- Home
- News
- International News
- സുനാമി മുന്നറിയിപ്പ്; ഭൂകമ്പ വാർഷികത്തിനിടെ മെക്‌സിക്കോ സിറ്റിയിൽ 7.6 തീവ്രതയിലുള്ള വന്‍ ഭൂചലനം
സുനാമി മുന്നറിയിപ്പ്; ഭൂകമ്പ വാർഷികത്തിനിടെ മെക്‌സിക്കോ സിറ്റിയിൽ 7.6 തീവ്രതയിലുള്ള വന്‍ ഭൂചലനം
ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമായ രണ്ട് തീവ്ര ഭൂകമ്പങ്ങളുടെ വാര്‍ഷിക ഓര്‍മ്മപുതുക്കലിനിടെ മെക്സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു. രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാന്‍, കോളിമ എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ തിങ്കളാഴ്ച രാത്രി യുഎസ് ഉദ്യോഗസ്ഥര്‍ മെക്സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി.

വേലിയേറ്റനിരപ്പിൽ നിന്നും 3 മീറ്റർ (9 അടി വരെ) വരെ ഉയരുന്ന തിരമാലകൾ ഒറ്റരാത്രികൊണ്ട് തീരപ്രദേശങ്ങളിൽ അടിക്കുമെന്നായിരുന്നു യുഎസ് പസഫിക് സുനാമി കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. ലാ പ്ലാസിറ്റ ഡി മോറെലോസ് പട്ടണത്തിന് സമീപം 15 കിലോമീറ്റർ (9.32 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ഒരു മണിക്കൂർ മുമ്പ്, രാജ്യവ്യാപകമായി ഭൂകമ്പ അലാറങ്ങൾ മുഴങ്ങി. ഭൂകമ്പത്തെത്തുടർന്ന് മെക്സിക്കോ സിറ്റിയിൽ നിന്ന് ആളുകളെ നിർബന്ധിതമായി ഒഴിപ്പിച്ചു. എന്നാൽ, ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മേയർ ക്ലോഡിയ ഷെയിൻബോം അറിയിച്ചു. നഗരത്തിൽ അടിയന്തര ദുരന്ത പരിശീലനങ്ങൾ നടത്തി ഒരു മണിക്കൂറിന് ശേഷമായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്.
ശക്തമായ കുലുക്കങ്ങളായിരുന്നു അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൈക്കോകാൻ ഗവർണർ ആൽഫ്രെഡോ റാമിറെസ് ബെഡോല്ലയുമായി സംസാരിച്ചുവെന്നും പ്രദേശത്ത് "വസ്തുക്കൾക്ക് നാശം" സംഭവിച്ചതായി മാത്രമേ റിപ്പോർട്ടുകൾ ഉള്ളൂവെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ട്വീറ്റ് ചെയ്തു.
1985-ൽ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകളാണ് ഭൂകമ്പത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. നൂറുകണക്കിന് കെട്ടിടങ്ങളും തകർന്നിരുന്നു. രാജ്യത്ത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ഭൂചലനമായിരുന്നു അത്. 2017 ലും, സെൻട്രൽ മെക്സിക്കോയിലെ പ്യൂബ്ല നഗരത്തിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു.
ഈ സംഭവത്തില്‍ 40 ലധികം കെട്ടിടങ്ങൾ തകരുകയും 370 പേർ മരിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് ഭൂകമ്പങ്ങളുടെയും ഓര്‍മ്മ പുതുക്കല്‍ ചടങ്ങിന്‍റെ ഭാഗമായിട്ടാണ് നഗരത്തിലെ ജനങ്ങള്‍ക്ക് അടിയന്തര ദുരന്ത പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിന് പുറകെയാണ് ഭൂകമ്പം അനുഭവപ്പെട്ടതും.
കഴിഞ്ഞ ഞായറാഴ്ച പ്യൂർട്ടോ റിക്കോ നഗരത്തില്‍ മാരകമായ ഫിയോണ ചുഴലിക്കാറ്റ് വീശിയടിച്ചതിന് പിന്നാലെയാണ് ഭുകമ്പം അനുഭവപ്പെട്ടത്. മണിക്കൂറിൽ 80 മൈൽ വൈഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റിനെ തുടര്‍ന്ന് നഗരത്തില്‍ വൈദ്യുതി ബന്ധം തകര്‍ക്കപ്പെട്ടിരുന്നു. കൊടുങ്കാറ്റ് വടക്ക് പടിഞ്ഞാറോട്ട് പ്രദേശത്തേക്കാണ് വീശുന്നത്. ഫിയോണ ചുഴലിക്കാറ്റ് കടന്നുപോകുന്ന ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പേമാരിക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam