ബുറെവി ഇന്ന് ലങ്ക കീഴടക്കും ; നാളെ ഉച്ചയോടെ തെക്കന്‍ കേരളം പ്രക്ഷുബ്ധമായേക്കാം
First Published Dec 2, 2020, 11:45 AM IST
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് നിലവിൽ കന്യാകുമാരിയിൽ നിന്നും 740 കിലോമീറ്റർ അകലെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യൻ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. നാളെ ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെ കേരളത്തിൽ ബുറെവി സാന്നിധ്യം അറിയിക്കും. നാളെ ഉച്ചമുതൽ മറ്റന്നാൾ ഉച്ചവരെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിച്ച് കരതൊട്ടാല്‍ മാത്രമേ ബുറെവിയുടെ തുടര്‍ഗതി എന്തായിരിക്കുമെന്ന ഏതാണ്ട് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ. നിലവില്‍ ശക്തി കുറഞ്ഞ കാറ്റാണ് അടിക്കുന്നത്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും കാറ്റിന്‍റെ വേഗതയും ഗതിയും മാറാമെന്നതാല്‍ കൃത്യമായൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. എന്നാല്‍ ജാഗ്രത വിടരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2017 ല്‍ കേരളത്തിലടക്കം ഏറെ നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയ്ക്ക് ഏതാണ്ട് സമാനമായ സഞ്ചാരപാതയാണ് ബുറെവി ചുഴലിക്കാറ്റിന്‍റേതും.

കേരളത്തില്‍ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള തെക്കന്‍ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴി തുറക്കുമെന്ന് കരുതുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 11 കിലോമീറ്റർ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 15 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 .4° N അക്ഷാംശത്തിലും 83.4 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 470 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലും തമിഴ്നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്റര്‍ ദൂരത്തുമാണ് ഇപ്പോള്‍ കാറ്റിന്‍റെ സ്ഥാനം.
Post your Comments