കൗമാരക്കാരുടെ സുരക്ഷ മുൻനിർത്തി ഓസ്‌ട്രേലിയ നടപ്പിലാക്കിയ സോഷ്യൽ മീഡിയ നിരോധനം വലിയ പ്രതിസന്ധിയിലാണെന്ന് പുതിയ റിപ്പോർട്ടുകൾ. 16 വയസ്സിൽ താഴെയുള്ളവർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടും, 13-നും 15-നും ഇടയിൽ പ്രായമുള്ളവരിൽ 20 ശതമാനത്തിലധികം പേർ ഇപ്പോഴും നിരോധിക്കപ്പെട്ട ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. 

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടി പൂർണ്ണമായി ലക്ഷ്യം കാണുന്നില്ലെന്ന് പുതിയ റിപ്പോർട്ടുകൾ. നിരോധനം നിലവിൽ വന്ന് രണ്ട് മാസത്തിന് ശേഷവും 13-നും 15-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ അഞ്ചിലൊരാൾ ഇപ്പോഴും സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ പാരന്റൽ കൺട്രോൾ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ 'ക്യുസ്റ്റോഡിയോ' (Qustodio) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

നിരോധനത്തിന് ശേഷമുള്ള അവസ്ഥ

കഴിഞ്ഞ ഡിസംബറിലാണ് ലോകത്തിന് തന്നെ മാതൃകയാകുമെന്ന് കരുതിയ സോഷ്യൽ മീഡിയ നിരോധനം ഓസ്‌ട്രേലിയ നടപ്പിലാക്കിയത്. പ്രായപൂർത്തിയാകാത്തവരെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കാൻ കമ്പനികൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, പ്രായപരിശോധന സംവിധാനങ്ങളെ മറികടന്ന് വലിയൊരു വിഭാഗം കുട്ടികൾ ഇപ്പോഴും ടിക് ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ ആപ്പുകളിൽ സജീവമാണ്.

ക്യുസ്റ്റോഡിയോയുടെ റിപ്പോർട്ട് പ്രകാരം. നവംബറിനും ഫെബ്രുവരിക്കും ഇടയിൽ സ്നാപ്ചാറ്റ് ഉപയോഗിക്കുന്ന 13-15 പ്രായക്കാരുടെ എണ്ണത്തിൽ 13.8 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും, ഇപ്പോഴും 20.3 ശതമാനം കുട്ടികൾ ഇത് ഉപയോഗിക്കുന്നുണ്ട്. ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 5.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. എങ്കിലും 21.2 ശതമാനം കൗമാരക്കാർ ഇപ്പോഴും ഈ പ്ലാറ്റ്‌ഫോമിലുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

ലോഗിൻ ചെയ്യാതെ തന്നെ ഉപയോഗിക്കാമെന്ന നിയമപരമായ ഇളവുള്ളതിനാൽ യൂട്യൂബിന്റെ ഉപയോഗത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. 36.9 ശതമാനം കൗമാരക്കാരാണ് യൂട്യൂബ് ഉപയോഗിക്കുന്നത്.

പ്രായപരിശോധനയിലെ പാളിച്ചകൾ

നിരോധനം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ, ഏകദേശം 35 ദശലക്ഷം യുഎസ് ഡോളർ വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്‌സ്, ഗൂഗിളിന്റെ യൂട്യൂബ്, ടിക് ടോക്, സ്നാപ്ചാറ്റ് എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. കുട്ടികൾ ഇപ്പോഴും പ്ലാറ്റ്‌ഫോമുകളിൽ തുടരുന്നത് കമ്പനികളുടെ പ്രായപരിശോധന രീതികളുടെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പല പ്ലാറ്റ്‌ഫോമുകളും കുട്ടികളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നുണ്ടോ എന്ന കാര്യം ഇന്റർനെറ്റ് റെഗുലേറ്ററായ 'ഇ-സേഫ്റ്റി കമ്മീഷണർ' പരിശോധിച്ചു വരികയാണ്. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് റെഗുലേറ്റർ വക്താവ് അറിയിച്ചു.

മാറ്റത്തിന് സമയം വേണ്ടിവരും

സോഷ്യൽ മീഡിയ പ്രായപരിധി വർദ്ധിപ്പിക്കുക എന്നത് പെട്ടെന്ന് നടപ്പിലാക്കാവുന്ന ഒന്നല്ലെന്നും അതൊരു വലിയ 'സാംസ്കാരിക മാറ്റമാണെന്നും' ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസിന്റെ വക്താവ് പ്രതികരിച്ചു. ഇതിന് കൃത്യമായ സമയം വേണ്ടിവരുമെന്നാണ് സർക്കാരിന്റെ നിലപാട്. ഓസ്‌ട്രേലിയയിലെ വേനൽക്കാല അവധിക്കാലത്ത് സ്വാഭാവികമായും സോഷ്യൽ മീഡിയ ഉപയോഗം കുറയാറുണ്ട്. എന്നാൽ ഇത്തവണത്തെ ഇടിവ് നിരോധനം മൂലമാണെന്ന് ക്യുസ്റ്റോഡിയോ വ്യക്തമാക്കുന്നു. എങ്കിലും ജനുവരിക്ക് ശേഷം ഈ ഉപയോഗം വീണ്ടും പതുക്കെ വർദ്ധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാറ്റം

നിരോധനം വന്നതോടെ കുട്ടികൾ നിയന്ത്രണമില്ലാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറുമെന്ന് വലിയ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ നിലവിൽ അത്തരമൊരു പ്രവണത ദൃശ്യമല്ല. അതേസമയം, വാട്സാപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരോധനത്തിൽ നിന്ന് വാട്സാപ്പിനെ ഒഴിവാക്കിയിട്ടുള്ളതും ഒരു കാരണമാണ്.

രക്ഷിതാക്കളുടെ പങ്ക്

രക്ഷിതാക്കൾ ആക്സസ് ബ്ലോക്ക് ചെയ്യാത്ത ഇടങ്ങളിൽ കുട്ടികൾ ഇപ്പോഴും ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. പലപ്പോഴും പ്രായം തെറ്റായി നൽകിയോ മറ്റ് മാർഗങ്ങളിലൂടെയോ ആണ് കുട്ടികൾ അകത്തു കടക്കുന്നത്. ഈ നിയമം എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കാൻ ഗവൺമെന്റും സർവ്വകലാശാലകളും സ്വന്തം നിലയിൽ പഠനങ്ങൾ നടത്തി വരികയാണ്. വരും മാസങ്ങളിൽ ഈ റിപ്പോർട്ടുകൾ കൂടി പുറത്തു വരുന്നതോടെ നിരോധനത്തിന്റെ കൃത്യമായ ചിത്രം വ്യക്തമാകും.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഓസ്‌ട്രേലിയയുടെ ഈ പരീക്ഷണം നിരീക്ഷിച്ചു വരികയാണ്. ഇതിന്റെ വിജയം മറ്റ് രാജ്യങ്ങളിലും സമാനമായ നിയമങ്ങൾ വരാൻ കാരണമായേക്കാം. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സാങ്കേതികമായി ഈ നിരോധനം നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ്.