- Home
- News
- International News
- Myanmar Massacre: ക്രിസ്മസ് രാവില്‍ മ്യാന്മാറില്‍ കൂട്ടക്കുരുതി; 30 പേരെ ചുട്ടുകൊന്നു
Myanmar Massacre: ക്രിസ്മസ് രാവില്‍ മ്യാന്മാറില്‍ കൂട്ടക്കുരുതി; 30 പേരെ ചുട്ടുകൊന്നു
ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ലോകം നീങ്ങുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച (24.12.'21) മ്യാന്മാറിലെ (Myanmar) ഏകാധിപത്യ സൈനീക ഭരണകൂടം കിഴക്കൻ മോ സോ ഗ്രാമത്തിലെ (Mo So village) ക്രിസ്മസ് രാവ് ആഘോഷങ്ങള്‍ക്കിടെ സ്ത്രീകളും കുട്ടികളുമടക്കം 30 ഓളം പേരെ വെടിവെച്ച് കൊന്ന് മൃതദേഹം തീയിട്ട് നശിപ്പിച്ചു. അക്രമത്തിനിടെ രണ്ട് സേവ് ദ ചില്‍ഡ്രന്‍ പ്രവര്‍ത്തകരെ കാണാതായതായി സംഘടന ആരോപിച്ചു. സൈന്യം ഗ്രാമവാസികളെ വളഞ്ഞ് വെച്ച ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, 2021 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആങ് സാങ് സൂചിയുടെ പാര്‍ട്ടി അധികാരമേറ്റെടുക്കാതിരിക്കാന്‍ സൈന്യം സൂചിയെയും മറ്റ് പ്രധാനപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചെങ്കിലും സൈന്യം അതെല്ലാം അടിച്ചമര്‍ത്തി.

അന്താരാഷ്ട്രാ സമൂഹം മ്യാന്മാറിലെ സൈനീക ഭരണകൂടത്തിന്‍റെ നടപടിയില്‍ ഇടപെടണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളൊന്നും തന്നെ മ്യാന്മാറിന്‍റെ ആഭ്യന്തര കാര്യങ്ങളിലിടപെടാന്‍ തയ്യാറായില്ല. യുഎന്‍ ചില പ്രസ്ഥാവനകള്‍ ഇറക്കിയതല്ലാതെ ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ തയ്യാറായില്ല.
ചൈനയുടെ സൈനീക - സാമ്പത്തിക പിന്തുണ മ്യാന്മാറിന്‍റെ സൈനീക ഭരണകൂടത്തിനുണ്ട്. ഇതുകൊണ്ട് തന്നെ അമേരിക്കയടക്കമുള്ള ഒന്നാം ലോക രാജ്യങ്ങളും മ്യാന്മാറിന്‍റെ ആഭ്യന്തര പ്രശ്നത്തിലിടപെടാന്‍ മടിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം, ജനങ്ങള്‍ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനിടെ 1,300-ലധികം ആളുകളെ സൈന്യം കൊല്ലന്നതായി പ്രാദേശിക നിരീക്ഷണ സംഘം ആരോപിക്കുന്നു.
ഇതിനിടെയാണ് കിഴക്കൻ മോ സോ ഗ്രാമത്തിലെ ക്രിസ്മസ് രാവിനിടെ സൈന്യം കൂട്ടക്കൊല നടത്തിയത്. കൂട്ടക്കൊലയുടെ ചിത്രങ്ങളും വീഡിയോകളും രാജ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെ പ്രതിരോധവുമായി സൈന്യവും രംഗത്തെത്തി. കൊല നടത്തിയത് സായുധ സംഘമാണെന്നാണ് സൈന്യത്തിന്‍റെ ആരോപണം.
എന്നാല്‍, സൈന്യം അറിയാതെ ഒരു കൊലപാതകം പോലും രാജ്യത്ത് നടക്കില്ലെന്ന് പ്രദേശവാസികളും ആരോപിക്കുന്നു. അഭയാർത്ഥികൾ താമസിച്ചിരുന്ന കയാ സംസ്ഥാനത്തെ (Kayah state) ഹ്പ്രൂസോ ടൗൺഷിപ്പിന് (Hpruso township) പുറത്താണ് മോ സോ ഗ്രാമം.
കത്തിച്ച മൂന്ന് വാഹനങ്ങളിലായി ഏതാണ്ട് 30 ഓളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചോയെന്ന് അറിയില്ല. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതിനിടെ മ്യാന്മാറിലെ സൈന്യത്തിനെതിരെ പോരാടാന്‍ 'പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ്' (പിഡിഎഫ് - People's Defence Forces) രാജ്യത്തുടനീളം ശക്തമാവുകയാണെന്ന വാര്‍ത്തകളും പുറത്ത് വരുന്നു. ഇതോടെ രാജ്യത്ത് കൂടുതല്‍ ഏറ്റവുമുട്ടലുകളും വേട്ടയാടലുകളും നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളിയാഴ്ച മോ സോയ്ക്ക് സമീപമുള്ള കോയി എൻഗാൻ ഗ്രാമത്തിന് സമീപം സായുധ പ്രതിരോധ ഗ്രൂപ്പുകളും മ്യാൻമർ സൈന്യവും തമ്മിലുള്ള പോരാട്ടത്തിൽ പരിക്കേറ്റവര്‍ രക്ഷപ്പെട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്നതായി പറഞ്ഞ ഒരു ഗ്രാമീണൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ടൗൺഷിപ്പിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള അഭയാർത്ഥി ക്യാമ്പുകളിലേക്ക് പോകുകയായിരുന്ന തങ്ങളുടെ രണ്ട് പ്രവര്‍ത്തകരെ സൈന്യം അറസ്റ്റ് ചെയ്ത ശേഷം കൊലപ്പെടുത്തിയതെന്ന് സേവ് ദി ചില്‍ഡ്രല്‍ എന്ന് സംഘടന ആരോപിച്ചു. അവരുടെ സ്വകാര്യ വാഹനം ആക്രമിക്കുകയും കത്തിക്കുകയും ചെയ്തതായി സ്ഥിരീകരണമുണ്ടും സംഘടന പറയുന്നു.
'മനുഷ്യസ്‌നേഹികളായ നിരപരാധികളായ സാധാരണക്കാർക്കും ഞങ്ങളുടെ ജീവനക്കാർക്കുമെതിരെ നടക്കുന്ന അക്രമങ്ങളിൽ ഞങ്ങൾ ഭയചകിതരാണ്,' സേവ് ദി ചിൽഡ്രൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഇംഗർ ആഷിംഗ് പറഞ്ഞു. 32 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നെന്നും, കുറഞ്ഞത് 38 പേരെങ്കിലും കൊല്ലപ്പെട്ടതായി സേവ് ദി ചിൽഡ്രൻ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
'സ്ത്രീകളും കുട്ടികളുമടക്കം 35 സിവിലിയൻമാരെ കൊന്നൊടുക്കിയ കയാ സംസ്ഥാനത്ത് നടന്ന ക്രൂരമായ ആക്രമണം' ഞെട്ടിക്കുന്നതാണെന്ന് മ്യാൻമറിലെ യുഎസ് എംബസി ഞായറാഴ്ച പറഞ്ഞു. മേഖലയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് സേവ് ദി ചിൽഡ്രൻ അറിയിച്ചു.
കായയിലും അയൽ സംസ്ഥാനമായ കാരെൻ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിലും മാഗ്‌വേ മേഖലയിലും നടത്തിയിരുന്ന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ലണ്ടൻ ആസ്ഥാനമായുള്ള സംഘടന അറിയിച്ചു. മോ സോയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള 'മ്യാൻമ അലിൻ' ദിനപത്രം (Myanma Alinn daily newspaper) റിപ്പോര്‍ട്ട് ചെയ്തു.
കരേന്നി നാഷണൽ പ്രോഗ്രസീവ് പാർട്ടി (Karenni National Progressive Party) എന്നറിയപ്പെടുന്ന വംശീയ ഗറില്ല സേനയിലെ അംഗങ്ങളും സൈന്യത്തെ എതിർക്കുന്നവരും സംശയാസ്പദമായ വാഹനങ്ങളില്‍ സഞ്ചരിക്കവേ സൈന്യം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ഇതിന് വിസമ്മതിക്കുകയും ശേഷം അവര്‍ സുരക്ഷാ സേനയെ അക്രമിക്കുകയുമായിരുന്നെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സംഘടനയില്‍ ചേരാന്‍ പോവുകയായിരുന്ന പുതുയ അംഗങ്ങളും തത്സമയം അവരോടൊപ്പം ഉണ്ടായിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തോട് യുദ്ധം ചെയ്യാനുള്ള പരിശീലനം സിദ്ധിച്ചവരാണ് ഇവരില്‍ പലരും. അവര്‍ സഞ്ചരിച്ചിരുന്ന വാഹനം തീ പിടിച്ച് കത്തിയമരുകയായിരുന്നെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നുമായിരുന്നു പത്രത്തിന്‍റെ റിപ്പോര്‍ട്ടിങ്ങ്.
എന്നാല്‍, വെള്ളിയാഴ്ച തങ്ങളുടെ പോരാളികളുമായി സൈന്യം ഏറ്റുമുട്ടിയെന്നും ഇതിന് ശേഷം എച്ച്പ്രൂസോയിൽ നിരവധി വാഹനങ്ങൾ സൈന്യം തടഞ്ഞതായി അറിഞ്ഞെന്നും കരേന്നി നാഷണൽ പ്രോഗ്രസീവ് പാർട്ടി അംഗം പറഞ്ഞു. ശനിയാഴ്ച സംഭവസ്ഥലത്തെത്തിയപ്പോള്‍ രണ്ട് ട്രക്കുകള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പ്രദേശത്ത് നിന്ന് 27 മൃതദേഹങ്ങള്‍ എണ്ണാന്‍ പറ്റി. ബാക്കിയുള്ളവ ഏതാണ്ട് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ കൃത്യമായ മരണസംഖ്യ എത്രയെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം എഎഫ്‌പി ഏജൻസിയോട് പറഞ്ഞു. സംഭവ സ്ഥലത്ത് ഏതാണ്ട് ഏഴോളം വാഹനങ്ങള്‍ പലയിടത്തായി കത്തിച്ച നിലയിലായിരുന്നു. എല്ലാ വാഹനങ്ങളിലും മൃതദേഹങ്ങളുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളും മെഡിക്കൽ സാമഗ്രികളും ഭക്ഷണവും കണ്ടെടുത്തതായും എപിയോട് സംസാരിച്ച സാക്ഷി പറഞ്ഞു. 'തീയിട്ടതിന് മുമ്പ് മൃതദേഹങ്ങൾ കയറുകൊണ്ട് കെട്ടിയിരുന്നു. ' സാക്ഷി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കുട്ടികളുൾപ്പെടെ 10 മോ സോ ഗ്രാമവാസികളെ സൈന്യം അറസ്റ്റ് ചെയ്തതായും അവരുടെ മോചനത്തിനായി സൈന്യവുമായി ചർച്ചയ്ക്ക് പോയ പ്രാദേശിക അർദ്ധസൈനിക ബോർഡർ ഗാർഡ് സേനയിലെ നാല് അംഗങ്ങളെ അറസ്റ്റ് ചെയ്തതായും മ്യാൻമറിലെ സ്വതന്ത്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തയ്യാറെടുക്കുന്നതിനിടെ മോ സോയ്ക്ക് സമീപം സൈനിക സേന എത്തിയതോടെ ഗ്രാമവാസികളും സർക്കാർ വിരുദ്ധ മിലീഷ്യ ഗ്രൂപ്പുകളും മൃതദേഹങ്ങൾ ഉപേക്ഷിച്ച് പോയതായി സാക്ഷി പറഞ്ഞു. അതിനിടെ കഴിഞ്ഞ ഡിസംബര്‍ 7 ന് നടന്ന മറ്റൊരു അക്രമത്തിന്‍റെ വീഡിയോയും പ്രചരിപ്പിക്കപ്പെട്ടു. അതില്‍ ഒരു കുടിലിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ 11 മൃതദേഹങ്ങള്‍ കെട്ടിയിട്ട് കത്തിച്ച നിലയിലുണ്ടായിരുന്നു.
അക്രമം സ്ഥിരമായതോടെ മ്യാന്മാരില്‍ നിന്ന് ആളുകള്‍ തായ്‍ലന്‍റ് അതിര്‍ത്തിയിലുള്ള ലേ കേ കാവ് ( Lay Kay Kaw) എന്ന ചെറുപട്ടണത്തിലേക്ക് പലായനം തുടങ്ങി. വംശീയ കാരെൻ ഗറില്ലകളുടെ നിയന്ത്രണത്തിലുള്ള പട്ടണമാണിത്. ഇതോടെ ലേ കേ കാവ് പട്ടണത്തില്‍ സൈന്യം കനത്ത വ്യോമാക്രമണം നടത്തി.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് യുഎസ് എംബസി ഉൾപ്പെടെ ഒന്നിലധികം പാശ്ചാത്യ സർക്കാരുകൾ മ്യാന്മാര്‍ ഭരണകൂടത്തിനെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇതിനിടെ മ്യാന്മാറിലെ സൈനീക അട്ടിമറിക്ക് ശേഷം സൈന്യം നടത്തിയ നരനായാട്ടില്‍ ഇതുവരെയായി 1375 പേര്‍ കൊല്ലപ്പെട്ടതായും 8,000 പേർ അറസ്റ്റ് ചെയ്യപ്പെട്ടതായും രാഷ്ട്രീയ തടവുകാരുടെ അസിസ്റ്റൻസ് അസോസിയേഷന്‍റെ കണക്കുകള്‍ കാണിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam