- Home
- News
- International News
- Mammatus clouds : അര്‍ജന്‍റീനിയന്‍ ആകാശത്ത് മമ്മാറ്റസ് മേഘങ്ങള്‍; അത്ഭുതവും ഒപ്പം ആശങ്കയും
Mammatus clouds : അര്‍ജന്‍റീനിയന്‍ ആകാശത്ത് മമ്മാറ്റസ് മേഘങ്ങള്‍; അത്ഭുതവും ഒപ്പം ആശങ്കയും
ആകാശം നിറയെ പരുത്തി കമ്പിളിയുടെ കൂറ്റന്‍ പന്തുകള്‍ ആരാണ് ഉരുട്ടികയറ്റിയതെന്നായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ അര്‍ജന്‍റീനയിലെ കോര്‍ഡോബയിലെ കാസാ ഗ്രേഡിന്‍റെ ആകാശത്തേക്ക് നോക്കിയവര്‍ അത്ഭുതപ്പെട്ടത്. അതെ, അക്ഷരാര്‍ത്ഥത്തില്‍ അത് തന്നെയായിരുന്നു കാഴ്ചയെന്ന് സമൂഹ്യമാധ്യമങ്ങളില്‍ തരംഗമായ ചിത്രങ്ങളും കുറിപ്പുകളും കാണിക്കുന്നു. എന്നാല്‍ തൊട്ട് പുറകെ സര്‍ക്കാറിന്‍റെ കാലാവസ്ഥാ മുന്നറിയിപ്പ് വന്നു. ആളുകള്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടണമെന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നായിരുന്നു അത്. പറഞ്ഞ് തീരും മുന്നേ ആകാശത്തിരുന്ന പഞ്ഞിക്കൂട്ടമെല്ലാം ആലിപ്പഴമായി താഴേക്ക് വീണു തുടങ്ങി.

കഴിഞ്ഞ ആഴ്‌ച കോർഡോബയിലെ കാസ ഗ്രാൻഡെക്ക് മുകളിൽ മൂടിക്കെട്ടിയ ആകാശം പതുക്കെ മമ്മറ്റസ് മേഘങ്ങളായി രൂപം മാറി. മനോഹരമായി കാണുന്ന വിചിത്രമായ മേഘ രൂപീകരണമായിരുന്നു അത്.
ആ മേഘാവരണം കാണുമ്പോള്‍ തന്നെ അക്രമാസക്തമായ ഇടിമിന്നലുകളെ കുറിച്ചുള്ള സര്‍ക്കാര്‍ മുന്നറിയിപ്പുകളുമെത്തി.
കഴിഞ്ഞ ആഴ്ച ഇത്തരം മേഘങ്ങളുടെ 10,000 ചിത്രങ്ങളാണ് ഇന്‍റര്‍നെറ്റിലേക്ക് അപ്പ്ലോഡ് ചെയ്യപ്പെട്ടതെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോകളില്‍ ആളുകൾ മേഘങ്ങളെ 'മാർഷ്മാലോസ്', 'പരുത്തി കമ്പിളി', 'ഫ്രീക്കി' എന്നിങ്ങനെ തങ്ങള്‍ക്കിഷ്ടമുള്ള പേരുകളില്‍ വിശേഷിപ്പിച്ചു.
വീഡിയോയ്‌ക്കൊപ്പമുണ്ടായിരുന്ന ഒരു വിവരണം ഇങ്ങനെയായിരുന്നു. 'ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് ആകാശം ഈ അസാധാരണമായ മേഘങ്ങളാൽ മൂടപ്പെട്ടിരുന്നു, അത് ഞങ്ങൾ ഒരു വിവേറിയത്തിൽ കുടുങ്ങിയതായി ഞങ്ങൾക്ക് തോന്നി, തുടർന്ന് മിന്നലും കാറ്റും ആലിപ്പഴവും അടക്കമുള്ള ശക്തമായ കൊടുങ്കാറ്റ് വന്നു.'
'കാലാവസ്ഥാ കൃത്രിമത്വത്തിന്‍റെ ഫലമായേക്കാവുന്ന ഈ വിചിത്ര പ്രതിഭാസം പകർത്താൻ അവിടെയെത്താൻ ഞങ്ങൾ ഭാഗ്യവാന്മാരായിരുന്നു.' ഇത്തരമൊരു വിസ്മയകരമായ കാഴ്ച കാഴ്ചക്കാർ അമ്പരന്നു. കണ്ടവര്‍ കണ്ടവര്‍ സമൂഹ്യമാധ്യമങ്ങളിലെഴുതി.
'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ മേഘങ്ങളാണിവ,' ഒരാള്‍ എഴുതി. ചിലർ അവയെ 'മാർഷ്മാലോ മേഘങ്ങൾ' എന്ന് വിളിച്ചു.
മറ്റൊരാൾ പറഞ്ഞത്: 'അത് വളരെ വിചിത്രമാണ്, കഴിയുമെങ്കിൽ ഞാൻ ദിവസം മുഴുവൻ അത് നോക്കിനിൽക്കും.' എന്നാണ്.
വേറൊരാള്‍ പറഞ്ഞത്. 'മറ്റൊരു ഗ്രഹത്തിൽ നിന്നാകാം', എന്നാണ്. മറ്റൊരു കാഴ്ചക്കാരൻ കൂട്ടിച്ചേർത്തത്: 'ഇത് മനോഹരമാണ്. ഞങ്ങൾ ശരിക്കും പറുദീസയിലാണ് ജീവിക്കുന്നത്.' ഇങ്ങനെയും.
1894 ല്‍ വില്യം ക്ലെമന്‍റ് ലേ (William Clement Ley) യാണ് ആദ്യമായി ഇത്തരം മേഘങ്ങളെ കുറിച്ച് രേഖപ്പെടുത്തിയത്. ഊഷ്മള വായുവിന്‍റെ സംവഹനത്തിലൂടെ ഉയരുന്ന മേഘങ്ങളുടെ ഞരമ്പുകള്‍ക്ക് വിരുദ്ധമായി പോക്കറ്റുകള്‍ രൂപപ്പെടുന്നതിന് തണുത്ത വായു താഴേക്ക് ആഴ്ന്നിറങ്ങുന്നതിലൂടെയാണ് വ്യത്യസ്ത പിണ്ഡമുള്ള അടിവശങ്ങള്‍ മേഘത്തിന് താഴെയായി രൂപപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.
ഡബ്ല്യുഎംഒയുടെ ഇന്‍റർനാഷണൽ ക്ലൗഡ് അറ്റ്‌ലസ് അനുസരിച്ച്, മമ്മ എന്നത് ഒരു ജനുസ്, സ്പീഷീസ് അല്ലെങ്കിലും വിവിധതരം മേഘങ്ങളെക്കാൾ ഒരു ക്ലൗഡ് സപ്ലിമെന്‍ററി സവിശേഷതയാണ് ഇവയ്ക്കുള്ളതെന്ന് പറയുന്നു.
ഇത്തരം മേഘങ്ങളെ പൊതുവേ മമ്മാറ്റസ് (Mammatus) അഥവാ മമ്മറ്റോക്യുമുലസ് ( mammatocumulus - സസ്തന മേഘങ്ങള്‍) എന്ന് വിളിക്കുന്നു. ഒരു മേഘത്തിന്‍റെ അടിയിൽ തൂങ്ങിക്കിടക്കുന്ന സഞ്ചികളുടെ ഒരു സെല്ലുലാർ പാറ്റേണാണ് മൂലമാണ് ഇത്തരം മേഘങ്ങള്‍ക്ക് ഈ പേര് വരാന്‍ കാരണം.
സാധാരണയായി ഒരു ക്യുമുലോനിംബസ് മഴമേഘം, മറ്റ് തരം മാതൃമേഘങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാറ്റിൻ 'മമ്മ'യിൽ നിന്നാണ് 'മമ്മറ്റസ്' എന്ന പേര് ഉരുത്തിരിഞ്ഞത്. ('മമ്മറ്റസ്' എന്നാല്‍ "അകിട്" അല്ലെങ്കിൽ "സ്തനം" എന്നാണര്‍ത്ഥം).
ഇത്തരം സെല്ലുലാര്‍ പാറ്റേണുകളടങ്ങിയ ക്യുമുലോനിംബസ് മേഘങ്ങൾ ഏറെ വലുതായിരിക്കും. അതിനാല്‍ താരതമ്യേന താഴ്ന്ന ആവൃത്തിയില്‍ പറക്കുന്ന ഇവയെ ഭൂമിയില്‍ നിന്ന് തന്നെ കാണാം.
ഇടയ്ക്കിടെ ഇടിമിന്നൽ, ആലിപ്പഴം, കനത്ത മഴ, മിന്നൽ എന്നിവയ്ക്ക് കാരണമാകുന്ന അസ്ഥിരമായ ക്യുമുലോനിംബസ് മേഘങ്ങളാണ് മാമറ്റസ് രൂപീകരണത്തിന് കാരണമാകുന്നതും.
വായുവിന് മതിയായ തണുപ്പുണ്ടെങ്കിൽ കനത്ത മഴ സാന്ദ്രമാവുകയും അത് പിന്നീട് മഞ്ഞ് കൊടുങ്കാറ്റിന് കാരണവുമാകാം. മെറ്റ് ഓഫീസ് പറയുന്നതനുസരിച്ച്, സ്ട്രാറ്റോകുമുലസ്, ആൾട്ടോസ്ട്രാറ്റസ്, ആൾട്ടോകുമുലസ് മേഘങ്ങളോടൊപ്പം മമ്മറ്റസ് മേഘങ്ങളും കാണപ്പെടുന്നു. അഗ്നിപർവ്വത ചാര മേഘങ്ങളുടെ അടിഭാഗത്തും മമ്മറ്റസ് രൂപങ്ങൾ കാണപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam