സൈനിക വിമാനം തകർന്ന് 26 പേര് കത്തിഅമര്‍ന്നു; ഒരാള്‍ മാത്രം കമ്പ്യൂട്ടര്‍ ഗെയിമിലെന്ന പോലെ രക്ഷപ്പെട്ടു
കീവ്: യുക്രെയിനിൽ സൈനിക വിമാനം തകർന്ന് സൈനിക കേഡറ്റുകൾ ഉൾപ്പെടെ 26 പേർ മരിച്ചത് ശനിയാഴ്ചയാണ്. യുക്രെയിനിലെ ഖാർകിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50നായിരുന്നു സംഭവം. ചുഹൂവ് സൈനിക വ്യോമതാവളത്തിൽ പറന്നുയർന്ന അന്റനോവ് -26 വിമാനമാണ് തകർന്നത്. 21 കേഡറ്റുകളും 6 ജീവനക്കാരും ഉൾപ്പെടെ 27 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഒറ്റരാള് മാത്രമാണ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ടത് സൈനിക കേഡറ്റായ വ്യാചല്സാവ് സോളോചെവന്‍സ്കി. ഇരുപത് വയസാണ് ഇദ്ദേഹത്തിന്. തന്റെ കൂട്ടുകാര്‍ ഒരു അഗ്നിഗോളത്തില്‍ പെട്ടതുപോലെ കത്തിഅമരുമ്പോള് താന്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് വിശദീകരിക്കുകയാണ് ഇയാള്‍.
വിമാനം അടിയന്തര ലാന്റിംഗിന് വേണ്ടി അനുമതി തേടി സെക്കന്റുകള്‍ക്കുള്ളിലാണ് എഞ്ചിന് തകാരാര്‍ മൂലം വിമാനം കത്തി നിലം പതിച്ചത്.ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന വ്യാചല്സാവ് സോളോചെവന്സ്കിയെ സൈന്യത്തിലെ ഉന്നതരും ഗവര്‍ണറും സന്ദര്‍ശിച്ചു.തന്റെ രക്ഷപ്പെടല്‍ ഒരു കമ്പ്യൂട്ടര്‍ ഗെയിമിലെ പോലെയാണ് തോന്നിയത് എന്നാണ് ഇപ്പോള്‍ സോളോചെവന്‍സ്കി വിശേഷിപ്പിക്കുന്നത്.
വിമാനത്തില്‍ തീപിടിച്ച് നിലം തൊട്ടപ്പോള്‍, വിമാനത്തിന്റെ ബോഡിയില്‍ ഒരു വിള്ളല്‍ ഉണ്ടായി. അതിലൂടെ സോളോചെവന്‍സ്കി പുറത്തേക്ക് എടുത്തു ചാടിയാണ് രക്ഷപ്പെട്ടത്.
നിലത്ത് കാലുകുത്തി ഒന്ന് ഉയര്‍ന്ന് നില്ക്കുമ്പോള് മീറ്ററുകള്‍ക്ക് അപ്പുറം വിമാനം പൊട്ടിത്തെറിച്ച് തന്റെ കൂട്ടുകാര്‍ കത്തിയെരിയുന്നതാണ് ഈ കേഡറ്റ് കണ്ടത്.
സ്ഥലത്ത് ഓടിയെത്തിയ സോളോചെവന്‍സ്കി ഒരു സുഹൃത്തിനെ തീയില്‍ നിന്നും വലിച്ച് പുറത്തിട്ടു, ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. പിന്നീടുള്ള കാര്യങ്ങള്‍ ഇയാള്‍ക്ക് ഓര്‍ക്കാന്‍ സാധിച്ചില്ല, അപ്പോള്‍ തന്നെ ഇയാള്‍ക്ക് ബോധം നഷ്ടമായിരുന്നു.