- Home
- News
- International News
- പ്രളയം തകര്‍ത്ത യമുനാ തീരത്ത് നിന്നും വീണ്ടും ജീവിതം കെട്ടിപ്പടുക്കാന്‍ പാടുപെടുന്നവര്‍
പ്രളയം തകര്‍ത്ത യമുനാ തീരത്ത് നിന്നും വീണ്ടും ജീവിതം കെട്ടിപ്പടുക്കാന്‍ പാടുപെടുന്നവര്‍
'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യ തലസ്ഥാനമായ ദില്ലിയുടെ പ്രാന്തപ്രദേശങ്ങളില്‍ ജനങ്ങള്‍ കുടിലുകള്‍ വിട്ട് സുരക്ഷിതമായൊരിടം തേടി അകലുകയായിരുന്നു. അപ്രതീക്ഷിതമായി യമുനാ നദിയില്‍ വെള്ളം കയറിയതോടെ യമുനാ തീരത്തെ നൂറ് കണക്കിന് കുടിലുകളിലും വെള്ളം കയറി. ഇതോടെ കുടിലും കൃഷിയിടവും നഷ്ടപ്പെട്ട അവര്‍ മറ്റിടങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.

75-ാം സ്വാതന്ത്രദിനാഘോഷത്തിന്‍റെ ഭാഗമായി 'ഹര്‍ ഘര്‍ തിരംഗ'യെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. എന്നാല്‍, അദ്ദേഹം ചെങ്കോട്ടയില്‍ അദ്ദേഹം ദേശീയ പതാക പാറിക്കുമ്പോള്‍ ഏതാനും കിലോമീറ്ററുകള്‍ അകലെ നൂറ് കണക്കിന് കര്‍ഷകര്‍ സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ട് തെരുവുകളില്‍ അലയുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ റോഡരികുകളില്‍ ഒരുക്കിയ താത്കാലിക ഷെട്ടുകളിലായിരുന്നു അവര്‍ മൂന്നാല് ദിവസം കഴിഞ്ഞത്. അഞ്ചാം നാള്‍ യമുനയിലെ ജലനിരപ്പ് അല്പം കുറഞ്ഞു. വെള്ളം ഇറങ്ങി. താത്കാലികമായി അഭയം തേടിയ ഇടങ്ങളില്‍ നിന്ന് അവര്‍ തിരികെ തങ്ങളുടെ കുടിലുകളിലേക്ക് മടങ്ങിവരികയാണ്.
തിരിച്ചെത്തുമ്പോള്‍ ആ നിസഹായരെ കാത്തിരുന്ന് ചെളി നിറഞ്ഞ കൂരകള്‍ മാത്രം. പലതും ശക്തമായ വേലിയേറ്റത്തില്‍ ഒലിച്ച് പോയി. ചിലത് മറിഞ്ഞു വീണു. ബാക്കിയായവയില്‍ കയറിയ ചളി വെള്ളം ഇറങ്ങിയപ്പോള്‍ ചളി മാത്രം ബാക്കിയായി. ചില കൂരകളില്‍ പാമ്പുകളും ഉണ്ടായിരുന്നു.
പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുമ്പോഴും തങ്ങളുടെ കൂരകളെ മുക്കിയ ചളിയെടുത്ത് കളയാനുള്ള ശ്രമത്തിലാണ് അവര്‍. ഒഴുകി വരുന്നിടങ്ങളില്‍ നിന്നുള്ള എല്ലാ മാലിന്യങ്ങളും പേറുന്ന യമുനയിലെ ചളി കളഞ്ഞ് വൃത്തിയാക്കിയാല്‍ മാത്രമേ അവിടെ ഒന്ന് നിവര്‍ന്ന് നില്‍ക്കാനെങ്കിലും പറ്റുകയൊള്ളൂ.
പല പ്രദേശങ്ങളില്‍ നിന്നും ഇപ്പോഴും പൂര്‍ണ്ണമായും വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളം ഇറങ്ങിയ കൂരകളില്‍ നിന്ന് ചളി പൂര്‍ണ്ണമായും നീക്കിയാല്‍ മാത്രമേ വാസയോഗ്യമാകൂ. എന്നാല്‍, അന്നന്നത്തെ അന്നത്തിനുള്ളത് കണ്ടെത്തി ജീവിക്കുന്ന ഇവര്‍ക്ക് അതും അപ്രാപ്യമാണ്. കാരണം, അതിനാവശ്യമായ പണമില്ലെന്നത് തന്നെ.
ദില്ലിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ദില്ലിയിലേക്ക് എത്തിചേര്‍ന്നവരാണ് ഇവിടെ താമസിക്കുന്നവരെല്ലാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലെത്തി പുറമ്പോക്ക് ഭൂമികളില്‍ കൂരകെട്ടി താമസിക്കുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല.
ഓഗസ്റ്റ് 13 ന് രാത്രിയിലാണ് യമുന അസാധാരണമായി കരകവിഞ്ഞത്. ഇതോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഓഗസ്റ്റ് 14 നും 15 നും ദില്ലിയിലെ തെരുവുകളില്‍ ഇവര്‍ അന്തിയുറങ്ങി. ഈ സമയം രാജ്യം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷത്തിലായിരുന്നു. ഓഗസ്റ്റ് 16 നും അവര്‍ തെരുവുകളില്‍ തന്നെയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് യമുനയിലെ ജലനിരപ്പിന് അല്പം വ്യത്യാസമുണ്ടായത്. വെള്ളം താഴ്ന്നതോടെ തങ്ങളുടെ കൂരകളിലേക്ക് ഇവര്‍ മടങ്ങുകയായിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് യമുനാ നദി ഇത്രയും രൂക്ഷമായ രീതിയില്‍ കരകവിയുന്നതെന്ന് ഈ പ്രദേശത്തുകാര്‍ പറയുന്നു.
കമ്പുകളില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ നിലയിലാണ് ഈ തീരത്തെ ഏതാണ്ടെല്ലാ കുടിലുകളും. ഓരോ കുടിലുകളില്‍ ഒന്നോ രണ്ടോ കുട്ടികളടക്കം അഞ്ചും ആറും പേരാണ് താമസിക്കുന്നത്. ആധാര്‍ കാര്‍ഡിലും വോട്ടര്‍ ലിസ്റ്റിലും പേരില്ലാത്ത ഇവര്‍ക്ക് സര്‍ക്കാറിന്‍റെ ഒരു ദുരിതാശ്വാസ പാക്കേജും ലഭിക്കില്ല.
എങ്കിലും അന്നന്ന് കിട്ടുന്നത് കൊണ്ട് അവരും തങ്ങളുടെ കുടിലുകളിലെ വെള്ളം തേവിക്കളഞ്ഞ് വീണ്ടും ജീവിതം കരുപ്പിടിപ്പിക്കുകയാണ്. പതിവ് പോലെ കിട്ടിയെല്ലാം ഇട്ട് അവര്‍ പുറമ്പോക്കുകളില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നു. ആരും സഹായിക്കാനില്ലെങ്കിലും ജീവന്‍ നിലനിര്‍ത്താനും ജീവിതം മുന്നോട്ട് കൊണ്ട് പോകാനുമുള്ള ശ്രമത്തിലാണ് അവരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam