ റഷ്യന്‍ സഖ്യ കക്ഷിയായ കാസാഖിസ്ഥാന്‍, റഷ്യ പുതുതായി കീഴടക്കിയ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കാൻ വിസമ്മതിച്ചു. കസാഖ് നേതാവ് കാസിം-ജോമാർട്ട് ടോകയേവ് പുടിനൊപ്പം വേദി പങ്കിടവേയാണ് തങ്ങളുടെ നയം പ്രഖ്യാപിച്ചത്.
സഖ്യ രാജ്യത്തിന്‍റെ തീരുമാനത്തില്‍ പുടിന്‍ അപമാനിതനായെന്നും അദ്ദേഹം രോഷാകുലനാണെന്നും പ്രതികാരത്തിനായി തയ്യാറെടുക്കുകയാണെന്നുമുള്ള അവകാശവാദങ്ങളും ഇതിനിടെ റഷ്യയില്‍ നിന്ന് ഉയരുന്നതായും ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് തൊട്ട് പിന്നാലെ പുടിൻ അനുകൂല എംപി കോൺസ്റ്റാന്‍റിൻ സാതുലിൻ കസാക്കിസ്ഥാന്, യുക്രൈയിന് സമാനമായ' റഷ്യന്‍ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
Ramzan Kadyrov (Head of the Chechen Republic)
ഇതോടെ ലോകരാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതിന് പുറമേ സ്വന്തം സഖ്യ കക്ഷികളില്‍ നിന്നുകൂടി റഷ്യയ്ക്ക് ഒറ്റപ്പെട്ടല്‍ നേരിടേണ്ടിവന്നു. 'നിങ്ങൾ റഷ്യയ്ക്കൊപ്പം നിൽക്കുകയും നിങ്ങളുടെ നിലപാട് കാണിക്കുകയും വേണം, അല്ലാതെ യുഎസിന്റെയും യൂറോപ്യൻ യൂണിയന്‍റെയും ഉപരോധങ്ങളെ ഭയപ്പെടരുത്.' എന്ന് പുടിന്‍റെ സുഹൃത്തും ചെചെൻ നേതാവുമായ റംസാൻ കദിറോവ് കസാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി.
കസാക്കിസ്ഥാനും മറ്റ് മുൻ സോവിയറ്റ് രാജ്യങ്ങളും 'അമേരിക്കയുടെയോ യൂറോപ്പിന്റെയോ ഉപരോധത്തെ ഭയന്ന് നിശ്ശബ്ദരായിരുന്നുവെന്ന് റഷ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ പ്രതികാര നടപടിയായി കസാക്കിസ്ഥാനിലെ ഒരു എണ്ണ കയറ്റുമതി ടെർമിനൽ റഷ്യ തടസ്സപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.
അതിനിടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ ആക്രമണം തുടരുന്ന റഷ്യ വോളിൻ, റിവ്നെ, കീവ് തുടങ്ങിയ യുക്രൈന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങൾ ആക്രമിച്ച് രണ്ടാം മുന്നണി തുറക്കാൻ ബെലാറസ് ഏകാധിപതി അലക്സാണ്ടർ ലുകാഷെങ്കോയെ സമ്മർദ്ദത്തിലാക്കുകയാണെന്ന് യുക്രൈന് ആരോപിച്ചു.
യുക്രൈന് അധിനിവേശത്തില്‍ റഷ്യക്ക് ഇതുവരെ 33,800 സൈനികർ, 1,477 ടാങ്കുകൾ, 3,588 കവചിത യുദ്ധ വാഹനങ്ങൾ, 749 പീരങ്കി യൂണിറ്റുകൾ, 235 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ, 98 വ്യോമ പ്രതിരോധ സംവിധാനങ്ങൾ, 216 യുദ്ധവിമാനങ്ങൾ, 181 ഹെലികോപ്റ്ററുകൾ, 601 ഡ്രോണുകള്‍. 130 ക്രൂയിസ് മിസൈല്‍, 14 യുദ്ധക്കപ്പല്‍, 2,327 മോട്ടോര്‍ വാഹനങ്ങളും ഇന്ധന ടാങ്കുകളും, 55 യൂണിറ്റ് പ്രത്യേക ആയുധങ്ങളും നഷ്ടമായെന്ന് യുക്രൈന് അവകാശപ്പെട്ടു.
യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ ഭീമമായ നഷ്ടം നേരിട്ട റഷ്യ, തങ്ങളുടെ സഖ്യ രാജ്യങ്ങളെ കൂടി യുദ്ധത്തില്‍ പ്രത്യക്ഷത്തില്‍ ഭാഗഭാഗക്കാനുള്ള ശ്രമം നടത്തുകയാണെന്നും യുക്രൈന് ആരോപിക്കുന്നു. ഇതിനിടെയാണ് കസാഖിസ്ഥാന്റെ റഷ്യന്‍ നിസഹകരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതെന്നതും ശ്രദ്ധേയം.