Ukraine Conflict: റഷ്യയെ നേരിടാന്‍ കുട്ടികളും സൈനീക പരിശീലനത്തിന്
വളര്‍ന്നു വരുന്ന റഷ്യാ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ സ്വന്തം രാജ്യാതിര്‍ത്തികള്‍ കാക്കാന്‍ കുട്ടികള്‍ക്കും ഉക്രൈന്‍ സൈനീക പരിശീലനം നല്‍കുകയാണെന്ന് വാര്‍ത്തകള്‍. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതിന് റിസര്‍വ് സൈനീകരെ പരിശീലനം ചെയ്യുന്ന ഉക്രൈന്‍ ക്യാമ്പില്‍ കുട്ടികളെയും പരിശീലിപ്പിക്കുന്നു. ഉക്രൈന്‍ തലസ്ഥാനമായ കീവ് നഗരത്തിന് പുറത്തെ മഞ്ഞുമൂടിയ കാടുകളിൽ നടക്കുന്ന തീവ്ര പരിശീലന ക്യാമ്പികളില്‍ നേരത്തെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും സ്ത്രീകള്‍ക്കും മറ്റ് പ്രൊഷണല്‍ ജോലിക്കാര്‍ക്കും സൈനീക പരിശീലനം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റസര്‍വ് സൈനീകര്‍ക്കുള്ള പരിശീനല ക്യാമ്പുകളില്‍ തടികൊണ്ടുള്ള തോക്കുപയോഗിച്ചാണ് പരിശീലനം. ഇത്തരത്തില്‍ തടികൊണ്ടുള്ള കൃത്രിമ തോക്കുകളുപയോഗിച്ച് കുട്ടികള്‍ പരിശീലനം ചെയ്യുന്ന ചിത്രങ്ങളും പുറത്ത് വന്നു.
ഇരട്ടസഹോദരൻമാരായ താരാസും ബോധനും നാല്, പുരുഷന്മാര്‍ക്കും ചില സ്ത്രീകള്‍ക്കുമൊപ്പം സൈനീക പരിശീലനം ചെയ്യുന്നു. 'അവർക്ക് യുദ്ധം മനസ്സിലായില്ലെന്ന് ഞാൻ കരുതുന്നു. എന്താണ് സംഭവിക്കുന്നതെന്ന്, പക്ഷേ സൈന്യവുമായുള്ള എല്ലാ കാര്യങ്ങളും അവർ ഇഷ്ടപ്പെടുന്നു. അവർ വളരുമ്പോൾ സൈനികരാകാനും അവരുടെ മാതൃരാജ്യത്തെ പ്രതിരോധിക്കാൻ പോരാടാനും ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ അവരെ തടയില്ല.' കുട്ടികളുടെ അമ്മ ഐറിന (35) പറഞ്ഞു.
'അവർ സൈനീകരാകാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. ഒരാള്‍ ഫയർമാനും മറ്റെയാള്‍ പൊലീസുകാരനും.' ഐറിന പറയുന്നു. ഐറിനയുടെ അമ്മാവൻ ഉക്രൈനിയൻ സൈന്യത്തിന് വേണ്ടി റഷ്യയ്ക്കെതിരെ പോരാടി മരിച്ച സൈനീകനാണ്. ഇപ്പോൾ റഷ്യൻ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശമായ ഡോൺബാസിലെ ഡെബാൾറ്റ്‌സെവിൽ ഒരു യുദ്ധത്തിനിടെയാണ് അദ്ദേഹം സ്‌ഫോടനത്തിൽ മരിച്ചത്. 'ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ ശരീരം മുഴുവൻ തിരികെ ലഭിച്ചില്ല.' ഐറിന കൂട്ടിച്ചേര്‍ത്തു.
'ഒരു ദിവസം അവൻ ഉക്രൈനിനായി പോരാടുകയാണെങ്കിൽ, ഞാൻ അവനെക്കുറിച്ച് വളരെ അഭിമാനിക്കും.' യാരോസ്ലാവ് പികാലികിന്‍റെ (10), അമ്മ ടെറ്റിയാന പറയുന്നു. 'ഞാൻ ഇന്ന് എന്‍റെ മമ്മിക്കൊപ്പമാണ്. ഒരുപക്ഷേ ഞാൻ ഒരു ദിവസം വരാം, ഒരുപക്ഷേ, എനിക്കറിയില്ല.' അമ്മ കൈ പിടിച്ച് നിന്ന് പത്ത് വയസുകാരാന്‍ യാരോസ്ലാവ് കൂട്ടിച്ചേര്‍ത്തു. യാരോസ്ലാവിന്‍റെ അച്ഛനും യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞയാളാണ്.
സൈനീക പരിശീലനത്തിനായി തെരഞ്ഞടുക്കപ്പെടാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ കീവിന്‍റെ 127 ബറ്റാലിയൻ ഓഫ് ടെറിട്ടോറിയൽ ഡിഫൻസിൽ ചേരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, കുട്ടികള്‍ക്ക് ഈ ടെറിട്ടോറിയല്‍ ഡിഫന്‍സില്‍ ചേരാന്‍ കഴിയില്ല. കാരണം, അവര്‍ക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്നത് തന്നെ. എന്നാല്‍, യാരോസ്ലാവിന്‍റെ അമ്മ പറയുന്നത് യാരോസ്ലാവ് പരിശീലനത്തിനായി ഇവിടെ വരാൻ ആഗ്രഹിച്ചു. കാരണം അവന്‍റെ അച്ഛൻ അഞ്ച് വർഷം മുമ്പ് മരിച്ചതായിരുന്നു'.
സ്വന്തം രാജ്യത്തെ മറ്റൊരു രാജ്യം അക്രമിക്കുകയാണെന്ന ആശങ്കയിലാണ് ഉക്രൈനിലെ കുട്ടികള്‍ പോലും. ഒരു പക്ഷേ ഇരട്ടസഹോദരൻമാരായ താരാസിന്‍റെയും ബോധന്‍റെയും അമ്മ ഐറിന്‍ പറഞ്ഞത് പോലെ അവര്‍ക്ക് യുദ്ധമെന്താണെന്ന് മനസിലായിട്ടുണ്ടാകില്ല. പക്ഷേ, തങ്ങള്‍ക്കൊന്തോ ആപത്ത് വരുന്നുണ്ടെന്ന അവര്‍ക്ക് മനസിലായിട്ടുണ്ട്.
ഇന്ന് ഉക്രൈനികളായ ഓരോ അമ്മമാരും തങ്ങളുടെ മക്കള്‍ സൈന്യത്തില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്ക് റഷ്യയെന്ന വലിയ രാഷ്ട്രത്തിനെതിരെ യുദ്ധത്തില്‍ പോരാടേണ്ടതുണ്ട്. 'ഉക്രൈന് വേണ്ടി ജീവൻ നൽകിയ ഒരാളുടെ മകനാണ് അവൻ,
ഇന്ന് പ്രായപൂർത്തിയായ പുരുഷന്മാരുടെ സ്വാധീനം വേണ്ടെതും അതിനായി അവന്‍ ഇന്ന് ഇവിടെ ഉണ്ടായിരിക്കുന്നതും നല്ലതാണ്.'
യരോസ്ലാവ് പികാലികിന്‍റെ അമ്മ ടെറ്റിയാന പറയുന്നു.
യരോസ്ലാവിന്‍റെ ഹീറോ അവന്‍റെ അച്ഛനായിരുന്നു. അദ്ദേഹം, ഒലെഗ് 38-ാം വയസ്സിൽ ഉക്രൈന്‍ സൈന്യത്തെ വിതരണം ചെയ്യുന്ന ഒരു വോളണ്ടിയർ ഡ്രൈവറായിരിക്കെ കൊല്ലപ്പെട്ടു. അഞ്ച് വർഷം മുമ്പ് ഉക്രൈന് അന്ന് റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളോട് യുദ്ധം ചെയ്യുകയായിരുന്നു. പോരാട്ടത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ അദ്ദേഹം അതിന്‍റെ ആഘാതത്തില്‍ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.
എന്നാല്‍, ഒലെഗ് പൂര്‍ണ്ണസമയ സൈനീകനായിരുന്നില്ല. അദ്ദേഹം യുദ്ധസമയത്ത് സൈന്യത്തെ സഹായിക്കാനായെത്തിയ ടെറിട്ടോറി ആര്‍മിയുടെ ഭാഗമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ വിധവ ഐറിന് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഇന്ന് യാരോസ്ലാവിന്‍റെ ഹീറോ അവന്‍റെ മുത്തച്ഛനാണ്. കാരണം അദ്ദേഹം അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയന് വേണ്ടി യുദ്ധം ചെയ്ത കേണലാണ്. അക്കാലത്ത് ഉക്രൈന്‍ യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്നു. യരോസ്ലേവും തന്‍റെ പാതപിന്തുടര്‍ന്ന് സൈനീകനാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
അമ്മമാര്‍ക്കൊപ്പം പരിശീലനത്തിനെത്തുന്നത് ആണ്‍കുട്ടികള്‍ മാത്രമല്ല. കൌമാരം പിന്നിട്ട യുവതികളും യുദ്ധപരിശീനലത്തിനായി കീവിലെ പരിശീലന ക്യാമ്പിലെത്തുന്നു. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ യാന കോമുഷിന്‍റെ (20) കൈയിലുള്ളത് എകെ 47 ആണ്. യാനയും കഠിന പരിശീലനത്തിലാണ്.
ഉക്രൈന്‍ വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ എനിക്കാല്‍ കഴിയുന്നത് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എങ്കിലും ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ രസമാണ്. എന്നാല്‍ ഇത് എപ്പോഴും ഗൌരവമുള്ളതാണെന്ന് എനിക്കറിയാം. എന്നാല്‍ ഉക്രൈന്‍റെ രക്ഷയ്ക്ക് ആളുകളെ കൊല്ലണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അങ്ങനെയൊന്ന് ചെയ്യേണ്ടിവന്നാല്‍ തീര്‍ച്ചയായും ഞാനത് ചെയ്യും." കൌമാരം പിന്നിട്ട യാന പറയുന്നു.
സന്നദ്ധപ്രവർത്തകരായ സോഫിയയും (19), വാഡിമും (19) എന്നിവർ ആറ് വർഷമായി ഡേറ്റിംഗിലാണ്. ഇരുവരും സൈനീക പരിശീലനത്തിനെത്തിയതാണ്. റഷ്യയുദ്ധം ആരംഭിച്ചാല്‍ തങ്ങളും മുന്നണിയിലുണ്ടാകുമെന്ന് ഇരുവരും പറയുന്നു. കാരണം, മാതൃരാജ്യത്തെ അവര്‍ക്ക് ശത്രുവില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം 10,000 സൈനികരെ കുടി റഷ്യ, 2014 ല്‍ ഉക്രൈനില്‍ നിന്നും പിടിച്ചെടുത്ത ക്രിമിയയിലേക്ക് അയച്ചു. നിലവില്‍ ഉക്രൈന്‍റെ കിഴക്കന്‍ അതിര്‍ത്തിയില്‍ 1,26,000 റഷ്യന്‍ സൈനീകരും കവചിത വാഹനങ്ങളും ടാങ്കുകളും യുദ്ധവിമാനങ്ങളും സജ്ജമാണ്.
വടക്കന്‍ അതിര്‍ത്തിയില്‍ 80,000 സൈനീകരെയും റഷ്യ വിന്യസിച്ച് കഴിഞ്ഞു. ഏത് നിമിഷവും റഷ്യ ആക്രമണത്തിന് സജ്ജമാണെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ദ്ധിപ്പിച്ചു.
ഇതിനിടെ യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ ഉക്രൈനെതിരെ റഷ്യ യുദ്ധത്തിന് തയ്യാറായാല്‍ ഉപരോധമടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ചൈനയ്ക്ക് ഉക്രൈനില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളുണ്ടെന്നും അതിനാല്‍ ഉക്രൈനില്‍ ഒരു യുദ്ധമുണ്ടാകാന്‍ ചൈന ആഗ്രഹിക്കില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇതിനിടെ നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനായി യൂറോപ്പിലേക്ക് അയച്ച ആദ്യത്തെ യുഎസ് സൈനീക സംഘം ജർമ്മനിയിൽ എത്തിയതായി യുഎസ് മിലിട്ടറിയുടെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. നേരത്തെ റഷ്യയുമായി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായതിനാല്‍ ജര്‍മ്മനി നേരിട്ട് റഷ്യയ്ക്കെതിരെ രംഗത്തിറങ്ങാന്‍ മടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനൊക്കെ പുറമേ ഉക്രൈന്‍ വിഷയത്തില്‍ റഷ്യയ്ക്കൊപ്പമാണെന്ന് ചൈന നിലപാടെടുത്തത് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പഴയ ശീതയുദ്ധകാലത്തേക്കുള്ള മടങ്ങിപ്പോക്കാണോയെന്ന ആശങ്കയിലാണ് ലോകം.