കേരളത്തെ ഓര്‍മ്മിപ്പിക്കും ദൃശ്യങ്ങള്‍; പ്രളയത്തില്‍ മുങ്ങി വിയറ്റ്‌നാം
കൊവിഡ് ദുരിതം വിട്ടുമാറും മുമ്പേ വിയറ്റ്‌നാമിനെ പ്രളയം വിഴുങ്ങിയിരിക്കുകയാണ്. ലക്ഷങ്ങള്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. ആയിരങ്ങളുടെ ജീവിതം ദുരിതാശ്വാസ ക്യാമ്പിലായി. രാജ്യത്തെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തില്‍. 2018ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തെ അനുസ്മരിപ്പിക്കുന്നതാണ് വിയറ്റ്‌നാം ഇപ്പോള്‍ നേരിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ മുങ്ങി വിയറ്റ്‌നാം. രാജ്യത്തിന്റെ പലഭാഗങ്ങളും പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. കൊവിഡ് 19 ദുരിതത്തില്‍ നിന്ന് കരകയറും മുമ്പേയാണ് വിയറ്റ്‌നാമിനെ പ്രളയം ദുരിതത്തിലാക്കുന്നത്.
പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏറെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനികരും. എല്ലായിടത്തും റോഡുകളും വീടുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് റെഡ്‌ക്രോസ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി വിയറ്റ്‌നാമില്‍ കനത്ത മഴ പെയ്യുകയാണ്. 2018ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളാണ് വിയറ്റ്‌നാമില്‍ നിന്ന് പുറത്തുവരുന്നത്.
വരും ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്.
ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കം വിയറ്റ്‌നാമില്‍ ദശകങ്ങള്‍ക്ക് ശേഷമാണ് ഉണ്ടാകുന്നതെന്ന് വിയറ്റ്‌നാം റെഡ്‌ക്രോസ് സൊസൈറ്റി പ്രസിഡന്റ് എന്‍ഗുയെന്‍ തി ഷുവാന്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഷ്ടത്തിലായ ജനങ്ങള്‍ക്കിടയില്‍ പ്രളയം മറ്റൊരു ദുരന്തമാണ് വിതച്ചിരിക്കുന്നത്. നിരവധിയാളുകളുടെ കിടപ്പാടവും ജീവിതമാര്‍ഗവും വെള്ളത്തിലായി. 178000 പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് ഏക്കര്‍ക്കണക്കിന് കൃഷിയും ഏഴ് ലക്ഷത്തോളം കാലി സമ്പത്തും നശിച്ചു.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് റെഡ്‌ക്രോസ് അധികൃതര്‍ അറിയിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടവും കുടിവെള്ളവും ഭക്ഷണവും മരുന്നും ആവശ്യമുണ്ടെന്നും റെഡ്‌ക്രോസ് അറിയിച്ചു.
ലക്ഷക്കണക്കിന് ആളുകളെ പ്രളയം പട്ടിണിയിലേക്ക് തള്ളിവിടുമെന്നും അധികൃതര്‍ ആശങ്കപ്പെട്ടു. 3.25 ലക്ഷം ഡോളറിന്റെ സഹായം ഇതുവരെ റെഡ്‌ക്രോസ് ലഭ്യമാക്കി.