Nato: 'തന്ത്രപരമായ പങ്കാളി'യില്‍ നിന്നും റഷ്യ, 'പ്രധാന ഭീഷണി'യിലേക്കെന്ന് നാറ്റോ
തങ്ങളുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് റഷ്യയെന്ന് (Russia) 30 അംഗ നാറ്റോ (Nato) സഖ്യ കക്ഷികള്‍ മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ വ്യക്തമാക്കി. അതോടൊപ്പം ചൈനയും (China) തങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ആദ്യമായി നാറ്റോ രാജ്യങ്ങള്‍ ആരോപിച്ചു. നാറ്റോയുടെ കിഴക്കൻ ഭാഗത്ത് ആദ്യമായി സ്ഥിര സാന്നിധ്യം സ്ഥാപിക്കുന്നതുൾപ്പെടെ യൂറോപ്പിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളും യുഎസ് എത്തിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ഇതോടെ യുക്രൈന്‍ യുദ്ധത്തിന് പുതിയ മാനങ്ങള്‍ കൈവരികയാണെന്ന് അന്താരാഷ്ട്രാ യുദ്ധവിദഗ്ദരും നിരീക്ഷിക്കുന്നു. അതോടൊപ്പം ചൈനയോടുള്ള നിലപാട് കടുപ്പിക്കാനും നാറ്റോ സഖ്യം തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നാറ്റോ തുറന്ന് പ്രഖ്യാപിച്ചതോടെ വീണ്ടുമൊരു യുദ്ധം മുഖം തുറക്കുമോ എന്ന ആശങ്കയിലാണ്, യൂറോപ്പ്.
Vladimir Putin
നാറ്റോ സഖ്യത്തില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്‍റെയും സ്വീഡന്‍റെയും താത്പര്യത്തിന് എതിര്‍പ്പ് അറിയിച്ചിരുന്ന തുര്‍ക്കി, തങ്ങളുടെ ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കും നാറ്റോയില്‍ അംഗത്വം നല്‍കാമെന്ന് സമ്മതിച്ചു. ഇതോടെ 30 അംഗ രാജ്യങ്ങളുടെ ഐക്യകണ്ഠമായ തീരുമാനത്തോടെ താമസിക്കാതെ ഫിന്‍ലന്‍ഡിന്‍റെയും സ്വീഡന്‍റെയും നാറ്റോ സഖ്യ രാജ്യങ്ങളാകും.
joe biden
നാറ്റോ സാന്നിധ്യം ഒഴിവാക്കി കരിങ്കടലില്‍ ആധിപത്യമുറപ്പിക്കാനായി കിഴക്കന്‍ യുക്രൈനില്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് റഷ്യ യുദ്ധം തുടരുമ്പോള്‍ പടിഞ്ഞാറ് ബാള്‍ട്ടിക് കടലില്‍ റഷ്യയ്ക്ക് ആധിപത്യം നഷ്ടമായി. ബാള്‍ട്ടിക്ക് തീരത്തെ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, പോളണ്ട്, ലിത്വാനിയ, ലിത്വിയ, എസ്റ്റോണിയ എന്നിവയ്ക്കൊപ്പം അടുത്ത് തന്നെ ഫിന്‍ലന്‍ഡും സ്വിഡനും നാറ്റോ സഖ്യരാജ്യങ്ങളാകും.
ഇതോടെ സെന്‍റ്പീറ്റേഴ്സ്ബര്‍ഗ് തീരത്തെ കടലിലെ ആധിപത്യവും റഷ്യയ്ക്ക് നഷ്ടമാകും. ബാള്‍ട്ടിക്ക് കടലില്‍ നാറ്റോ സേനയുടെ സാന്നിധ്യം പതിന്‍മടങ്ങ് വര്‍ദ്ധിക്കും. പ്രസിഡന്‍റ് ജോ ബൈഡൻ യൂറോപിലെ നാറ്റോ സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. നാറ്റോയുടെ കിഴക്കൻ ഭാഗത്ത് ആദ്യമായി സ്ഥിര സാന്നിധ്യം സ്ഥാപിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധാനന്തരം രൂപം കൊണ്ട രണ്ട് ശക്തിക ചേരികളിലൊന്നായിരുന്നു യുഎസ് നിയന്ത്രണത്തിലുള്ള നാറ്റോ, രണ്ടാമത്തേത് യുഎസ്എസ്ആറിന്‍റെ നിയന്ത്രണത്തിലുള്ള സഖ്യവുമായിരുന്നു. പിന്നടങ്ങോട്ട് ശീതയുദ്ധം സജീവമായെങ്കിലും യുഎസ്എസ്ആറിന്‍റെ പതനത്തോടെ അതിനും അവസാനമായി.
എന്നാല്‍, റഷ്യയുടെ ഏകാധിപതിയായി വ്ളാഡിമിർ പുടിൻ ശക്തിപ്രാപിച്ചതോടെ പഴയ സാമ്രാജ്യത്തിന്‍റെ വീണ്ടെടുപ്പ് എന്ന ആശയം റഷ്യയില്‍ വീണ്ടും സജീവമായി. ഒരു കാരണം നോക്കിയിരുന്ന പുടിന്‍റെ മുന്നിലേക്കാണ് നാറ്റോ സഖ്യം എന്ന ആവശ്യം യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി ഉന്നയിക്കുന്നത്. ഇതോടെ യുക്രൈന് നേരെ 'പട്ടാള നീക്കത്തിന്' പുടിന്‍ ഉത്തരവിട്ടുകയായിരുന്നു.
Magdalena Andersson
പന്ത്രണ്ട് വർഷം മുമ്പ്, നാറ്റോയുടെ 'തന്ത്രപരമായ ആശയം' ചൈനയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാല്‍, റഷ്യയെ 'തന്ത്രപരമായ പങ്കാളി' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കാലം മാറിയെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് മാഡ്രിഡിൽ പറഞ്ഞത്. 'അന്താരാഷ്ട്ര സന്തുലിതാവസ്ഥ മാറുകയാണ്, തന്ത്രപരമായ മത്സരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,' പുതിയ അന്താരാഷ്ട്രാ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച് അദ്ദേഹം പറഞ്ഞു.
Xi Jinping
'ചൈന നമ്മുടെ മൂല്യങ്ങൾ പങ്കിടുന്നില്ല. കൂടാതെ, റഷ്യയെപ്പോലെ, അത് ദേശീയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. അതുകൊണ്ട് നമ്മൾ ഒരുമിച്ച് നിൽക്കണം.' നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് ആവര്‍ത്തിച്ചു. റഷ്യ-ചൈന ശാക്തിക ചേരിയെ ആദ്യമായിട്ടാണ് നാറ്റോ സഖ്യം പരസ്യമായി കുറ്റപ്പെടുത്തുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഞങ്ങൾ അഭിമുഖീകരിച്ച ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയുടെ മധ്യത്തിലാണ് നാറ്റോ സഖ്യം കൂടിക്കാഴ്ച നടത്തുന്നതെന്ന് സ്റ്റോൾട്ടൻബർഗ് ഊന്നിപ്പറഞ്ഞു. ഭൂരിഭാഗം ശ്രദ്ധയും യുക്രൈനിലും റഷ്യയിലുമായിരുന്നു. എന്നാൽ, നാറ്റോയുടെ ചൈനയെക്കുറിച്ചുള്ള വെളിപ്പെടുത്തലോടെ റഷ്യ - ചൈന സഖ്യത്തിലെ ആശങ്കകള്‍ ആദ്യമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പങ്കിട്ടു.
'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ആഴമേറിയ തന്ത്രപരമായ പങ്കാളിത്തവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം കുറയ്ക്കാനുള്ള അവരുടെ പരസ്പര ദൃഢമായ ശ്രമങ്ങളും ഞങ്ങളുടെ മൂല്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും എതിരാണ്,' നാറ്റോ വ്യക്തമാക്കുന്നു.
Boris Johnson
റഷ്യയുടെ യുക്രൈന്‍ യുദ്ധം സമാധാനം തകർക്കുകയും നമ്മുടെ സുരക്ഷാ അന്തരീക്ഷത്തെ ഗുരുതരമായി മാറ്റുകയും ചെയ്തെന്ന് നാറ്റോ ആരോപിക്കുന്നു. മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പുടിന്‍റെ ഉയര്‍ന്നുവരുന്ന ഭീഷണിയ്‌ക്കെതിരെ യൂറോപ്പിൽ യുഎസ് സേനയെ ശക്തിപ്പെടുത്തുമെന്നും യുകെയിലേക്ക് രണ്ട് എഫ് -35 സ്ക്വാഡ്രണുകളും രണ്ട് ഡിസ്ട്രോയറുകള്‍ സ്‌പെയിനിലേക്കും അയക്കുമെന്ന് അറിയിച്ചു.
അതോടൊപ്പം റഷ്യയെ പ്രകോപിപ്പിക്കുമെന്ന് യുദ്ധനിരീക്ഷകര്‍ കരുതുന്ന മറ്റൊരു തീരുമാനവും ബൈഡന്‍ പ്രഖ്യാപിച്ചു. യുറോപ്പില്‍ ഒരു സ്ഥിരം സൈനിക സാന്നിധ്യം, പോളണ്ടില്‍. 'നാറ്റോ ശക്തവും ഐക്യവുമാണ്, ഈ ഉച്ചകോടിയിൽ ഞങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഞങ്ങളുടെ കൂട്ടായ ശക്തി കൂടുതൽ വർദ്ധിപ്പിക്കും.' ബൈഡന്‍ പറഞ്ഞു.
Olaf Scholz
'അതിനായി, യൂറോപ്പിലെ നാറ്റോ സേനാനില വർദ്ധിപ്പിക്കുകയും മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷത്തോട് പ്രതികരിക്കുകയും ഒപ്പം കൂട്ടായ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. യൂറോപ്പിലേക്ക് ഇതിനകം 20,000 സൈനികരെ യുഎസ് അധികമായി വിന്യസിച്ച് കഴിഞ്ഞു. മൊത്തം 1,00,000 നാറ്റോ സൈനികരാണ് ഇപ്പോള്‍ യൂറോപിലെമ്പാടുമായി ഉള്ളത്.
യുകെ, സ്പെയിന്‍ എന്നിവയ്ക്ക് പുറമെ ജർമ്മനിയ്ക്കും ഇറ്റലിക്കും കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങളും നാറ്റോ നല്‍കും. പോളണ്ടില്‍ സ്ഥിരം സൈനിക സാന്നിധ്യത്തിന് പുറമെ 5,000 സൈനികരെ റൊമാനിയയിലേക്കും അയയ്ക്കും. യുകെയ്ക്കും സ്പെയിനും നല്‍കുന്ന അത്യാധുനിക യുദ്ധവിമാനമാണ് എഫ്-35. ഇതിന് വ്യോമ മേധാവിത്വവും ഭൂതല ആക്രമണ ശേഷിയുമുണ്ട്.
Recep Tayyip Erdogan
യൂറോപ്പിന്‍റെ കര, വായു, കടൽ എന്നിങ്ങനെ എല്ലാ ദിശകളിൽ നിന്നുമുള്ള ഭീഷണികളെ നേരിടാൻ നാറ്റോ തയ്യാറാണെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്ന് ബൈഡൻ അവകാശപ്പെട്ടു. നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള ആദ്യത്തെ സ്ഥിരമായ യുഎസ് സേന ഞങ്ങളുടെ കമാൻഡ്, കൺട്രോൾ കഴിവുകൾ, നാറ്റോയുമായുള്ള പരസ്പര പ്രവർത്തനക്ഷമത, മുൻകൂർ ഉപകരണങ്ങളുടെ മാനേജ്മെന്‍റ് എന്നിവ മെച്ചപ്പെടുത്തുമെന്ന് പെന്‍റഗൺ അവകാശപ്പെട്ടു.
യുക്രൈൻ അധിനിവേശത്തിലൂടെ നാറ്റോയെ വിഭജിക്കാമെന്ന പുടിന്‍റെ പ്രതീക്ഷകൾ തകർന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ പറഞ്ഞിരുന്നു. ഉച്ചകോടിക്കിടെ പുടിന് 'കൂടുതൽ നാറ്റോ'യെ ലഭിക്കുന്നുവെന്ന് ജോൺസൺ പരിഹസിച്ചു. ഉച്ചകോടിക്കിടെ ഫിന്‍ലന്‍ഡിനും സ്വീഡനും നാറ്റോ പ്രവേശനത്തിന് അനുമതി നല്‍കിയ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി.
പുതിയ സഖ്യ വ്യാപനത്തെ തുടര്‍ന്ന് റഷ്യയെ 'തന്ത്രപരമായ പങ്കാളി' എന്ന നിലയില്‍ നിന്നും 'പ്രധാന ഭീഷണി' എന്ന് വിശേഷിപ്പിക്കണമെന്ന് മഡ്രിഡ് ഉച്ചകോടിക്ക് ആഥിത്യം വഹിച്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. 2010 ൽ പ്രസിദ്ധീകരിച്ച നാറ്റോയുടെ രേഖകളില്‍ റഷ്യയെ തന്ത്രപരമായ പങ്കാളി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതോടൊപ്പം റഷ്യ - ചൈന സഖ്യത്തെ കുറിച്ചും നാറ്റോ മുന്നറിയിപ്പ് നല്‍കുന്നു.