“സ്വാതന്ത്ര്യം തരൂ അല്ലെങ്കിൽ, മരണം തരൂ”; ലോക്ഡൗണിനെതിരെ പ്രതിഷേധം

First Published Apr 23, 2020, 12:57 PM IST

ചില സംസ്ഥാനങ്ങളിൽ അണുബാധയുടെ തോത് കുറയുന്നുവെന്നതിന്‍റെ സൂചനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും യുഎസിൽ ഇതുവരെയായി  8,49,092 പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. 47,681 പേരുടെ  മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എങ്കിലും പല സംസ്ഥാനങ്ങളിലും രോഗവ്യാപനനിരക്കില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെ പലരും  പാർക്കുകൾ, ബീച്ചുകൾ, ചെറുകിട ബിസിനസുകൾ എന്നിവിടങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങി. എന്നാൽ യു‌എസിന്‍റെ ഭൂരിഭാഗം പ്രദേശവും ഏതെങ്കിലും തരത്തിലുള്ള ലോക്ഡൗണിന് കീഴിലാണ്.

ആഴ്ചകള്‍ നീണ്ട ലോക്ഡൗണ്‍ അമേരിക്കയിലെ ഭൂരിപക്ഷത്തിന്‍റെയും ജോലി ഇല്ലാതാക്കി. ഇതോടെ ഭൂരിപക്ഷവും ദാരിദ്രത്തിലേക്ക് കടന്നു. സ്വാഭാവികമായും ജനങ്ങള്‍ ലോക്ഡൗണ്‍ മാറ്റണമെന്നാവശ്യപ്പെട്ട് തെരുവുകളിലിറങ്ങി. മനുഷ്യന്‍റെ സഞ്ചാരത്തെയും വ്യാപാരത്തെയും തടസപ്പെടുത്തുന്ന പൗരസ്വാതന്ത്രത്തിന് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്ന നിയമങ്ങള്‍ എടുത്തുകളയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.