Ukraine Crisis; റഷ്യൻ സൈന്യത്തോട് കീഴടങ്ങാൻ സെലെൻസ്കിയുടെ ആഹ്വാനം
റഷ്യയുടെ അധിനിവേശം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോഴും ഉക്രൈന്‍റെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും കീഴടക്കാന്‍ പറ്റാതെ യുദ്ധമുഖത്ത് പാടുപെടുന്ന റഷ്യന്‍ സൈന്യത്തോട് കീഴടങ്ങാന്‍ ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലെന്‍സ്കി (Volodymyr Zelensky) ആവശ്യപ്പെട്ടു. തന്‍റെ പതിവ് രാത്രി ടിവി പ്രസംഗത്തിലാണ് സെലെന്‍സ്കി റഷ്യന്‍ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചെച്നിയയില്‍ റഷ്യ നേരിട്ട പോരാട്ടത്തേക്കാള്‍ മോശമായ നഷ്ടമാണ് റഷ്യന്‍ സൈന്യത്തിന് ഉക്രൈനില്‍ നിന്ന് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് സെലെന്‍സ്കി, റഷ്യന്‍ സൈന്യത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. ലോകത്തില്‍ ആയുധ ശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, 22-ാം സ്ഥാനത്തുള്ള ഉക്രൈനെ അക്രമിക്കുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രൈന്‍റെ പതനം സംഭവിക്കുമെന്ന് പ്രവചിച്ച യുദ്ധ നിരീക്ഷകരെയും ലോകത്തെയും ആശ്ചര്യപ്പെടുത്തുന്ന പ്രതിരോധമാണ് ഉക്രൈന്‍ ഉയര്‍ത്തിയത്. മൂന്നാഴ്ചയായിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് യുദ്ധമുഖത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളും പറയുന്നു.
'നിങ്ങള്‍ അതിജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. കീഴടങ്ങിയവരെ മനുഷ്യരായി, മാന്യമായി പരിഗണിക്കുമെന്നും' സെലെന്‍സ്കി റഷ്യന്‍ സൈനികരോടായി പറഞ്ഞു. റഷ്യൻ സ്റ്റേറ്റ് ടിവി വാർത്ത നടന്നുകൊണ്ടിരിക്കവേ 'യുദ്ധം വേണ്ട' എന്ന ബാനര്‍ ഉയര്‍ത്തിയതിന് റഷ്യ അറസ്റ്റ് ചെയ്ത മറീന ഓവ്‌സ്യാനിക്കോവയ്ക്ക് ( Marina Ovsyannikova) സെലെൻസ്‌കി തന്‍റെ ആദരവ് അറിയിച്ചു.
"സത്യം അറിയിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കാത്ത റഷ്യക്കാരോട് താൻ നന്ദിയുള്ളവനാണ്" എന്ന് യുദ്ധവിരുദ്ധ ചിഹ്നം ഉയർത്തിപ്പിടിച്ചുകൊണ്ട് സെലെന്‍സ്കി പറഞ്ഞു. റഷ്യയും ഉക്രൈനും തമ്മിലുള്ള ചർച്ചകൾ തുടരുമെന്ന് കരുതുന്നതായും സെലെന്‍സ്കി പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ സംഭാഷണങ്ങല്‍ ഞങ്ങള്‍ കേള്‍ക്കുന്നു. വിവേകശൂന്യമായ ഈ യുദ്ധത്തെക്കുറിച്ചും ഈ അപമാനത്തെക്കുറിച്ചും നിങ്ങളുടെ ഭരണകൂടത്തെക്കുറിച്ചും നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങൾ കേൾക്കുന്നു, റഷ്യന്‍ സൈനികരുടെ യുദ്ധ നീക്കങ്ങളും ഫോണും ചോര്‍ത്തിയത് ഓര്‍മ്മിപ്പിച്ചു കൊണ്ട് സെലെന്‍സ്കി പറഞ്ഞു.
യുദ്ധ മുഖത്തെ റഷ്യന്‍ സൈനികരുടെ സംഭാഷണങ്ങള്‍ ഉക്രൈന്‍ ചോര്‍ത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'അതിനാൽ, ഉക്രൈന്‍ ജനതയ്ക്ക് വേണ്ടി ഞാന്‍ റഷ്യക്കാര്‍ക്ക് ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുകയാണ്. നിങ്ങൾ ഞങ്ങളുടെ സൈന്യത്തിന് കീഴടങ്ങിയാൽ, ആളുകളോട് പെരുമാറേണ്ട രീതിയിൽ ഞങ്ങൾ നിങ്ങളോട് പെരുമാറും. മനുഷ്യരെന്ന നിലയിൽ, മാന്യമായി.' സെലെന്‍സ്കി പറഞ്ഞു.
റഷ്യന്‍ സൈന്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് ആവര്‍ത്തിച്ച സെലെന്‍സ്കി ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും ആവര്‍ത്തിച്ചു. റഷ്യയ്ക്ക് ഉക്രൈന്‍റെ മണ്ണില്‍ കനത്ത നാശം നേരിടേണ്ടിവരുമെന്നും ചെച്നിയയില്‍ ഉണ്ടായതിനേക്കാള്‍ വലുതായിരിക്കും ആ നഷ്ടമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നാറ്റോയുടെ നടപടികളെയും സെലെന്‍സ്കി വിമര്‍ശിച്ചു.
ഉക്രൈന്‍ ആകാശത്ത് വ്യോമനിരോധന മേഖല പ്രഖ്യാപിക്കാന്‍ അദ്ദേഹം നാറ്റോയോട് വീണ്ടും ആവശ്യപ്പെട്ടു. നാറ്റോയാണ് ഏറ്റവും ശക്തമായ സഖ്യമെന്ന് പറഞ്ഞ സെലെന്‍സ്കി റഷ്യന്‍ പോര്‍വിമാനങ്ങളുടെ വ്യോമപാത അടയ്ക്കാത്തതില്‍ നീരസം പ്രകടിപ്പിച്ചു. ഉക്രൈന്‍റെ ആകാശത്ത് വ്യോമനിരോധന പ്രഖ്യാപനത്തിന് നാറ്റോയോട് സെലെന്‍സ്കി നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
ഉക്രൈന്‍റെ ആകാശത്ത് നാറ്റോ, വ്യോമനിരോധന മേഖല പ്രഖ്യാപനം നടത്തിയാല്‍ അത് പുടിനെ പ്രകോപിപ്പിക്കുന്നതിന് തുല്യമാണെന്നും ഇതി മറവില്‍ റഷ്യ, നാറ്റോ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചേക്കാമെന്നും അത് മറ്റൊരു ലോകമഹായുദ്ധത്തിന്‍റെ തുടക്കത്തിന് കാരണമാകുമെന്നും നാറ്റോ വിലയിരുത്തി. ഈ ആശങ്കയിലാണ് സെലെന്‍സ്കിയുടെ ആവശ്യം നാറ്റോ തള്ളിയത്.
നാറ്റോ സഖ്യത്തിലെ ചില അംഗങ്ങൾ റഷ്യൻ ആക്രമണത്താൽ ഹിപ്നോട്ടിസ് ചെയ്യപ്പെട്ടവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്‌ളാഡിമിർ പുടിന്‍റെ അധിനിവേശം യൂറോപ്യൻ അടിസ്ഥാന സുരക്ഷാ സൗകര്യങ്ങളെ തുരങ്കം വെച്ചെന്നും മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള മറ്റ് രാജ്യങ്ങളുടെ ഭയം സമാധാനപരമായ നഗരങ്ങളിൽ ബോംബെറിയാൻ റഷ്യയെ അനുവദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി മൂന്ന് രാജ്യത്തലവന്മാര്‍ ഉക്രൈനിലേക്ക് യാത്ര തിരിച്ചു. പോളണ്ട്, ചെക്ക്, സ്ലോവേനിയൻ പ്രധാനമന്ത്രിമാരാണ് സെലെന്‍സ്കിയെ സന്ദര്‍ശിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഉര്‍ജ്ജം പകരാനുമായി ഇന്നലെ കീവിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം പോയത്. പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയന്‍ പ്രധാനമന്ത്രി യാനിസ് യാന്‍ഷ എന്നീവരാണ് ഉക്രൈന്‍ അതിര്‍ത്തി കടന്നത്.
എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ യാത്രയെ പിന്തുണച്ചിട്ടില്ല. ഉക്രൈന്‍റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മുഴുവൻ യൂറോപ്യൻ യൂണിയന്‍റെയും അനിഷേധ്യമായ പിന്തുണ സ്ഥിരീകരിക്കാനാണ് സന്ദർശനമെന്ന് പോളിഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഒപ്പം ഉക്രേനിയൻ ഭരണകൂടത്തിനും സമൂഹത്തിനും പിന്തുണയുടെ വിശാലമായ പാക്കേജ് അവതരിപ്പിക്കുമെന്നും പോളണ്ട് അറിയിച്ചു. രാഷ്ട്രനേതാക്കളുടെ സന്ദര്‍ശനത്തിനിടെയിലും ഉക്രൈനില്‍ റഷ്യ കനത്ത ബോംബിങ്ങാണ് നടത്തുന്നത്. അതിനിടെ കീവിന് സമീപം യുഎസിലെ ഫോക്സ് ന്യൂസിന്‍റെ വീഡിയോ ജേര്‍ണലിസ്റ്റായി പിയറി സക്രസെവ്സ്തി കൊല്ലപ്പെട്ടു.
ഇതോടെ രണ്ടാമത്തെ വിദേശ മാധ്യമപ്രവര്‍ത്തകനാണ് ഉക്രൈനില്‍ കൊല്ലപ്പെടുന്നത്. തൊട്ട് പുറകെ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഏറ്റവും ദുഷ്കരവും അപകടകരവുമായ നിമിഷത്തിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ഇന്നലെയും കീവ് നഗരത്തില്‍ റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ അതിശക്തമായ ബോംബിങ്ങാണ് നടത്തിയത്. ബഹുനില കെട്ടിടങ്ങള്‍ പോലും ശക്തമായ ബോംബിങ്ങില്‍ തകര്‍ന്നു.
അതിനിടെ തെക്കന്‍ നഗരമായ ഖര്‍സണ്‍ മേഖല മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് അവകാശപ്പെട്ടു. വടക്കൻ റിവ്നെ മേഖലയിലെ ടിവി ടവറിന് നേരെ തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നതായി പ്രാദേശിക ഗവർണർ വിറ്റാലി കോവൽ അറിയിച്ചു.
യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ ഉക്രൈന് വേണ്ടി പോരാടാന്‍ താത്പര്യമുള്ള വിദേശീയര്‍ക്ക് രാജ്യത്തേക്ക് വരാമെന്നും യുദ്ധമുഖത്ത് ഉക്രൈന്‍ പക്ഷത്ത് അണിചേരാമെന്നും സെലെന്‍സ്കി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോർജിയൻ നാഷണൽ ലെജിയന്‍ ( Georgian National Legion) പുതുതായി അംഗങ്ങളെ ചേര്‍ത്ത് തുടങ്ങി.
നൂറോളം പോരാളികള്‍ ഇപ്പോള്‍ തന്നെ പദ്ധതിയുടെ ഭാഗമായി ഉക്രൈന്‍റെ യുദ്ധമുഖത്തുണ്ടെന്നും അടുത്ത തന്നെ 600 പേരുടെ ഒരു സംഘത്തെ കൂടി അയക്കുമെന്നും കമാൻഡറായ മമുലാഷ്വിലി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധം വിചാരിച്ചതിനെക്കാള്‍ നീണ്ടുപോവുകയും റഷ്യന്‍ കരസൈന്യത്തിന് വലിയ നഷ്ടങ്ങളും സംഭവിച്ചതോടെ സിറിയയിലെ യുദ്ധപ്രഭുക്കളോട് ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പുടിന്‍ ക്ഷണിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടാങ്കുകളും കവചിത വാഹനങ്ങളും അടങ്ങിയ വന്‍സൈനിക വാഹനവ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇതുവരെയായും നഗരത്തിന് സമീപമെത്താന്‍ റഷ്യന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. വാഹനവ്യൂഹം കടന്ന് പോകുന്ന സ്ഥലങ്ങളിലെല്ലാം അതിശക്തമായ പ്രതിരോധമാണ് റഷ്യന്‍ സേനയ്ക്ക് നേരിടേണ്ടിവരുന്നത്. പ്രദേശികമായി നിര്‍മ്മിക്കപ്പെട്ട പെട്രോള്‍ ബോംബുകള്‍ സാധാരണക്കാരായ ജനങ്ങള്‍ വാഹനവ്യൂഹത്തിന് നേര്‍ക്ക് നിരന്തരം ഏറിയുകയാണ്.
അതിനിടെ അതിശക്തമായ തണുപ്പില്‍ വാഹനം നിര്‍ത്തിയിടാന്‍ പറ്റാതായതോടെ ഇന്ധനം തീര്‍ന്നതും ഭക്ഷണ വിതരണ ശൃംഖല തകര്‍ക്കുപ്പെട്ടതും റഷ്യന്‍ സൈന്യത്തിന് തിരിച്ചടിയായി. മൂന്നാഴ്ചത്തെ യുദ്ധത്തിനിടെ റഷ്യുടെ 13,500 സൈനികരെ വധിച്ചതായും ആയിരക്കണക്കിന് സൈനികരെ തടവിലാക്കിയതായും ഉക്രൈന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.
ഇതിനിടെ ഉക്രൈന് ലോക ബാങ്ക് 1528 കോടിയുടെ അധിക സഹായം വാഗ്ദാനം ചെയ്തു. അതേ സമയം റഷ്യ വലിയ തോതില്‍ സാമ്പത്തിക ബാധ്യത നേരിടുകയാണ്. യൂറോപ്യന്‍ യൂണിയനും യുഎസും അടക്കം നിരവധി രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ലോകത്തെ നിരവധി കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.
ഇതോടെ റഷ്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഏതാണ്ട് നിശ്ചലമായി. റഷ്യയിലെ നിരവധി വാര്‍ത്താ ചാനലുകള്‍ സര്‍ക്കാറിന്‍റെ അമിത നിയന്ത്രണം വന്നത്തോടെ പൂട്ടിപ്പോയപ്പോള്‍ നിരവധി വ്യാവസായ സ്ഥാപനങ്ങള്‍ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവിനെ തുടര്‍ന്ന് പൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സാമ്പത്തികമായി ഞെരുക്കപ്പെട്ട റഷ്യ ചൈനയോട് ആയുധവും പണവും ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ റഷ്യ ഈ ആരോപണം നിഷേധിച്ചു. അതിനിടെ ഉക്രൈനില്‍ യുഎസ് സഹായത്തോടെ രാസ/ജൈവായുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന ആരോപണം ചൈന ആവര്‍ത്തിച്ചു.