പാരീസിനും ലണ്ടനും പുറകെ കറാച്ചിയും; മോഷ്ടാക്കളെ നേരിടാന്‍ റോളർ - ബ്ലേഡ് സായുധ പൊലീസ് സംഘം
ലോകത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചി. മോഷ്ടാക്കളുടെ എണ്ണം പെരുകിയതോടെ ഇവരെ നിയന്ത്രിക്കാനുള്ള അവസാന അടവുമായി രംഗത്തെത്തിയിരിക്കുകയാണ് കറാച്ചി പൊലീസ്. റോളർബ്ലേഡിംഗ് യൂണിറ്റ് എന്ന പേരിലറിയപ്പെടുന്ന പുതിയ പൊലീസ് സംഘം കുറ്റവാളികള്‍ക്ക് പിന്നാലെ കുതിക്കും. ഈ പൊലീസ് സംഘത്തിന് ഗ്ലോക്ക് പിസ്റ്റളുകൾ ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ഇരുപത് പേരുടെ ഒരു സംഘത്തെയാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലിപ്പിച്ചിരിക്കുന്നത്.
'തെരുവ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് നൂതനമായ ഒരു സമീപനം കൊണ്ടുവരേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. ഇതിനിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്ക്കരണമെന്ന്,' യൂണിറ്റ് മേധാവി ഫാറൂഖ് അലി പറഞ്ഞു.രണ്ട് കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കറാച്ചി തെരുവുകളിലൂടെ കുറ്റകൃത്യത്തിന് ശേഷം മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെടുന്ന മോഷ്ടാക്കളെ എളുപ്പത്തിൽ പിന്തുടരാന്‍ റോളർ ബ്ലേഡ് യൂണിറ്റിലെ ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. ( കൂടുതല്‍ വാര്‍ത്തും ചിത്രങ്ങളും കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
എന്നാല്‍, കറാച്ചി തെരുവുകളിലെ റോഡിന്‍റെ മോശം അവസ്ഥയും തകര്‍ന്ന ഫുട്‍പാത്തുകളും കാരണം കറാച്ചിയുടെ പല ഭാഗങ്ങളിലും റോളർ ബ്ലേഡിംഗ് പൊലീസിനെ വിന്യസിക്കാൻ കഴിയില്ലെന്ന് അലി സമ്മതിച്ചെങ്കിലും മോഷണവും ഉപദ്രവവും കൂടുതലുള്ള പൊതു സ്ഥലങ്ങളില്‍ ഇവരുടെ സഹായം ലഭ്യമാക്കുമെന്നും പറഞ്ഞു.
'ഇത് ഒരു തുടക്കം മാത്രമാണ്,' യൂണിറ്റിലെ വനിതാ പൊലീസ് അനീല അസ്ലം പറഞ്ഞു. ഈ റോളർ ബ്ലേഡിംഗ് ഞങ്ങൾക്ക് ശരിക്കും ഗുണം ചെയ്യും. കഠിനമായ പരിശീലനത്തിലൂടെ, ഇടുങ്ങിയ ഇടങ്ങളിൽ പോലും വളരെ വേഗത്തിൽ എത്തിച്ചേരാനാകും.' അനീല അസ്ലം പറഞ്ഞു.
ഒരു മാസത്തെ തീവ്രമായ റോളർ ബ്ലേഡ് പരിശീലനത്തിന് ശേഷം നഗരത്തിലെ ഇടുങ്ങിയ തെരുവുകളിലും തിരക്കേറിയ കവലകളിലും ഷോപ്പിംഗ് സെന്‍ററുകളിലും സ്ക്വാഡിനെ വിന്യസിക്കും. തെരുവ് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഈ പുതിയ സംഘം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക ടെലിവിഷൻ നെറ്റ്‌വർക്കുകളോട് അലി പറഞ്ഞു.
'സാധാരണ ചെയ്യാറുള്ള നടന്നുള്ള പട്രോളിംഗ് വളരെ ശ്രമകരമായ ജോലിയാണ്. എന്നാല്‍ കുറ്റവാളികളെ പിന്തുടരാനും പിടികൂടാനും റോളർ സ്കേറ്റുകൾക്ക് വളരെ വേഗം കഴിയും.' അദ്ദേഹം പറഞ്ഞു. പൊലീസ് വക്താവ് രാജ മേമൻ യൂണിറ്റിനെ പ്രശംസിച്ചു, 'തെരുവ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സേനയെ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇത് സ്കേറ്റിംഗിൽ അതിവേഗം നീങ്ങുന്ന ആയുധം പ്രയോഗിക്കുന്ന ശക്തിയായിരിക്കുമെന്നും' രാജ മേമൻ പറഞ്ഞു.
യൂറോപ്പില്‍ ഇപ്പോള്‍ തന്നെ പാരീസിനും ലണ്ടനും റോളർ ബ്ലേഡിംഗ് പൊലീസ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കറാച്ചിയിലെ റോളർ ബ്ലേഡിംഗ് പൊലീസ് സംഘം അടുത്ത മാസം ഔദ്ധ്യോഗികമായി പ്രവര്‍ത്തനം തുടങ്ങും. എന്നാൽ, അടുത്തിടെ ആ സംഘത്തെ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദിക്ക് പുറത്ത് സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നു. അതായത് ഔദ്ധ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ കറാച്ചി റോളർ ബ്ലേഡിംഗ് പൊലീസ് സംഘം വേട്ടയാരംഭിച്ചെന്ന് ചുരുക്കം.
'അവരെ രാവിലെ മുതൽ വൃത്തിയുള്ള യൂണിഫോമിൽ കാണുന്നത് ഞങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്നു, പകൽ സമയത്തും ഇവിടെ മോഷണങ്ങള്‍ ധാരാളമായി നടക്കുന്നു.' കാൽനടയാത്രക്കാരനായ മുഹമ്മദ് അസീം പറഞ്ഞു. കറാച്ചി അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ കുപ്രസിദ്ധനാണ്, തീവ്രവാദ, വിഘടനവാദി ഗ്രൂപ്പുകൾ , രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടിക ഗ്രൂപ്പുകള്‍, സംഘടിത കുറ്റവാളി സംഘങ്ങൾ എന്നിവയെ കുടാതെ ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിക്ക് ഇപ്പോഴും ശക്തമായ വേരോട്ടമുള്ള സ്ഥലം കൂടിയാണ് കറാച്ചി.
സൈനിക പിന്തുണയോടെ കറാച്ചിയിലെ കുറ്റവാളികളടെ പിടികൂടാനുള്ള ശ്രമങ്ങൾ അടുത്ത കാലത്ത് കറാച്ചിയിലെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ സാധിച്ചു. എങ്കിലും തെരുവ് കുറ്റകൃത്യങ്ങൾ ഇപ്പോഴും വ്യാപകമാണ്. ലോക കുറ്റകൃത്യ സൂചിക അനുസരിച്ച് 2015 ൽ ലോകമെമ്പാടുമുള്ള 396 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ കറാച്ചി പത്താം സ്ഥാനത്തായിരുന്നു. എന്നാൽ 2020 ആയപ്പോഴേക്കും ഇത് 103 സ്ഥാനത്തേക്ക് ഉയർന്നു.
എന്നാല്‍ പാകിസ്ഥാനിലെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയെ തോതിലുള്ള പരിഹാസമാണ് പുതിയ പൊലീസ് സംഘം നേരിടുന്നത്. കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പടിക്കെട്ടുകൾ ഉണ്ടെന്നിരിക്കെ പൊലീസുകാര്‍ എന്തു ചെയ്യുമെന്നാണ് മിക്കവരുടെയും ചോദ്യം. എന്നാൽ റോളർ ബ്ലേഡിംഗ് പൊലീസ് ലോകത്തിലെ മറ്റ് നഗരങ്ങളിൽ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പാരീസിൽ എട്ട് റോളർ-പൊലീസുകാരുടെ സംഘം 20 വർഷമായി തെരുവുകളിൽ പട്രോളിംഗ് നടത്തുന്നുണ്ട്.
ലണ്ടനിലും റോളര്‍ ബ്ലേഡിംഗ് പൊലീസ് ഓഫീസര്‍മാര്‍ വിജയകരമായി ജോലി ചെയ്യുന്നു. എന്നാല്‍ സ്കോട്ടലന്‍ഡ് യാര്‍ഡില്‍ പൊലീസിനെ കബളിപ്പിച്ച് മോഷ്ടാക്കള്‍ പുല്ലുകളിലൂടെ രക്ഷപ്പെടാന്‍ തുടങ്ങിയതോടെ പദ്ധതി ഉപേക്ഷിച്ചു. 2030 ആകുമ്പോഴേക്കും പാകിസ്ഥാനില്‍ റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്തുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി പാക്കിസ്ഥാനിലെ ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ഇതിന് കാരണമായി കണ്ടെത്തിയത് പാകിസ്ഥാന്‍ റോഡുകളിലെ കുഴികളാണ്.