ലോക്ക് ഡൗണിലായ ജയിലുകള്‍; കലാപമുയര്‍ത്തി കുറ്റവാളികള്‍

First Published Apr 10, 2020, 1:23 PM IST


ലോകമെങ്ങും ഇന്ന് ലോക്ക് ഡൗണിലാണ്. പ്രത്യേകിച്ച് മനുഷ്യജീവിതവുമായി ബന്ധപ്പെടുന്നവയെല്ലാം ഇന്ന് അടച്ചിടപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകളെടുത്ത് മനുഷ്യന്‍ സാമൂഹികമായി കെട്ടിപ്പൊക്കിയവയെല്ലാം ഇന്ന് നിശ്ചലമായിക്കഴിഞ്ഞിരിക്കുന്നു. ഓന്നൊഴിച്ച്, ആരോഗ്യ മേഖലയൊഴിച്ച്. നഗരങ്ങളും ഗ്രാമങ്ങളും കൊവിഡ്19 എന്ന വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. സാമൂഹികമായ അകലം പാലിച്ചും സാനിറ്റൈസറുകള്‍ ഉപയോഗിച്ചും വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. വൈറസിന്‍റെ സാമൂഹിക വ്യാപനം തടയാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുന്നു. എന്നാല്‍, നിലനിന്നിരുന്ന സാമൂഹ്യക്രമത്തിന് പലതരത്തില്‍ അലോസരം സൃഷ്ടിക്കുന്നുവെന്ന് ഓരോ രാജ്യവും അവരവരുടെ നിയമസംഹിതയ്ക്കകത്ത് നിന്ന് തീരുമാനമെടുക്കുകയും അതുവഴി ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തവര്‍ ഇന്ന് മറ്റൊരു പ്രതിസന്ധിയിലാണ്. ജയിലിന് പുറത്ത് എത്രത്തോളം സാമൂഹിക സ്വാസ്ഥ്യം ഉണ്ടായാലും അത് ജയിലിനകത്ത് പ്രകടമാകണമെന്നില്ല. അത്തരമൊരവസ്ഥയില്‍ പുറത്തെ സാമൂഹിക ക്രമത്തിലുണ്ടായ അട്ടിമറി ജയിലുകളെയും പ്രകടമായി ബാധിക്കുന്നു. പ്രത്യേകിച്ച് അസ്ഥിരമായ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍. സ്വയമോ നിര്‍ബന്ധിതപൂര്‍വ്വമോ നിരീക്ഷണത്തിലാകുകയോ ആക്കപ്പെടുകയോ ചെയ്യപ്പെടുന്ന കൊറോണാക്കാലത്ത് ലോകത്തെ വിവിധ ജയിലുകളില്‍ എന്ത് നടക്കുന്നുവെന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.