മലപ്പുറം വികെ പടിയിലെ മരം മുറി; ആരോരുമില്ലാത്തവര്‍ക്കാര് തുണ ?
ദേശീയപാത വികസനത്തിന്‍റെ പേരില്‍ കേരളത്തില്‍ വെട്ടിമാറ്റപ്പെട്ട നൂറ് കണക്കിന് മരങ്ങളിലുണ്ടായിരുന്നത് ആയിരക്കണക്കിന് ദേശാടന പക്ഷികളും തദ്ദേശീയരായ പക്ഷികളുമാണ്. ഋതുക്കള്‍ മാറുമ്പോള്‍ അവയ്ക്ക് ദേശാന്തരങ്ങള്‍ താണ്ടിയെത്താതിരിക്കാനാകില്ല. ജന്മസിദ്ധമായ ദേശാന്തരയാത്രകളില്‍ നിന്ന് മാറിനില്‍ക്കുകയെന്നാല്‍ ജീവചക്രത്തിന്‍റെ അവസാനമെന്ന് തന്നെ പറയേണ്ടിവരും. ജീവിതം ആരംഭിച്ച കാലമുതലുള്ളതാണ് ഈ ദേശാന്തരം. തണുത്തുറയുന്ന സൈബീരിയയില്‍ നിന്നും ലോകത്തിന്‍റെ മറ്റ് വന്‍കരകളില്‍ നിന്നും ഋതുകാലങ്ങള്‍ക്കനുസരിച്ച് സഞ്ചാരികളായി കുലം നിലനിര്‍ത്താനായി എത്തുന്നവര്‍. അവരില്‍ ചിലര്‍ സഹജവാസനയില്‍ സഹ്യന്‍റെ പടിഞ്ഞാറേക്കും പറന്നെത്തും. നൂറ്റാണ്ടുകളായി തുടരുന്ന ചാക്രിക ജീവിതചര്യകള്‍. ഇത്തരം പക്ഷികളെല്ലാം തദ്ദേശീയരായ പക്ഷികള്‍ക്കൊപ്പം ദേശീയ പാതകളിലെ അവശേഷിച്ച മരങ്ങളിലാണ് കൂടുകൂട്ടാറ്. എന്നാല്‍, ഇന്ന് ദേശീയ പാത വികസിക്കുമ്പോള്‍ തങ്ങളുടെ അവസാനത്തെ ചില്ലി കമ്പും തദ്ദേശീയരും ദേശാടകരുമായ പക്ഷികള്‍ക്ക് നഷ്ടമാവുകയാണ്... മലപ്പുറം വികെ പടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ജിത്തു തിരൂര്‍, ഏഷ്യാനെറ്റ് ക്യാമറാമാന്‍ മുബഷീര്‍,
ഷെഡ്യൂള്‍ഡ് നാലില്‍ ഉള്‍പ്പെട്ട നീര്‍ക്കാകളായിരുന്നു മലപ്പുറം വികെ പടിയിലെ ആ ഒറ്റമരത്തിലുണ്ടായിരുന്നത്. നൂറ് കണക്കിന് കൂടുകളിലായി നീര്‍ക്കാക്കകളും കാക്കകളും കൊക്കുകളുമടക്കം ഒരു വലിയ പക്ഷി സങ്കേതമായിരുന്നു ആ മരം.
സമീപത്തുണ്ടായിരുന്ന മറ്റനേകം മരങ്ങള്‍ ദേശീയ പാതയുടെ പേരില്‍ വെട്ടിവീഴിത്തിയപ്പോള്‍ അവശേഷിച്ച ഈ മരത്തിലേക്കായിരുന്നു പക്ഷികളെല്ലാം ചേക്കേറിയിലുന്നത്.
ഒടുവില്‍ ദേശീയ പാതാ വികസനത്തിനായി കരാര്‍ എടുത്ത ആന്ധ്രാ പ്രദേശ് കമ്പനിയായ കെഎന്‍ആര്‍സി കമ്പനി ഉദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തിയ ജെസിബി ഡ്രൈവര്‍ ഒറ്റയാക്കപ്പെട്ട ആ മരവും മറിച്ചിട്ടു. നൂറ് കണക്കിന് പക്ഷികളായിരുന്നു മറിഞ്ഞ് വീഴവേ മരത്തില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്നത്.
പറന്നുയര്‍ന്നവയേക്കാളേറെ പക്ഷിക്കുഞ്ഞുങ്ങള്‍ താഴെ വീണു മരിച്ചു. അനേകം മുട്ടകള്‍ പൊട്ടിയൊലിച്ചു. ആ ദയനീയ കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. അനേകം നീര്‍ക്കാക്ക കുഞ്ഞുങ്ങളും മറ്റ് പക്ഷി കുഞ്ഞുങ്ങളും ടാറിട്ട റോഡിലേക്ക് വീണ് തത്ക്ഷണമാണ് ചത്തുവീണത്.
കാഴ്ച കണ്ട് നിന്ന ചിലര്‍ തലയില്‍ കൈവച്ചു പോയി. അത്രയ്ക്കും ദയനീയമായിരുന്നു ആ കാഴ്ച. പറന്ന് പോയ പക്ഷികള്‍ അടുത്തുള്ള തെങ്ങോലകളിലും കെട്ടിടങ്ങളിലുമിരുന്ന് താഴെ വീണുകിടക്കുന്ന തങ്ങളുടെ കൂടും കുട്ടികളെയും കണ്ട് നിസഹായരായി.
മുമ്പ് ദേശീയ പാത വികസിപ്പിച്ചപ്പോള്‍ തണല്‍ മരങ്ങളായിവച്ചവയാണ് പുതിയ ആറ് വരിപ്പാതയ്ക്കായി മുറിച്ചിട്ടവയില്‍ പലതും. പതിറ്റാണ്ടുകളായി പാതവക്കില്‍ നിന്നിരുന്ന ആ കൂറ്റന്‍ മരങ്ങളില്‍ വര്‍ഷങ്ങളായി കൂടുകൂട്ടിയ പക്ഷികളായിരുന്നു അവയില്‍ പലതും.
മരം മുറിച്ചിട്ട ജെസിബി ഡ്രൈവര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. അപ്പോഴും ദേശീയ പാത വികസനത്തിന് നിയമം നോക്കാതെ അനുമതി നല്‍കിയ ഉദ്യോഗസ്ഥരും അതിന് ചുമതലപ്പെട്ടവരും കാണാമറയത്ത് തന്നെയാണ്.
വികസനാവശ്യത്തിനാണെങ്കില്‍ പോലും വഴിയരികില്‍ നില്‍ക്കുന്ന മരം വെട്ടിവീഴ്ത്താന്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതി വേണമെന്നാണ് നിയമം. അങ്ങനെ മരം വെട്ടിവീഴ്ത്തുന്നത് പക്ഷികളുടെ പ്രജനന കാലത്താണെങ്കില്‍ അതിന് ശേഷം മാത്രമേ മരം മുറിക്കാവൂവെന്നും നിയമം പറയുന്നു.
സാധാരണയായി ദേശീയപാതാ വികസനവേളയില്‍ സോഷ്യല്‍ ഫോറസ്ട്രി കമ്മറ്റി ചേര്‍ന്നാണ് പാതാ വികസനത്തിനായി മുറിക്കേണ്ട മരങ്ങളുടെ അനുമതി നല്‍കേണ്ടത്. എന്നാല്‍ തലപ്പാറ വികെ പടിയിലെ മരം മുറിക്ക് ഇത്തരമൊരു അനുമതി ലഭിച്ചോയെന്നതില്‍ പോലും വ്യക്തതയില്ല.
ഷെഡ്യൂള്‍ഡ് നാലില്‍ പെട്ട സംരക്ഷിത പക്ഷികളായ നൂറ് കണക്കിന് നീര്‍കാക്കകളും മറ്റ് പക്ഷിക്കളും ചത്തുപോയി. ഗുരുതരമായ നിയമലംഘനത്തെ കുറിച്ച് നേരിട്ടറിയാന്‍ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ജൂണ്‍ മുതല്‍ ഓക്ടോബര്‍ വരെയാണ് നീര്‍ക്കാക്കകളുടെ പ്രജനന കാലം. ഈ പ്രജനന കാലത്ത് തന്നെ മരം മുറിച്ചതിലൂടെ കുഞ്ഞുങ്ങളടക്കം നിരവധി നീര്‍ക്കാക്കളാണ് ഇല്ലാതായത്. പ്രജനനകാലത്ത് മരം മുറിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നെന്നും ഇത്തരം നിര്‍ദ്ദേശങ്ങളെല്ലാം ലംഘിക്കപ്പെട്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
വികെ പടിയില്‍ മാത്രം പത്ത് കിലോമീറ്ററിനുള്ളില്‍ ഏതാണ്ട് മുപ്പതോളം മരങ്ങള്‍ ഇതിനകം മുറിക്കപ്പെട്ടു. ഈ മരങ്ങളിലുണ്ടായിരുന്ന പക്ഷികളാണ് അവശേഷിച്ച ഒറ്റ മരത്തിലേക്ക് ചേക്കേറിയത്. ആ തണലും ഒടുവില്‍ അവര്‍ക്ക് നഷ്ടമായി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തും മുമ്പ് മൂന്ന് ചാക്കിലാക്കി ഇന്നലെ രാത്രിതന്നെ കരാര്‍ തൊഴിലാളികള്‍ ചത്ത പക്ഷികളെ കൊണ്ട് പോയതായി നാട്ടുകാര്‍ പറയുന്നു.
മരം മുറിക്കുമ്പോള്‍ ദേശീയ പാതാ ഉദ്യോഗസ്ഥരോ മറ്റ് അധികാരികളോ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്രയും കിളികള്‍ മരിച്ച് കിടക്കുന്നത് കണ്ടിട്ടും തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു മാവും വലിയ താമസമില്ലാതെ കരാര്‍ തൊഴിലാളികള്‍ മുറിച്ച് മാറ്റിയെന്നും നാട്ടുകാര്‍ ആരോപിച്ചു.