ഫിലിപ്പെന്‍സിനെ തകര്‍ത്തെറിഞ്ഞ് നോറു ചുഴലിക്കാറ്റ്; 8,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചു
ഫിലിപ്പെന്‍സില്‍ അതിശക്തമായി ആഞ്ഞ് വീശുന്ന നോറു ചുഴലിക്കാറ്റിനെ തുടര്‍ന്ന് 8,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. 120 മൈൽ വേഗതയിലുള്ള കാറ്റാണ് ആഞ്ഞുവീശുന്നത്. അതിശക്തമായ മഴയും കൂടിയാതോടെ വൈദ്യുതി തൂണുകളും മരങ്ങളും കടപുഴകി വീണു. ഇതോടെ രാജ്യമെങ്ങും വൈദ്യുതി വിതരണം തടസപ്പെട്ടു. 'സ്ഫോടനാത്മക തീവ്രത'യ്ക്ക് ശേഷം ദ്വീപസമൂഹത്തിലെ ജനസാന്ദ്രത കൂടുതലുള്ള പ്രധാന ദ്വീപായ ലുസണിലൂടെ നോറു ചുഴലിക്കാറ്റ് കടന്നുപോവുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാറ്റഗറി 3 ല്‍ ഉള്‍പ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റായ നോറു ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ച ശേഷം മണിക്കൂറിൽ 121 മൈൽ വേഗത രേഖപ്പെടുത്തിയതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. കാറ്റഗറി 3 ഉഷ്ണമേഖലാ കൊടുങ്കാറ്റ് നാശം വിതച്ചുകൊണ്ടിരിക്കുന്നതിനാൽ സർക്കാർ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി ഫിലിപ്പീൻസ് പ്രസിഡന്‍റ് ഫെർഡിനാൻഡ് മാർക്കോസ് പ്രഖ്യാപിച്ചു.
ഈ വർഷം ഫിലിപ്പീൻസിൽ വീശിയടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് നോരു. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ ഭാഗത്ത്, ക്യൂസോൺ പ്രവിശ്യയുടെ ഭാഗമായ പോളില്ലോ ദ്വീപുകളിലെ ബർദിയോസ് മുനിസിപ്പാലിറ്റിയിൽ, പ്രാദേശിക സമയം വൈകുന്നേരം 5.30 നാണ് ഇത് കര തൊട്ടത്.
പിന്നീട് തലസ്ഥാനമായ മനിലയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങിയ നോറു വലിയ നാശനഷ്ടമാണ് തീര്‍ത്തത്. 13 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരത്തിൽ ശക്തമായ കാറ്റും കനത്ത മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിരുന്നു.
നോറു ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്ത മഴ പെയ്യുമെന്നതിനാല്‍ മനിലയിലെയും സമീപ പ്രവിശ്യകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ 'ഗുരുതരമായ വെള്ളപ്പൊക്കത്തിന്' സാധ്യതയുണ്ടെന്നും ഞായറാഴ്ച രാത്രി വൈകി കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നൽകിയിരുന്നു.
അപകട മേഖലകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചെന്ന് ഫിലിപ്പൈൻ നാഷണൽ പോലീസ് മേധാവി ജനറൽ റോഡോൾഫോ അസുറിൻ പറഞ്ഞു. തലസ്ഥാനത്തെ ചില ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് നിർബന്ധിത പലായനം നടക്കുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ഫിലിപ്പെന്‍സില്‍ നദീ തീരത്തും കടല്‍ത്തീരത്തും ഏറ്റവും ദരിദ്രമായ ജനവിഭാഗങ്ങളാണ് താമസിക്കുന്നത്. ശക്തമായ ചെറിയൊരു കാറ്റ് പോലും ഇവരുടെ ദൈന്യം ദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കും. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഫിലിപ്പെൻസിൽ പ്രാദേശികമായി ടൈഫൂൺ കാർഡിംഗ് എന്നറിയപ്പെടുന്ന നോരു തിങ്കളാഴ്ച ദക്ഷിണ ചൈനാ കടലിൽ പ്രവേശിച്ച് വിയറ്റ്നാമിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ തെക്കന്‍ ചൈനാ കടലിലാണ് നോറു ചുഴലിക്കാറ്റ് വീശിയടിക്കുന്നത്.
ബുധനാഴ്ചയോടുകൂടി മാത്രമേ നോറു വിയറ്റ്നാമിന്‍റെ കരതൊടൂ എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. നോറു കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വാദം. നോറു കടന്ന് പോകുന്ന സ്ഥലങ്ങളില്‍ ചൂട് നിലനില്‍ക്കുന്നതിനാല്‍ കൊടുങ്കാറ്റിന്‍റെ ശക്തിക്ക് കുറവുണ്ടാകാന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
400-ലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാക്കുകയും ചെയ്ത സൂപ്പർ ടൈഫൂൺ രാജ്യത്ത് നാശം വിതച്ച് വെറും ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് നോറുവിന്‍റെ കടന്ന് വരവ്. ദക്ഷിണ ചൈനാ കടലിനും ഫിലിപ്പെന്‍സ് കടലിനും ഇടയിലുള്ള ഫിലീപ്പെന്‍സ് ചുഴലിക്കാറ്റുകള്‍ക്ക് പേരു കേട്ട പ്രദേശമാണ്.
2013-ൽ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളിലൊന്നായ ഹൈയാൻ ചുഴലിക്കാറ്റിൽ ഫിലീപ്പെന്‍സില്‍ 6,300 പേർ മരിച്ചിരുന്നു. നോറുവിന്‍റെ വരവിനെ തുടര്‍ന്ന് ദ്വീപ് രാജ്യത്ത് നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരുന്നു.