- Home
- News
- International News
- Ukraine Crisis: ജീവന്‍ മാത്രം; യുദ്ധമുഖത്ത് മനുഷ്യന്‍, മൃഗം എന്ന വേർതിരിവുകളില്ല
Ukraine Crisis: ജീവന്‍ മാത്രം; യുദ്ധമുഖത്ത് മനുഷ്യന്‍, മൃഗം എന്ന വേർതിരിവുകളില്ല
യുദ്ധമുഖത്ത് നിന്ന് പലായനം ചെയ്തവരെത്രയെന്നതിന് കണക്കുകള്‍ കണ്ടെത്തുക എളുപ്പമല്ല. എങ്കിലും ഒരു ദശലക്ഷത്തിന് മേലെ ആളുകള്‍ ജീവനും കൈയില്‍പ്പിടിച്ച് റഷ്യയുടെ ബോംബുവര്‍ഷത്തിനിടയിലൂടെ ഓടി അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നുവെന്നു. ഉക്രൈന്‍ അഭയാര്‍ത്ഥികളുടെ എണ്ണം നാല് ദശലക്ഷമായി ഉയരുമെന്നാണ് യൂറോപ്യൻ യൂണിയന്‍റെ നിരീക്ഷണം. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെയിലും റഷ്യ ബോംബിങ്ങ് തുടരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അതിനിടെ, സ്വന്തം ജീവന്‍ രക്ഷിക്കാനോടുമ്പോള്‍ കൂടെയെന്ത് കരുതണമെന്ന് ചോദ്യമുയരുക സ്വാഭാവികം. പണം, വിലപിടിപ്പുള്ളത് അങ്ങനെ പലതായിരിക്കും ഓരോരുത്തരുടെയും താത്പര്യങ്ങള്‍. എന്നാല്‍, ഇടുക്കിയില്‍ നിന്നും ഉക്രൈനില്‍ മെഡിസിന്‍ വിദ്യാഭ്യാസത്തിനെത്തിയ ആര്യയെ പോലെ ചിലര്‍ കൂടെ കരുതിയത് പാസ്പോട്ടും അത്യാവശ്യം ഭക്ഷണവും പിന്നെ... അതുവരെ തങ്ങളുടെ സ്നേഹത്തിന് പകരം സ്നേഹം മാത്രം നല്‍കി കൂടെ നിന്നിരുന്ന അരുമ മൃഗങ്ങളെയായിരുന്നു. ജീവനെന്നാല്‍ മനുഷ്യ ജീവന്‍ മാത്രമല്ലെന്ന് ആ കുട്ടികള്‍ കാട്ടിത്തരുന്നു.

വാക്കും പ്രവൃത്തിയും രണ്ടെന്ന് ഇതിനകം റഷ്യ പലതവണ ഉക്രൈനില്‍ തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. വെടി നിര്‍ത്തല്‍ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും റഷ്യയുടെ ബോംബര്‍ വിമാനങ്ങള്‍ ഉക്രൈന്‍ നഗരത്തിന് മേല്‍ ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു. അതിനിടെയിലൂടെയാണ് ഓരോ ജീവനും അതിര്‍ത്തികള്‍ തേടി ഓടുന്നത്. ശത്രുവിനെയോ മിത്രത്തെയോ തിരിച്ചറിയാനാകാതെ അന്യരാജ്യത്ത് മരണത്തിന് മുന്നില്‍ നിന്നായിരുന്നു ആ പലായനങ്ങളോരോന്നും.
ഭയം നിറയ്ക്കുന്ന ആ പലായന നിമിഷങ്ങളില്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ റഷ്യന്‍ ബോംബിങ്ങിന് മുന്നില്‍ അനാഥരായി വിടാന്‍ അവരുടെ മനസ് അനുവദിച്ചില്ല. വെടിമരുന്ന് മണക്കുന്ന യുദ്ധ ഭൂമിയിലൂടെ മണിക്കൂറുകളോളം നീണ്ട നടപ്പുകള്‍ക്കൊടുവിലാണ് അവരെല്ലാവരും ഉക്രൈന്‍റെ മണ്ണില്‍ നിന്നും രക്ഷപ്പെട്ടത്. നീണ്ട മണിക്കൂറുകള്‍ നടന്ന് തളര്‍ന്ന മൃഗങ്ങളെ സ്വന്തം നെഞ്ചോട് ചേര്‍ത്ത് പിച്ചാണ് അവരോരോരുത്തരും പോളണ്ടില്‍ എത്തിയത്.
മനുഷ്യന്‍റെ നിറം നോക്കുന്ന അതിര്‍ത്തികളില്‍ പട്ടാളക്കാര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ തടഞ്ഞതും നീണ്ട യാത്രയ്ക്കിടെ മൃഗങ്ങള്‍ക്കായി ഭക്ഷണം തേടിയവരും അക്കൂട്ടത്തിലുണ്ട്. പ്രധാനമായും നായയും പൂച്ചകളെയുമാണ് കുട്ടികള്‍ കൂടെ കരുതിയിരുന്നത്. പലയിടത്തും പ്രത്യേകിച്ച് അതിര്‍ത്തികളില്‍, വാഹനങ്ങളില്‍ കയറുമ്പോഴൊക്കെ മൃഗങ്ങളെ കയറ്റാന്‍ പറ്റില്ലെന്ന നിയമ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. യുദ്ധമുഖത്ത് ഏങ്ങോട്ടെന്നില്ലാതെ മനുഷ്യനോടുമ്പോള്‍ പോലും ഇത്തരം നിയമക്കുരുക്കുകള്‍ ഒഴിവാക്കാമായിരുന്നെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. ഉക്രൈനികളും മറ്റ് വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായാണ് ഉക്രൈനില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ചില കണക്കുകള്‍ പറയുന്നു. "ഇത്തരത്തിലുള്ള ചില റോക്കറ്റ് ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നാശം, ഗ്ലാസും കോൺക്രീറ്റും ലോഹവും നിറഞ്ഞ തുറന്ന അന്തരീക്ഷം ആളുകൾക്ക് മാത്രമല്ല മൃഗങ്ങൾക്കും അപകടകരമാണ്," ഇന്‍റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ (IFAW) യുകെ ഡയറക്ടർ ജെയിംസ് സോയർ പറയുന്നു. ജെയിംസ് സോയറിന്‍റെ സംഘടന ഉക്രൈനിലെ അഭയകേന്ദ്രങ്ങളില്‍ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാന്‍ മുന്നില്‍ തന്നെയുണ്ട്.
ഉക്രൈന്‍ അതിര്‍ത്തി കടന്നെത്തുന്ന മൃഗങ്ങളെ സഹായിക്കാനായി യൂറോപ്പിലെ ചില മൃഗസംഘടനകള്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെറ്റ ജര്‍മ്മിനി പോലുള്ള സംഘടനകള്‍ മൃഗങ്ങളുടെ യുദ്ധ ഭീതിമാറ്റാനും മറ്റുമായി അതിർത്തിയിൽ "മൃഗങ്ങളെ സുരക്ഷിതമായി മേയിക്കാൻ" ശ്രമിക്കുന്നുണ്ടെന്ന് മൃഗാവകാശ ഗ്രൂപ്പിലെ ജെന്നിഫർ വൈറ്റ് പറഞ്ഞു. എങ്കിലും മൈക്രോചിപ്പിംഗും മൃഗങ്ങൾക്കുള്ള വാക്സിനേഷനും സംബന്ധിച്ച നിയമങ്ങളും ഉള്ളതിനാല്‍ മൃഗങ്ങളെ അതിര്‍ത്തി കടത്തി കൊണ്ടുവരുന്നത് ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്.
"ഒരു പ്രദേശത്ത് യുദ്ധം ബാധിക്കുമ്പോഴെല്ലാം അവിടുത്തെ മൃഗശാലയിൽ കുടുങ്ങിക്കിടക്കുന്ന മൃഗങ്ങളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്." ജെന്നിഫർ പറയുന്നു. കീവിനടുത്തുള്ള സേവ് വൈൽഡ് ബിയർ സങ്കേതത്തിൽ നിന്നുള്ള മൃഗങ്ങളെ പോളണ്ടിലേക്ക് കടത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.
പോളണ്ടിലെ ഒരു മൃഗശാലയിലാണ് അവർക്ക് അഭയം നൽകിയിട്ടുള്ളത്. എന്നാൽ എല്ലാ മൃഗശാലയില്‍ നിന്നും മൃഗങ്ങളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കീവ് മൃഗശാലയിലെ ജീവനക്കാര്‍ക്ക് മൃഗങ്ങളെ ഒഴിപ്പിക്കാനുള്ള അവസരം ലഭിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 'മൃഗങ്ങളെ ഒഴിപ്പിക്കുന്നത് മിക്കവാറും അസാധ്യമാണ്. കാരണം, ആകാശത്ത് നിന്നും ബോംബ് വര്‍ഷിക്കുമ്പോള്‍ സ്ഫോടനങ്ങള്‍ക്ക് നടുവിലൂടെ ഉചിതമായ വെറ്റിനറി സേവനവും ഗതാഗതവും നൽകി മൃഗങ്ങളെ കൊണ്ടുപോവുകയെന്നത് അസാധ്യമാണ്," മൃഗശാലയുടെ മേധാവി കൈറിലോ ട്രാന്‍റിൻ പറയുന്നു.
'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam