ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ റാലി; തടഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍

First Published Apr 20, 2020, 3:57 PM IST

നീണ്ട ലോക്ഡൌണ്‍ നഷ്ടപ്പെടുത്തിയ ജോലിയും വരുമാനവും മൂലം അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്ത് പലരും അസ്വസ്ഥരായിരുന്നു. അതിനിടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്കും രോഗികളുടെ എണ്ണവും ക്രമീതീതമായി ഉയര്‍ന്നു. ഇതോടെ സര്‍ക്കാറിന് ലോക്ഡൌണ്‍ സമയം നീട്ടേണ്ടിവന്നു. പക്ഷേ, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ ജനങ്ങള്‍ തെരുവിലേക്കിറങ്ങി. 'ലോക്ഡൌണ്‍ അവസാനിപ്പിക്കുക', 'വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് ലോക്ഡൌണ്‍', 'നിങ്ങളുടെ ഭയമല്ല എന്‍റെ സ്വാതന്ത്രം നിശ്ചയിക്കേണ്ടത്' എന്നെഴുതിയ പ്ലേക്കാര്‍ഡുകളും അവരുടെ കൈകളിലുണ്ടായിരുന്നു. 

 

സംസ്ഥാന തലസ്ഥാനത്തേക്ക് ഇന്നലെ റാലിക്കായെത്തിയത് നൂറുകണക്കിന് പേരാണ്. കാറിലും കുതിരപ്പുറത്തുമായാണ് പലരും റാലിക്കെത്തിയത്. എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ക്ക് മുന്നില്‍ കയറി നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ റാലി തടഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ലോക്ഡൗണിനെതിരെ റാലി സംഘടിപ്പിക്കാന്‍ ആഹ്വാനം ഉണ്ടായത്.  കൊവിഡ് 19 ന്‍റെ പേരില്‍ സര്‍ക്കാര്‍ ഒരു സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്ന് റാലിക്കെത്തിയവര്‍ ആരോപിച്ചു. തലസ്ഥാനത്തേക്ക് റാലിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിതുടങ്ങിയതോടെ ആരോഗ്യപ്രവര്‍ത്തകര്‍ റോഡിലേക്കിറങ്ങി. സമരക്കാരുടെ വാഹനങ്ങള്‍ക്ക് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.