ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം; മിനിയോപോളിസ് നഗരത്തില്‍ കലാപം

First Published May 29, 2020, 10:59 AM IST

അമേരിക്കന്‍ സംസ്ഥാനമായ മിനിയോപോളിസില്‍ കലാപം. മിനിയോപോളിസ് പൊലീസ് കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നടത്തുന്ന നരനായാട്ടിനെ തുടര്‍ന്നാണ് മിനിയോപോളിസില്‍ കലാപം പൊട്ടിപുറപ്പെട്ടത്. അമേരിക്കയില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നടത്തുന്ന വംശവെറിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജോര്‍ജ് ഫ്ലോയ്ഡ് എന്ന നാല്‍പ്പതുകാരന്‍റെ മരണം. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കി എന്നാരോപിച്ച്  മിനിയോപോളിസ് പൊലീസ് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി അഞ്ച് മിനിറ്റോളം നിന്നെന്നാണ് ദൃക്സാക്ഷി വിവരണം. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മിനിയോപോളിസ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. 

 

''നിങ്ങളുടെ കാല്‍മുട്ട് എന്‍റെ കഴുത്തിലാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ.'' എന്ന് പൊലീസിന്‍റെ കാല്‍മുട്ട് കഴുത്തിലമരുമ്പോഴും ജോര്‍ജ് ഫ്ലോയ്ഡ് കരഞ്ഞു പറഞ്ഞു. എന്നാല്‍, മിനിയോപോളിസ് പൊലീസ് ജോര്‍ജ് ഫ്ലോയ്ഡ് സ്വതന്ത്രനാക്കാനോ കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ അനുവദിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് അവശനിലയിലായ ജോര്‍ജ് ഫ്ലോയ്ഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം അവിടെ വച്ച് മരിച്ചു. സംഭവം വിവാദമായതോടെ  മിനിയോപോളിസ് പൊലീസിനെതിരെ സംസ്ഥാന മേയര്‍ ജേക്കബ് ഫെറി തന്നെ രംഗത്തെത്തി. '' ഏത് തരത്തില്‍ നോക്കിയാലും ഈ സംഭവം തെറ്റാണ്. ഒരു കറുത്തവര്‍ഗ്ഗക്കാരന്‍റെ കഴുത്തില്‍ മുട്ട് അമര്‍ത്തുന്ന വെള്ളക്കാരനെയാണ് അഞ്ച് മിനുട്ട് നമ്മള്‍ കണ്ടത്. '' മേയര്‍ ജേക്കബ് ഫെറി പറഞ്ഞു. ''അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനാകുക എന്നത് വധശിക്ഷ ലഭിക്കേണ്ട ഒന്നല്ല'' എന്നായിരുന്നു സിവില്‍ റൈറ്റ്സ് അറ്റോണി ബെന്‍ ക്രംപ് പറഞ്ഞത്. അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരും കറുത്ത വര്‍ഗ്ഗക്കാരും തമ്മില്‍ നൂറ്റാണ്ടുകളുടെ വംശവെറി നിലനില്‍ക്കുന്ന രാജ്യമാണ്.