ഇതെന്തതിശയം ; യുട്ടയിലും റൊമാനിയയിലും അപ്രത്യക്ഷമായപ്പോള്‍ കാലിഫോര്‍ണിയയില്‍ പ്രത്യക്ഷപ്പെട്ട് 'ലോഹത്തൂണ്‍'
First Published Dec 3, 2020, 2:41 PM IST
കഴിഞ്ഞ നവംബര്‍ 18 നാണ് ആദ്യമായി അമേരിക്കയിലെ യുട്ടാ മരുഭൂമിയില്‍ 9 അടിയുള്ള ഒരു ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടത്. ലോഹത്തൂണിനെ കുറിച്ച് പ്രാദേശിക അധികാരികള്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും എവിടെയാണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ സാഹസീകരായ സഞ്ചാരികള്‍ ലോഹത്തൂണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലോഹത്തൂണ്‍ വന്നത് പോലെ അപ്രത്യക്ഷമായി. തുടര്‍ന്ന് സമാനമായൊരു തൂണ്‍ റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നു. ഇതും രണ്ട് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയുടെ പൈൻ പർവതത്തിന്‍റെ മുകളില്‍ വീണ്ടും ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടു. എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ എന്ന് മാത്രം ആര്‍ക്കും നിശ്ചയമില്ല.

കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയിലെ പര്‍വ്വതത്തില്‍ കണ്ടെത്തിയ ലോഹത്തൂണിന് യുട്ടയില്‍ കണ്ട തൂണിന് സമാനമായി മൂന്ന് വശങ്ങളാണ് ഉള്ളത്. ഏതാണ്ട് 10 അടി ഉയരവും 18 ഇഞ്ച് വീതിയും ഉണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് അറ്റാസ്കാഡെറോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

യൂട്ടായിലെ തൂണില്‍ നിന്ന് വ്യത്യസ്തമായി അറ്റാസ്കാഡെറോയിലെ തൂണ്‍ നിലത്ത് ഉറപ്പിച്ചിട്ടില്ല. മാത്രമല്ല ഒന്ന് തട്ടിയാല്‍ ചിലപ്പോള്‍ താഴേക്ക് മറിഞ്ഞ് വീഴാമെന്ന അവസ്ഥയിലാണ്. ഇതിന് ഏകദേശം 200 പൗണ്ട് ഭാരമുണ്ടാകുമെന്ന് കരുതുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാകാം ഒറ്റ തൂണ്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കരുതുന്നു.
Post your Comments