കൊവിഡ് 19 ; ഒരു വര്‍ഷത്തിനിടെ മരണം 15,50,837
First Published Dec 8, 2020, 3:09 PM IST
ഇന്ന് ഡിസംബര്‍ 8. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകം തന്നെ നിശ്ചലമാക്കിയ കൊറോണാ രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ഡിസംബര്‍ 8 നാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി സാര്‍സ് വിഭാഗത്തില്‍പ്പെട്ട കൊവിഡ് 19 എന്ന രോഗാണുവിന്‍റെ വ്യാപനം ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന ഔദ്ധ്യോഗീകമായി സ്ഥിരീകരിച്ചത്. ആ സ്ഥിരീകരണമുണ്ടായിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ലോകത്തിന്‍റെ ക്രമം തന്നെ മാറ്റപ്പെട്ടിരിക്കുന്നു. കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം തടയാന്‍ മാസങ്ങളോളം ലോകത്തെ എല്ലാ രാജ്യങ്ങളും അടച്ചിട്ടു. അതോടെ ലോകത്തിന്‍റെ സാമ്പത്തിക ക്രമം തന്നെ നിശ്ചലമായി. ഒരു വര്‍ഷം കൊണ്ട് 6 കോടി ജനങ്ങള്‍ക്ക് രോഗാണു സ്ഥിരീകരിച്ചപ്പോള്‍ 15 ലക്ഷം പേര്‍ ഇതിനകം ജീവന്‍ വെടിഞ്ഞു. 4 കോടി പേര്‍ക്ക് രോഗം ഭേദമായി. പക്ഷേ ഇന്നും മറുമരുന്ന് കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന ഔദ്ധ്യോഗീകമായി അംഗീകരിച്ചിട്ടില്ല. ഇനിയുള്ള ലോകക്രമത്തില്‍ കൊവിഡിനു മുമ്പും പിമ്പും എന്ന തരംതിരിവിലേക്ക് തന്നെ ലോകം മാറിമറിഞ്ഞിരിക്കുന്നു.

ഒരു രോഗാണുവിന്‍റെ ലോകവ്യാപനം പ്രത്യക്ഷത്തില്‍ സൃഷ്ടിച്ച മാറ്റമെന്ന് പറയുന്നത് ലോകത്തെ ഏതാണ്ടെല്ലാ ജനങ്ങളും വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്ക് വയ്ക്കാന്‍ തുടങ്ങിയെന്നതാണ്. സാനിറ്റൈസറുകളും കൈകഴുകലും വ്യക്തികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കലും ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍ പാശ്ചാത്യരുടെ അഭിവാദ്യ രീതിയായിരുന്നു പരസ്പരം കൈകൊടുക്കല്‍ (Shake hands) സാമൂഹിക ജീവിതത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമായി.

ഒരു വര്‍ഷം കൊണ്ട് ലോകസാമൂഹിക ക്രമത്തില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരു സൂക്ഷ്മാണുവിന് കഴിയുമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ലോകം മാറിക്കഴിഞ്ഞു. ആ തിരിച്ചറിവിലാണ് സാനിറ്റൈസറുകളും സാമൂഹിക അകലവും ജീവിതചര്യകളിലേക്ക് കയറിവന്നതും.
Post your Comments