യുഎസ് ആക്രമണം; അൽ-ഷബാബ് ഇസ്ലാമിസ്റ്റ് തീവ്രവാദി ഗ്രൂപ്പിലെ 13 അംഗങ്ങൾ കൊല്ലപ്പെട്ടതായി സോമാലിയ
ഇന്നലെ സെന്‍ട്രല്‍ സൊമാലിയിലെ ഹിറാന്‍ മേഖലയില്‍ നടന്ന യുഎസ് ആക്രമണം, സോമാലിയന്‍ സർക്കാർ ഉടമസ്ഥതയിലുള്ള ദേശീയ ടിവിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യുഎസ് ആക്രമണത്തില്‍ രാജ്യത്തെ അല്‍ ഷബാബ് ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പിലെ 13 അംഗങ്ങള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക സോമാലിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കവിഞ്ഞ ആഴ്ചയില്‍ മാത്രം അൽ-ഷബാബ് പോരാളികൾക്കെതിരായ നടന്ന രണ്ടാമത്തെ യുഎസ് ആക്രമണമാണിത്. ഓഗസ്റ്റ് 9 ന് നടന്ന ആക്രമണത്തില്‍ തീവ്രവാദ ഗ്രൂപ്പിലെ നാല് അംഗങ്ങളെ വധിച്ചതായി യുഎസ് ആഫ്രിക്ക കമാൻഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലത്തെ ആക്രമണം.
സോമാലിയയില്‍ ഇന്നലെ നടന്ന ആക്രമണം, യുഎസ് സൈന്യമോ സിവിലിയൻ ഉദ്യോഗസ്ഥരോ ഇതുവരെ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായിരിക്കുമ്പോള്‍ സോമാലിയയില്‍ നിന്ന് യുഎസ് സൈന്യം പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ജോ ബൈഡന്‍ പ്രസിഡന്‍റായ ശേഷവും യുഎസ് സൈന്യം സോമാലിയയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറായിട്ടില്ലെന്ന് മാത്രമമല്ല, സജീവവുമാണ്. യുഎസ് മറൈന്‍ ജനറലായി മൈക്കല്‍ ലാഗ്ലി കഴിഞ്ഞ ആഴ്ച ആദ്യമാണ് യുഎസ് കമാന്‍റാറായി ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് യുഎസ് രണ്ട് ആക്രമണങ്ങളും നടത്തിയത്.
ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിലെ കെല്ലി ബാരക്കിൽ നടന്ന ചടങ്ങിൽ ഫോർ സ്റ്റാർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ച മറൈൻ കോർപ്സിലെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കന്‍ വംശജനായ ജനറലാണ് മൈക്കല്‍ ലാഗ്ലി. ആഫിക്കന്‍ ഭൂഖണ്ഡത്തിലുടനീളം 6,000 ത്തിനും 7,000 ഇടയില്‍ സൈനികരുള്ള കമാൻഡിനെ നയിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ അമേരിക്കക്കാരനാണ് അദ്ദേഹം.
'ഓരോ ദിവസവും പ്രദേശത്ത് ഓരോ പുതിയ വെല്ലുവിളികളുണ്ട്. എന്നാല്‍, ആ വെല്ലുവിളികളെ നേരിടാൻ നമ്മുക്ക് വിഭവങ്ങളില്ല. അതുകൊണ്ട് നമ്മൾ ചിന്തിക്കണം.' 40 വർഷത്തെ സേവനത്തിന് ശേഷം സൈന്യത്തിൽ നിന്ന് വിരമിക്കുന്ന കമാൻഡർ ജനറൽ സ്റ്റീഫൻ ടൗൺസെൻഡ് പറഞ്ഞു.
ആഫ്രിക്കയെ അവഗണിക്കാൻ യുഎസിന് കഴിയില്ല. കാരണം ആഫ്രിക്കന്‍ ഭൂഖണ്ഡം അത്രയേറെ സാധ്യതകൾ നിറഞ്ഞ വിപണിയാണ്. പക്ഷേ അത് വെല്ലുവിളികൾ നിറഞ്ഞതാണ്. മാത്രമല്ല, അത ചരിത്രപരമായ ഒരു വഴിത്തിരിവിലാണെന്നും ജനറൽ സ്റ്റീഫൻ ടൗൺസെൻഡ് ചൂണ്ടിക്കാണിച്ചു.
വർഷങ്ങളായി, ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ യുദ്ധങ്ങൾ, മിഡിൽ ഈസ്റ്റിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയം, ലോക വിപണിയില്‍ ചൈന നടത്തുന്ന കുതിച്ച് കയറ്റം, അതോടൊപ്പമുള്ള തായ്‍വാന്‍ സംഘര്‍ഷം, യുക്രൈന്‍ യുദ്ധം എന്നിങ്ങനെ യുഎസ് സൈന്യം ലോകമെങ്ങും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ്.
എന്നാൽ, ആഫ്രിക്കയില്‍ യുഎസ് മറ്റൊരു വെല്ലുവിളിയാണ് നേരിടുന്നത്. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളായ അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ഉൾപ്പെടെയുള്ള വിമത ഗ്രൂപ്പുകൾ ആഫ്രിക്കയിലെ ഭരണമില്ലാത്ത പ്രദേശങ്ങളില്‍ നാള്‍ക്കുനാള്‍ ശക്തിപ്പെട്ട് വരികയാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
സോമാലിയയിലെ ഏറ്റവും വലിയ ഭീഷണിയായി ഉയരുന്നത് അൽ-ഷബാബ് തീവ്രവാദി ഗ്രൂപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അൽ-ഷബാബ് തീവ്രവാദി ഗ്രൂപ്പ് പ്രധാനമായും സാധാരണക്കാരെയാണ് ഉന്നമിടുന്നതെന്നും ഇവരുടെ ആക്രമണങ്ങള്‍ മൃഗീയവും മാരകവുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്ത് നിര്‍ണ്ണായക ശക്തിയായി വളരുന്ന അല്‍ ഷബാബ് തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതിനായി, സോമാലിയൻ സേനയെ പരിശീലിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള യുഎസ് സൈനിക സാന്നിധ്യം രാജ്യത്ത് നിര്‍ണ്ണായകമാണെന്ന് ജനറലാണ് മൈക്കല്‍ ലാഗ്ലി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസ് വ്യോമാക്രമണം നടത്തിയത്.
യുഎസിന്‍റെ വ്യോമാക്രമണത്തില്‍ മുതിർന്ന അൽ-ഷബാബ് കമാൻഡർമാരും കൊല്ലപ്പെട്ടപ്പെട്ടെന്ന് സൊമാലിയൻ നാഷണൽ ആർമി (എസ്എൻഎ) റേഡിയോ റിപ്പോർട്ട് ചെയ്തു. തെക്കൻ സൊമാലിയയിലെ കിസ്മയോയുടെ പ്രാന്തപ്രദേശത്ത് അൽ-ഷബാബ് ഭീകരർ സ്ഥാപിച്ച ഏഴ് കുഴിബോംബ് സ്‌ഫോടനങ്ങൾ തങ്ങളുടെ എലൈറ്റ് ഫോഴ്‌സ് (ദനാബ്) നശിപ്പിച്ചെന്ന് എസ്എൻഎ വെളിപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് യുഎസിന്‍റെ വ്യോമാക്രമണം നടന്നത്.