Kalamassery Industrial Park: കളമശ്ശേരി വ്യവസായ പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കളമശ്ശേരി കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് (Kalamassery Kinfra Industrial Park) ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്സ്ട്രാക്ഷന്‍ കമ്പനിയില്‍ വന്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് അഗ്നിബാധ കണ്ടെത്തിയത്. ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് അഗ്നിബാധ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചതനുസരിച്ച് രണ്ട് അഗ്നിശമന യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നിരവധി അഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി.
തീ പടരുമ്പോള്‍ ജോലിക്കാര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നും അവരെ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു. ഗ്രീന്‍ ലീഫ് എന്ന ഈ ഫാക്ടറിയില്‍ പ്രധാനമായും സുഗന്ധദ്രവങ്ങളാണ് ഉണ്ടാക്കിയിരുന്നത്.
സുഗന്ധദ്രവങ്ങള്‍ക്കാവശ്യമായ എസന്‍സുകളുടെ നിര്‍മ്മാണമായുരുന്നു ഇവിടെ നിര്‍മ്മിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. രാവിലെ തന്നെ അഗ്നിശമന യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നതായും പ്രദേശവാസികള്‍ അറിയിച്ചു.
ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കിന് അകത്താണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. സമീപത്ത് നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീ സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു.
ഓയിലുമായി ബന്ധപ്പെട്ട വ്യവസായമായതിനാല്‍ തീ പടരാനും പൊട്ടിത്തെറിക്കും സാധ്യതയുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു. അതിനാല്‍ ആരെയും കെട്ടിടത്തിനടുത്തേക്ക് കടത്തി വിടുന്നില്ല. വലിയ തോതില്‍ തീ പടര്‍ന്നതിനാല്‍ പുകയും ശക്തമാണ്.
പകല്‍ ചൂട് കൂടുമ്പോള്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളത് തീ ശക്തമാക്കാന്‍ ഇടയാക്കും. കഴിയുന്നത്ര വേഗത്തില്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. തീ പടര്‍ന്ന കെട്ടിടത്തിന് സമീപത്ത് ഒരു ഓട്ടോമൊബൈല്‍ കമ്പനിയുടെ കെട്ടിടമാണുള്ളത്.
ഇവിടേയ്ക്ക് ഇതുവരെ തീ പടര്‍ന്നിട്ടില്ലെങ്കിലും ആശങ്ക നിലനില്‍ക്കുകയാണ്. കൊച്ചി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്സാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. ഫാക്ടറിയുടെ മദ്ധ്യഭാഗത്താണ് തീ ആദ്യം പടര്‍ന്നതെന്ന് കരുതുന്നു. ഫാക്ടറിയുടെ വലത് ഭാഗത്തെ തീയണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഫാക്ടറിയുടെ ഇടത് വശത്ത് തീ ആളിപ്പടരുകയാണ്. വലത് ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ച അവസ്ഥയിലാണ്.
ഇടത് വശത്ത് കൂടുതല്‍ അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാകാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതുന്നു. ഇന്ന് വൈകീട്ടോടു കൂടി മാത്രമേ പൂര്‍ണ്ണതോതില്‍ തീയണയ്ക്കാന്‍ കഴിയൂവെന്നാണ് കരുതുന്നത്. ഈ ഭാഗത്താണ് തീ ആളിപ്പടരുന്നത്.
ഓയില്‍ എക്സ്ട്രാക്ഷന്‍ കമ്പനിയായതിനാല്‍ തീ അയ്ക്കുന്നത് ഏറെ ശ്രമകരമായ കാര്യമാണ്. വെള്ളം മാത്രമുപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തീ പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.