Russia- Ukraine conflict: ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനീക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമെന്ന് റഷ്യ
ഉക്രൈന്‍ ഉടന്‍ ആക്രമിക്കപ്പെടുമെന്നും അതിനായി ഒരു ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് റഷ്യയെന്നും യുഎസ് വീണ്ടും അവകാശപ്പെട്ടതിന് പുറകെ, റഷ്യ ശീതയുദ്ധ തന്ത്രം ഉപയോഗിച്ച് യുറോപ്പിന്‍റെ സമാധാനം നശിപ്പിക്കുന്നെന്ന് ജര്‍മ്മനിയും ആരോപിച്ചു. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളുടെ അവകാശ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റഷ്യയും തുറന്നടിച്ചു. ബലാറസിലടക്കം തങ്ങള്‍ സൈനീക അഭ്യാസമാണ് നടത്തുന്നതെന്നും പരിശീലനം കഴിഞ്ഞാല്‍ സൈന്യം അവരുടെ താവളങ്ങളിലേക്ക് മടങ്ങുമെന്നും റഷ്യ ആവര്‍ത്തിച്ചു. അതിനിടെ റഷ്യയുടെ 1,90,000 സൈനീകര്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നെന്ന് യുഎസ്, ഐക്യരാഷ്ട്ര സംഘടനയെ അറിയിച്ചു. ഇതിനിടെ ബലാറസിലെ സൈനീക പരിശീലനത്തിനിടെ റഷ്യന്‍ ആണവ സേനയുടെ അഭ്യാസം നടക്കും. പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ആണവസേനാഭ്യാസം. സംഘര്‍ഷങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയതിനിടെ കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബസ് മേഖലയില്‍ നിന്ന് ഉക്രൈന്‍ സൈനീകര്‍ക്ക് നേര്‍ക്ക് ശക്തമായ ഷെല്ലാക്രമണം രണ്ടാം ദിവസവും തുടര്‍ന്നു. അതിനിടെ തുടരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ "സൈനിക-സാങ്കേതിക മാർഗങ്ങൾ" നോക്കുമെന്ന് റഷ്യ അറിയിച്ചത് ആശങ്കരൂക്ഷമാക്കി.
ഇന്നലെ മുതല്‍ നാളെ വരെ മൂന്ന് ദിവസം നീളുന്ന ലോകനേതാക്കളുടെ വാര്‍ഷിക മ്യൂണിച്ച് സെക്രൂരിറ്റി കോണ്‍ഫറന്‍സിന് മുന്നോടിയായി ഇറക്കിയ പ്രസ്താവനയില്‍ "അഭൂതപൂർവമായ സൈനിക വിന്യാസവും" "ശീതയുദ്ധ ആവശ്യങ്ങളും" ഉപയോഗിച്ച് റഷ്യ "യൂറോപ്യൻ സമാധാന ക്രമത്തിന്‍റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുക"യാണെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു.
സ്വന്തം സ്വാധീനമേഖലയെന്ന് റഷ്യ കരുതുന്ന രാജ്യങ്ങളില്‍ നിന്ന് മറ്റ് പാശ്ചാത്യ സൈനീക ശക്തികളെ പുറന്തള്ളാന്‍ റഷ്യ ശ്രമിക്കുന്നതായും അന്നലീന ആരോപിച്ചു. ഇത് ശീതകാല യുദ്ധതന്ത്രമാണെന്നും റഷ്യ വീണ്ടും ഈ തന്ത്രം പയറ്റുകയാണെന്നും അവര്‍ പറഞ്ഞു.
"സമാധാനത്തിലേക്കുള്ള ചെറിയ ചുവടുകൾ പോലും യുദ്ധത്തിലേക്കുള്ള വലിയ ചുവടുകളേക്കാൾ മികച്ചതാണ്" എന്ന് പറഞ്ഞ് നയതന്ത്രം തുടരണമെന്ന് മിസ് ബെയർബോക്ക് ആവശ്യപ്പെട്ടു. റഷ്യ തെറ്റായ ഫ്ലാഗ് ഓപ്പറേഷനിൽ (തെറ്റായ പതാകാ നീക്കം) ഏർപ്പെടുകയാണെന്നും അത് ഉക്രൈനെ ആക്രമിക്കാനുള്ള ഒഴികഴിവ് നൽകുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
സ്വന്തം പ്രതികാരത്തെ ന്യായീകരിക്കുന്നതിനായി ഒരു രാജ്യം സ്വന്തം താൽപ്പര്യങ്ങൾക്കെതിരെ നടത്തുന്ന കെട്ടിച്ചമച്ച ആക്രമണമാണ് തെറ്റായ പതാക നീക്കമെന്ന് സൈനീക കേന്ദ്രങ്ങളില്‍ പറയുന്നത്. റഷ്യ യൂറോപ്യന്‍ ഭൂമിയില്‍ ചെയ്യുന്നതല്ല പറയുന്നത്. അവരുടെ പ്രവര്‍ത്തിയും വാക്കും രണ്ടാകുന്നെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് വശദീകരിച്ചു.
അക്രമണത്തിനായി എന്ത് വ്യാജ വാര്‍ത്തയും റഷ്യ നിര്‍മ്മിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. "റഷ്യയ്ക്കുള്ളിൽ കെട്ടിച്ചമച്ച തീവ്രവാദ ബോംബിംഗ്, ഒരു ശവക്കുഴി കണ്ടെത്തിയ വാര്‍ത്ത, പൗരന്മാര്‍ക്ക് നേരെയുള്ള ഡ്രോൺ ആക്രമണം, അല്ലെങ്കിൽ രാസായുധം പ്രയോഗിച്ചെന്ന് വ്യാജ വാര്‍ത്ത." അങ്ങനെയെന്ത് കാരണം പറഞ്ഞും റഷ്യ ഉക്രൈനെ ഏത് നിമിഷനവും അക്രമിക്കാമെന്നും ബിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
ഉക്രൈനിലെ വംശീയ ന്യൂനപക്ഷമായ റഷ്യക്കാരെ സംരക്ഷിക്കുന്നതിനായി റഷ്യന്‍ സര്‍ക്കാര്‍ ഒരു അടിയന്തര യോഗം വിളിച്ച് കൂട്ടാന്‍ സാധ്യതയുണ്ടെന്നും ആന്‍റണി ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. ഈയൊരു കാരണം ചൂണ്ടിക്കാട്ടി റഷ്യൻ മിസൈലുകളും ബോംബുകളും സൈബർ ആക്രമണങ്ങൾക്കൊപ്പം ഉക്രൈന്‍ ലക്ഷ്യങ്ങള്‍ തകര്‍ക്കുമെന്നും ബ്ലിങ്കന്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ പറഞ്ഞു.
ഇതിനുള്ള ശക്തമായ തെളിവുകളില്ലാത്തതിനാല്‍, ഈ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും താന്‍ യുദ്ധത്തിന് വേണ്ടിയല്ല, സമാധാനത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ബ്ലിങ്കന്‍റെ ആശങ്കകളോട് മറ്റ് പാശ്ചാത്യരാജ്യങ്ങളും അനുകൂല നിലപാടിലായിരുന്നു.
സായുധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് അറിയിച്ചു. റഷ്യ തെറ്റായ പതാകാ നീക്കം നടത്തുന്നുവെന്ന ജോ ബെഡന്‍റെ വാദം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ആവര്‍ത്തിച്ചു.
ഉക്രൈന്‍ അക്രമണം സംബന്ധിച്ച എല്ലാ പശ്ചാത്യ വാദങ്ങളും റഷ്യ വീണ്ടും വീണ്ടും നിഷേധിച്ചെങ്കിലും ഉക്രൈന്‍ സേനയും റഷ്യയുടെ പിന്തുണയുള്ള രാജ്യത്തിന്‍റെ കിഴക്കൻ വിമതരും തമ്മില്‍ മൂന്നാം ദിവസവും ശക്തമായ ഷെല്ലാക്രമണവും മറ്റ് വെടിനിർത്തൽ ലംഘനങ്ങളും പരസ്പരം ആരോപിച്ചു.
കിഴക്കന്‍ ഉക്രൈന്‍ പ്രദേശമായ ഡോണ്‍ബസ് മേഖല മേഖല റഷ്യന്‍ വിമരുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. 2014 ല്‍ ക്രിമിയ ഉപദ്വീപ് ഉക്രൈനില്‍ നിന്ന് രക്തരൂക്ഷിതയുദ്ധത്തിലൂടെ റഷ്യ പിടിച്ചടക്കിയ കാലം മുതല്‍ വിമതരും ഉക്രൈന്‍ സൈന്യവും തമ്മില്‍ പലപ്പോഴും വെടിവെപ്പ് ഉണ്ടായിട്ടുണ്ട്.
എന്നാല്‍, 2014 ന് ശേഷം ഇത്രയും ശക്തമായ വെടിവെയ്ക്ക് ആദ്യമായാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചു. റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികൾ സ്റ്റാനിറ്റ്‌സിയ ലുഹാൻസ്‌ക (Stanytsia Luhanska) പട്ടണത്തിലെ നഴ്‌സറി അടിച്ച് തകർക്കുകയും കുട്ടികളുടെ സംഗീത മുറിയുടെ ചുമര്‍ ഇടിച്ച് തകര്‍ക്കുകയും ചെയ്തുവെന്ന് ഉക്രൈന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുട്ടികൾക്ക് പരിക്കേറ്റില്ല. അതേസമയം, വിമത നിയന്ത്രണത്തിലുള്ള നിരവധി സ്ഥലങ്ങളിൽ ഉക്രൈന്‍ സേന ഷെല്ലാക്രമണം നടത്തിയതായി റഷ്യയുടെ പിന്തുണയുള്ള വിമതർ അവകാശപ്പെട്ടു. സംഘർഷം വർദ്ധിപ്പിച്ചത് ഉക്രൈനാണെന്ന് ആരോപിക്കുകയും ചെയ്തു.
ഒരു വഴിക്ക് സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുമ്പോള്‍, മറുവഴിക്ക് നയതന്ത്രത്തിലൂടെ സമാധാനത്തിനുള്ള ശ്രമങ്ങളും തുടരുകയാണ്. ഫ്രാന്‍സ്, യുകെ, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളുമായി റഷ്യ ഇപ്പോഴും ചര്‍ച്ച നടത്തുകയാണ്. ഏറ്റവും അവസാനമായി യുഎസിന്‍റെ ചര്‍ച്ചാ നിര്‍ദ്ദേശത്തോട് റഷ്യ ഔപചാരികമായി പ്രതികരിച്ചു.
ഇരുവശത്തുമുള്ള മിസൈൽ സൈറ്റുകൾ പരിശോധിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യ പറഞ്ഞു. എന്നാല്‍, അതിർത്തിക്കടുത്തുള്ള നാറ്റോയുടെ വിപുലീകരണത്തെക്കുറിച്ചുള്ള റഷ്യയുടെ പ്രധാന സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിൽ യുഎസ് പരാജയപ്പെട്ടുവെന്നും റഷ്യ ആരോപിച്ചു.
ഏറ്റവും ഒടുവിലായി പശ്നപരിഹാരമുണ്ടായില്ലെങ്കില്‍ "സൈനിക-സാങ്കേതിക മാർഗങ്ങൾ" (military-technical means) പ്രതികരണമായി വിന്യസിക്കുമെന്നും റഷ്യ അറിയിച്ചു. എന്നാല്‍ റഷ്യ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാത്രം പറഞ്ഞില്ല. കഴിഞ്ഞ നാലഞ്ച് മാസമായി പശ്ചാത്യ രാജ്യങ്ങള്‍ ഈയൊരു വിഷയത്തില്‍ റഷ്യയുമായി ചര്‍ച്ച നടത്തുകയാണ്.
ഫ്രാന്‍സ്, യുകെ, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങള്‍ മാറിമാറി നിരന്തരം ചര്‍ച്ച നടത്തിയെങ്കിലും ഉക്രൈന്‍, നാറ്റോ സഖ്യത്തില്‍ നിന്ന് പിന്മാറുക. യൂറോപിലെ നാറ്റോ സൈനീകവത്ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ റഷ്യയുടെ ആവശ്യങ്ങളോട് പശ്ചാത്യരാജ്യങ്ങള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും റഷ്യ ആരോപിക്കുന്നു.
നയതന്ത്രം പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞത്. "നാളെ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് ഒരിക്കലും ഉറപ്പിച്ച് പറയാൻ കഴിയില്ല, എന്നാൽ ഇന്ന് ഞങ്ങൾ സമാധാനം നിലനിർത്താൻ പരമാവധി ശ്രമിക്കുന്നു", അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഏത് സാഹചര്യം നേരിടാനും ഞങ്ങൾ വളരെ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.