- Home
- News
- International News
- Russia-Ukraine conflict: റഷ്യ - ഉക്രൈന്‍ സംഘര്‍ഷം; ഉക്രൈന്‍ യുദ്ധക്കരാര്‍ ലംഘിച്ചെന്ന് റഷ്യന്‍ മാധ്യമങ്ങള്‍
Russia-Ukraine conflict: റഷ്യ - ഉക്രൈന്‍ സംഘര്‍ഷം; ഉക്രൈന്‍ യുദ്ധക്കരാര്‍ ലംഘിച്ചെന്ന് റഷ്യന്‍ മാധ്യമങ്ങള്‍
ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ അവകാശപ്പെട്ടതിന് പിന്നാലെ റഷ്യയുടെത് തെറ്റായ പ്രചാരണമാണെന്ന വാദവുമായി യുഎസ് രംഗത്തെത്തി. മാത്രമല്ല, ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യ 7,000 സൈനീകരെ കൂടി എത്തിച്ചെന്നും യുഎസ് ആരോപിച്ചു. 'ഏത് നിമിഷവും അക്രമണ'മുണ്ടാകാമെന്നും യുഎസ് ആവര്‍ത്തിക്കുന്നു. ബലാറസിലും ഉക്രൈന്‍റെ മറ്റ് കര/കടല്‍ അതിര്‍ത്തികളിലും ഇപ്പോള്‍ നടക്കുന്ന സൈനീക അഭ്യാസങ്ങള്‍ പൂര്‍ത്തിയായാല്‍ സൈന്യം മടങ്ങുമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ബലാറസുമായി ചേര്‍ന്ന് നടത്തുന്ന സൈനീക അഭ്യാസങ്ങള്‍ അവസാനിച്ചതിനെ തുടര്‍ന്ന് ആ മേഖലയില്‍ നിന്നും സൈന്യം പിന്മാറിയെന്നും റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍, റഷ്യയുടെ വാക്ക് വിശ്വസിക്കില്ലെന്നും നേരിട്ട് കണ്ടാല്‍ മാത്രമേ പിന്മാറ്റം അംഗീകരിക്കുവെന്നുമായിരുന്നു ഉക്രൈന്‍റെ മറുപടി. അതിന് പുറകെയാണ് റഷ്യ തങ്ങളുടെ വാദം ആവര്‍ത്തിച്ചതും യുഎസ് അതിനെ നിഷേധിച്ചതും. ഇതോടെ ഉക്രൈന്‍ സംഘര്‍ഷത്തിന് സമീപ കാലത്ത് ശമനമുണ്ടാകുമോ എന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍.

ഉക്രൈനിന്‍റെ ഐക്യത്തിന്‍റെ ദിനമായ ബുധനാഴ്ച റഷ്യ അക്രമണം ആരംഭിക്കുമെന്നായിരുന്നു യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, ബുധനാഴ്ച അത്തരമൊരു അക്രമണമുണ്ടായില്ലെങ്കിലും ഇന്ന് പുലര്‍ച്ചെ ഉക്രൈന്‍ സേന ലുഹാൻസ്ക് ജില്ലയിലെ വിമത സേനയ്ക്ക് നേരെ മോട്ടോര്‍ ആക്രമണം നടത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഉക്രൈന്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. എന്നാല്‍ തങ്ങള്‍ വെടിവെക്കുകയായിരുന്നില്ലെന്നും മറിച്ച് വിമത സേന തങ്ങളെ വെടിവെക്കുകയായിരുന്നെന്നും ഉക്രൈന്‍ അറിയിച്ചു. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നും ഉക്രൈന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലും റഷ്യ തങ്ങളുടെ സൈനീക പിന്മാറ്റം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, പിന്മാറ്റത്തിന്‍റെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് പാശ്ചാത്യ ഉദ്യോഗസ്ഥർ അറിയിച്ചത്. മാത്രമല്ല ഇപ്പോഴും ഉക്രൈന്‍ അതിര്‍ത്തിയില്‍ 1,00,000 ത്തോളം റഷ്യന്‍ സൈനീകര്‍ യുദ്ധസജ്ജരായി നില്‍ക്കുകയാണെന്നും പശ്ചാത്യരാജ്യങ്ങള്‍ ആരോപിക്കുന്നു.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ബുധനാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യം ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അതിനിടെ സൈനികാഭ്യാസത്തിന് ശേഷം സൈനികരും ഉപകരണങ്ങളും അവരുടെ സ്ഥിര താവളങ്ങളിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
എന്നാൽ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ, ബുധനാഴ്ച പോലും കൂടുതല്‍ റഷ്യന്‍ സൈനീകര്‍ അതിര്‍ത്തികളില്‍ എത്തിയതായി അവകാശപ്പെട്ടു. സൈനികരെ പിൻവലിക്കുകയാണെന്ന റഷ്യയുടെ വാദങ്ങളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
"ലോകമെമ്പാടുനിന്നും ആ അവകാശവാദത്തിന് റഷ്യയ്ക്ക് വളരെയേറെ ശ്രദ്ധ ലഭിച്ചു. പക്ഷേ അത് തെറ്റാണെന്ന് ഞങ്ങൾക്കറിയാം." അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, "അങ്ങനെ ഞങ്ങള്‍ കേട്ടെങ്കിലും സൈനിക പിൻവലിച്ചതൊന്നും ഞങ്ങൾ ഇതുവരെ കണ്ടില്ല." എന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വലോഡൈമർ സെലെൻസ്‌കി ( Volodymyr Zelensky)പറഞ്ഞു.
ഉക്രൈനിലെ ഐക്യത്തിന്‍റെ ദിന ( day of unity)ത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിലയും മഞ്ഞയും കൊടികള്‍ പറുമ്പോള്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യത്തിന്‍റെ ദിനത്തിന് പ്രസിഡന്‍റ് രാജ്യത്ത് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ ദിവസം തന്നെ റഷ്യ ഉക്രൈനെ അക്രമിക്കുമെന്ന് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉക്രൈന് നേരെയുള്ള റഷ്യന്‍ ഭീഷണി ഏറ്റവും പുതിയ 'സാധാരണ സംഭവം' പോലെയായെന്ന് പറഞ്ഞ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്, പക്ഷേ റഷ്യ അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിച്ചെന്ന അവകാശവാദത്തെ നിഷേധിച്ചു. ബ്രസൽസിൽ നാറ്റോ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റോൾട്ടൻബർഗ്.
മധ്യ, തെക്ക്-കിഴക്കൻ യൂറോപ്പിൽ ഏറ്റവും ചെറിയ തരത്തിലുള്ള സ്വയംപര്യാപ്ത സൈനിക യൂണിറ്റുകളുടെ പുതിയ യുദ്ധ ഗ്രൂപ്പുകൾ സ്ഥാപിക്കുന്നത് നാറ്റോ സഖ്യം പരിഗണിക്കുമെന്നും ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. യൂറോപ്യൻ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്.
2014 മുതല്‍ നാറ്റോ ഈ മേഖലയില്‍ 270 ബില്യൺ ഡോളര്‍ ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യം ഒരു ഭീഷണിയല്ലെന്ന് റഷ്യയ്ക്ക് ഉറപ്പുനൽകാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍, റൊമാനിയയിൽ അത്തരമൊരു യുദ്ധ സംഘത്തെ നയിക്കാൻ ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
നാറ്റോ സെക്രട്ടറി ജനറലിന്‍റെ വാക്കുകളില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നായിരുന്നു റഷ്യയുടെ വിദേശകാര്യ മന്ത്രാലയം മറുപടി പറഞ്ഞത്. സൈന്യത്തെ പിന്‍വലിച്ചെന്ന റഷ്യന്‍ വാദത്തോട് യോജിക്കാന്‍ ബ്രിട്ടനും തയ്യാറായില്ല. യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, പാശ്ചാത്യരെ തെറ്റായ സുരക്ഷാ ബോധത്തിലേക്ക് വശീകരിക്കരുതെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി.
റഷ്യ പിന്മാറിയതിന് നിലവില്‍ തെളിവുകളില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ആവര്‍ത്തിച്ചു. റഷ്യ ഇപ്പോഴും അതിര്‍ത്തികളില്‍ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുകയാണെന്ന് യുകെ പ്രതിരോധ ഇന്‍റലിജൻസ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ ജിം ഹോക്കൻഹൾ പറഞ്ഞു.
റഷ്യയുടെ അധിക കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ, ഒരു ഫീൽഡ് ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ളവ ഉക്രൈന്‍ അതിർത്തിയിലേക്ക് നീങ്ങുന്നന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചെന്നും ജിം ഹോക്കൻഹൾ പറഞ്ഞു.
ഉക്രൈനില്‍ ഒരു അധിനിവേശം നടത്താനുള്ള റഷ്യന്‍ സൈന്യം ഇപ്പോഴും അതിര്‍ത്തിയില്‍ അവശേഷിക്കുന്നു. ഇനിയൊരു അധിനിവേശം ഉണ്ടായാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ലക്ഷ്യത്തോടെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ പുതിയ കഥകളെഴുതുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് മുന്നറിയിപ്പ് നൽകി.
2014 ല്‍ ക്രിമിയ കീഴടക്കിയതിന് ശേഷം റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളും ഉക്രൈന്‍ സേനയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന കിഴക്കൻ ഉക്രെയ്നിൽ "വംശഹത്യ" (genocide) നടക്കുന്നുവെന്ന് പുടിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ നിരത്താന്‍ റഷ്യന്‍ പ്രസിഡന്‍റിന് കഴിഞ്ഞില്ല.
ഇതേ തുടര്‍ന്ന് തെളിവുകളില്ലാതെ ഇത്തരം പദങ്ങള്‍ ഉപയോഗിക്കരുതെന്ന് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ് റഷ്യൻ പ്രസിഡന്‍റ് പുടിനെ വിമര്‍ശിച്ചു. അതിനിടെ ഇന്ന് പുലര്‍ച്ചെ ലുഹാൻസ്ക് ജില്ലയിൽ വിമത സേനയ്ക്ക് നേരെ ഉക്രൈന്‍ സേന മോട്ടോര്‍ വെടിയുതിര്‍ത്തെന്നും ഇതോടെ ഉക്രൈന്‍ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാല്‍, ഈ അവകാശവാദത്തിന് മേല്‍ ഒരു പരിശോധനയും നടന്നിട്ടില്ലെന്ന് ഉക്രൈന്‍ അവകാശപ്പെട്ടു. മാത്രമല്ല അത്തരത്തിലൊരു ഷെല്ലാക്രമണം നടന്നിട്ടില്ലെന്നും ഉക്രൈന്‍ പറഞ്ഞു. പകരം വിമത സേന തങ്ങൾക്ക് നേരെ വെടിയുതിർക്കുകയാണെന്നും ആരോപിച്ചു.
യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്ന ഉക്രൈന്‍, പിന്നീട് സ്വതന്ത്ര രാഷ്ട്രമായി തീര്‍ന്നു. എന്നാല്‍, റഷ്യന്‍ അതിര്‍ത്തിയില്‍ നാറ്റോ സൈനീക കേന്ദ്രം വരുന്നതിനോട് പുടിന് അത്രതാത്പര്യമില്ല. പുടിന്‍ ഉക്രൈനോട് നിരന്തരം ആവശ്യപ്പെടുന്നതും നാറ്റോ സഖ്യത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ്. അങ്ങനെ സംഭവിക്കില്ലെന്ന ഉക്രൈന്‍ ഉറപ്പ് നല്‍കണമെന്നതാണ് പുടിന്‍റെ ആവശ്യം. യുദ്ധം തങ്ങളുടെ അജണ്ടയിലില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നതിനും കാരണമതാണ്.
നാറ്റോ വിപുലീകരണം ലോകത്തിലെ രണ്ടാമത്തെ സൈനീക ശക്തിയായ തങ്ങള്‍ക്ക് ഭീഷണിയായി തീരുമെന്ന് പുടിന്‍ ഭയക്കുന്നു. എന്നാല്‍, പുടിന്‍റെ ആവശ്യം നാറ്റോ നിരസിച്ചു. എന്നാല്‍, യൂറോപ്യന്‍ രാജ്യമായ ലാത്വിയാനിയ വഴി നാറ്റോ സൈന്യം അത്യന്താധുനീക സൈനീക ഉപകരണങ്ങള്‍ ഇതിനകം ഉക്രൈനിലെത്തിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശീതയുദ്ധ കാലത്തിന് ശേഷം യൂറോപ്പ് ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയിലാണെന്ന് ജെൻസ് സ്റ്റോൾട്ടൻബെർഗ് ആവര്‍ത്തിക്കുന്നു. ഭീഷണി മാറിയില്ലെന്ന് മാത്രമല്ല, ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam