Arya and Zaira: സേറയുമായി ആര്യ ഇന്ന് കൊച്ചിയിലെത്തും
യുദ്ധമായാലും വളർത്തുനായയെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന ആര്യയുടെ നിശ്ചയദാർഢ്യം ഒടുവില്‍ വിജയിച്ചു. ഇന്ന് വൈകീട്ടോടെ ആര്യയും അവളുടെ പ്രിയപ്പെട്ട വളര്‍ത്തുനായ സേറയും ( Zaira) കൊച്ചിയിലെത്തും. ഉച്ചയോടെ എയർ ഇന്ത്യയുടെ വിമാനത്തിലാണ് ഇരുവരും കേരളത്തിലെത്തുന്നത്. നായ്ക്കളെ വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഇന്ന് ഉച്ചയോടെ ആര്യയും സേറയും കൊച്ചിയിലേക്ക് തിരിക്കും. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.
ഉക്രൈനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ആര്യ അല്‍ഡ്രിന്‍ എന്ന ഇടുക്കിക്കാരി. യുദ്ധം തുടങ്ങുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍ പെടുന്ന പട്ടിക്കുട്ടിയെ അവള്‍ക്ക് ലഭിക്കുന്നത്. പിന്നീടങ്ങോട്ട് ഉക്രൈനിലെ ആര്യയുടെ ഏറ്റവും അടുത്ത കൂട്ടായിരുന്നു സേറയെന്ന സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെടുന്ന നായ.
യുദ്ധം ഏതാണ്ട് സംഭവിക്കുമെന്നറിഞ്ഞപ്പോള്‍ തന്നെ സേറയ്ക്കായി പാസ്പോര്‍ട്ടും മറ്റും ആര്യ തയ്യാറാക്കി. ന്നാല്‍, യുദ്ധം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. അതുവരെ യുദ്ധമുണ്ടാകില്ലന്നാണ് അറിയിപ്പുകളുണ്ടായിരുന്നതെങ്കിലും പെട്ടെന്ന് യുദ്ധമാരംഭിച്ചപ്പോള്‍ പുറത്തിറങ്ങാന്‍ പോലും പറ്റാതായി. ഇതിനിടെ സേറയില്ലാതെ താനും നാട്ടിലേക്കില്ലെന്ന് ആര്യ സുഹൃത്തുക്കളെ അറിയിച്ചു. \
ഒടുവില്‍ ബോംബുവര്‍ഷത്തിനിടയിലൂടെ ആര്യ തന്‍റെ വളര്‍ത്തുനായയുമായി ഇന്ത്യയിലേക്ക് പോരാനായി ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് നടന്നു. അവളോടൊപ്പം നടക്കാന്‍ സേറയ്ക്ക് കഴിയുന്നില്ലെന്ന് തോന്നിയപ്പോള്‍, അത്യവശ്യമുള്ള ഭക്ഷണവും പോസ്പോര്‍ട്ടും മാത്രം കൈയില്‍ വച്ച് ബാക്കിയെല്ലാം ഉപേക്ഷിച്ച് ആര്യ അതിര്‍ത്തി ലക്ഷ്യമാക്കി സേറയെയും എടുത്ത് നടന്നു.
പല ഇടങ്ങളില്‍ വച്ച് ഉക്രൈന്‍ സൈനികര്‍ നായയെ കൊണ്ട് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും ആര്യയുടെ നിര്‍ബന്ധത്തിന് മുമ്പില്‍ അവര്‍ക്ക് കീഴടങ്ങേണ്ടിവന്നു. ഒടുവില്‍ ഇന്നലെയോടെ ആര്യയുടം സേറയും ദില്ലിയിലെത്തി. എന്നാല്‍ ദില്ലിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പട്ടിയെ കയറ്റാന്‍ പറ്റില്ലെന്നായിരുന്നു എയര്‍ ഇന്ത്യ അറിയിച്ചത്.
ഒരാള്‍ക്ക് വേണ്ടി തങ്ങളുടെ നിയമങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ മറുപടി. നോര്‍ക്ക അടക്കം ആവശ്യപ്പെട്ടെങ്കിലും എയറിന്‍റെ നിലപാട് മാറ്റാന്‍ തയ്യാറായില്ല. ഒടുവില്‍ ആര്യയുടെ സ്നേഹത്തിന് മുന്നില്‍ എയര്‍ ഇന്ത്യയും കീഴടങ്ങി. ഇതോടെയാണ് ആര്യയ്ക്കും സേറയ്ക്കും കൊച്ചിയിലേക്കുള്ള വഴി തുറന്നത്.