യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേര്‍ക്ക് റഷ്യന്‍ ഷെല്ലാക്രമണം; ആശങ്ക
കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആറാം മാസത്തിലേക്ക് കടന്നിട്ടും എടുത്ത് പറയത്തക്ക വിജയമൊന്നും ലോകത്തിലെ സൈനിക ശക്തിയില്‍ രണ്ടാമതുള്ള റഷ്യയ്ക്ക് നേടാനായിട്ടില്ല. 2014 ലെ ക്രിമിയന്‍ യുദ്ധാനന്തരം യുക്രൈന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തി പ്രാപിച്ച റഷ്യന്‍ വിമത പ്രദേശങ്ങള്‍ ബോംബാക്രമണത്തില്‍ നിശേഷം തകര്‍ക്കാന്‍ മാത്രമാണ് റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം യുക്രൈന്‍ സൈന്യവും യുക്രൈന് വേണ്ടി പോരാടുന്ന കൂലിപ്പട്ടാളത്തോടും ഒപ്പം ജനങ്ങളും ഗറില്ലാ യുദ്ധമുഖത്താണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഫെബ്രുവരിയിലെ ആദ്യ മുന്നേറ്റക്കാലത്ത് തന്നെ റഷ്യന്‍ സൈന്യം കീഴടക്കിയ ഡിനിപ്രോ നദി തീരത്തെ സപ്പോരിജിയ ആണവ നിലയത്തിലേക്ക് റഷ്യന്‍ സൈന്യം വീണ്ടും ഷെല്ലാക്രമണം നടത്തിയതായി യുക്രൈന്‍ ആരോപിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നാണ് ഇത്. ആണവനിലയം യുദ്ധ മുഖത്താണ് നില്‍ക്കുന്നതെന്നും ഇരുരാഷ്ട്രങ്ങളും ആണവനിലയത്തിന് നേര്‍ക്കുള്ള ഭീഷണി ഒഴിവാക്കണമെന്നും നേരത്തെ യുഎന്‍ ആണവ ഏജന്‍സി മേധാവി റാഫേൽ ഗ്രോസി ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് റഷ്യന്‍ ഷെല്ലുകള്‍ ആണവനിലയത്തില്‍ പതിച്ചത്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ കഴിഞ്ഞ ദിവസം രാത്രിയില്‍ റഷ്യ വീണ്ടും ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യയുയര്‍ത്തുന്ന 'ആണവ ഭീകരത'യ്ക്ക് പുതിയ അന്താരാഷ്ട്ര ഉപരോധം കൊണ്ട് വരണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒരു യുക്രൈന്‍ ജീവനക്കാരന് പരിക്കേറ്റു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ഫെബ്രുവരി 24-ലെ അധിനിവേശത്തിന്‍റെ ആഴ്ചയില്‍ തന്നെ സപ്പോരിജിയ ആണവ പ്ലാന്‍റിന്‍റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തിരുന്നു. അന്ന് റഷ്യന്‍ സൈന്യം ആണവനിലയത്തിന്‍റെ കാര്‍പോര്‍ച്ചിലേക്ക് നിരവധി മിസൈലുകള്‍ തൊടുത്തിരുന്നു. തുടര്‍ന്ന് പ്ലാന്‍റിന്‍റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തെങ്കിലും യുക്രൈന്‍ സാങ്കേതിക വിദഗ്ദരാണ് ആണവ നിലയം ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നത്.
സപ്പോരിജിയ ആണവ നിലയത്തിനും എനെർഹോദർ പട്ടണത്തിനും നേരെ റഷ്യൻ സൈന്യം വീണ്ടും ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് മൂലം പ്ലാന്‍റിലെ മൂന്ന് റേഡിയേഷൻ സെൻസറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്ന യുക്രൈന്‍ സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കമ്പനിയായ എനർഹോ ടോം പറഞ്ഞു.
ആക്രമണത്തിനിരയായ പ്ലാന്‍റിന്‍റെ ഡ്രൈ സ്റ്റോറേജ് ഫെസിലിറ്റിയിലെ ഓപ്പൺ എയറിൽ ആണവ ഇന്ധനവുമായി 174 കണ്ടെയ്‌നറുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് റേഡിയേഷൻ സാഹചര്യം വഷളായിട്ടുണ്ടോയെന്നോ അല്ലെങ്കില്‍ ചെലവഴിച്ച ആണവ ഇന്ധനത്തിന്‍റെ കണ്ടെയ്‌നറുകളിൽ നിന്നുള്ള വികിരണം ചോര്‍ന്നതായോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും യുക്രൈന്‍ പറഞ്ഞു.
'റഷ്യൻ ആണവ ഭീകരതയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ പ്രതികരണം ആവശ്യമാണെന്നും റഷ്യൻ ആണവ വ്യവസായത്തിനും ആണവ ഇന്ധനത്തിനും മേൽ ഉപരോധം ഏര്‍പ്പെടുത്തണമെന്നും യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി ട്വിറ്ററിൽ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളല്ല മിസൈല്‍ ആക്രമണം നടത്തിയതെന്നും മറിച്ച് യുക്രൈന്‍ സൈന്യം 'ഉറഗാൻ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിൽ നിന്ന് തൊടുത്ത ഒരു ക്ലസ്റ്റർ ബോംബ് ഉപയോഗിച്ച് ഒരു ആക്രമണം നടത്തുകയായിരുന്നെന്നും റഷ്യയും ആരോപിച്ചു.
നിലവില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ആണവ റിയാക്ടറിന്‍റെ 400 മീറ്ററിനുള്ളിലാണ് പ്രൊജക്‌ടൈലുകൾ വീണതെന്ന് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ആക്രമണം ചില അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും 'ഉപയോഗിച്ച ആണവ ഇന്ധനം സംഭരിക്കുന്ന ഒരു സോണിൽ' അത് വീഴുകയും ചെയ്തതായും റഷ്യന്‍ സൈന്യം അറിയിച്ചു. ആക്രമണം നടത്തിയത് യുക്രൈന്‍ സൈന്യമാണെന്നാണ് റഷ്യയുടെ വാദം.
നേരത്തെ പ്ലാന്‍റിന് നേര്‍ക്കുണ്ടായ ആക്രമണത്തെ തുടര്‍ന്ന് 'ഒരു ആണവ ദുരന്തത്തിന്‍റെ യഥാർത്ഥ അപകടസാധ്യത'യെക്കുറിച്ച് യുഎൻ ആണവ നിരീക്ഷണ ഏജൻസിയായ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ തുടര്‍ന്ന് ആണവനിലയത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചെന്നും അതിന്‍റെ റിയാക്ടറുകള്‍ അടച്ച് പൂട്ടാന്‍ നിര്‍ബന്ധിതരായെന്നും യുക്രൈന്‍റെ സാങ്കേതിക വിഭാഗവും അറിയിച്ചു.
അതോടൊപ്പം യുദ്ധത്തിനിടെ ഭീമാകാരമായ ആണവ കെട്ടിട സമുച്ചയത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതാ മുന്നറിയിപ്പും അവര്‍ നൽകി. പെട്ടെന്നുള്ള വിജയത്തിന് വേണ്ടി ആണവനിലയത്തെ ആക്രമിച്ചാല്‍ അത് തീക്കളിയായി മാറുമെന്ന് ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേൽ ഗ്രോസിപറഞ്ഞു.
അതിനിടെ ലോക ഭക്ഷ്യക്ഷാമത്തിന് ആശ്വാസമായി യുക്രൈന്‍ തുറമുഖങ്ങളില്‍ നിന്ന് ധാന്യം നിറച്ച നാല് കപ്പലുകള്‍ കൂടി ഇന്നലെ പുറപ്പെട്ടു. യുക്രൈന്‍ വിതരണ ശൃംഖലയില്‍ നിന്ന് പുറപ്പെടുന്ന രണ്ടാമത്തെ വാഹനവ്യൂഹമാണിത്. ചൊര്‍ണോമോര്‍സ്കില്‍ നിന്ന് മൂന്നും ഓഡേസയില്‍ നിന്ന് ഒന്നും കപ്പലുകളാണ് പുറപ്പെട്ടതെന്ന് യുക്രൈന്‍ അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.
മുസ്തഫ നെക്കാറ്റി, സ്റ്റാർ ഹെലീന, ഗ്ലോറി, റിവ വിൻഡ് എന്നീ കപ്പലുകളിലായി 'ഏകദേശം 1,70,000 ടൺ കാർഷിക അനുബന്ധ ചരക്കുകൾ' കൊണ്ടുപോയെന്നും അറിയിപ്പില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ കയറ്റുമതിക്കാരിൽ ഒന്നായ യുക്രൈന്‍, റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് എല്ലാത്തരം കയറ്റുമതിയും നിര്‍ത്തി വച്ചിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ധാന്യക്കയറ്റുമതി രംഗത്തേക്ക് യുക്രൈന്‍ കപ്പലുകള്‍ കടക്കുന്നത്.