- Home
- News
- Kerala News
- കുടുംബത്തെ ചേർത്തു പിടിച്ച് ദിലീപ്; വിധിക്ക് ശേഷം വന്ന പ്രമുഖരുടെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ..
കുടുംബത്തെ ചേർത്തു പിടിച്ച് ദിലീപ്; വിധിക്ക് ശേഷം വന്ന പ്രമുഖരുടെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ..
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. 8 വർഷത്തിലധികമായി നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി ദിലീപിനെ കുറ്റ വിമുക്തനാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വന്ന പ്രധാനപ്പെട്ട ചില ആദ്യ പ്രതികരണങ്ങളിലേക്ക്...

ദിലീപ്
ആദ്യ പ്രതികരണത്തിൽ തനിക്കെതിരെ നടന്നത് മഞ്ജുവിന്റെ ഗൂഡാലോചനയെന്ന് ആവർത്തിച്ച് ദിലീപ്. കരിയർ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിന് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എന്നാൽ പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു. കേസിൽ ഒപ്പം നിന്നവർക്കു നന്ദിയെന്ന് കുറ്റവിമുക്തനായ ദിലീപ് പ്രതികരിച്ചു.
താരസംഘടനയായ 'അമ്മ'
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് ശേഷംതാരസംഘടനയായ അമ്മയും രംഗത്തെത്തി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’ എന്ന് ഫേസ്ബുക്കിലൂടെയാണ് അമ്മ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാൽ പ്രസിഡന്റായ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, സംഭവം കൂടുതൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്നും ദിലീപ് പ്രതികരിച്ചിരുന്നു.
പാർവ്വതി തിരുവോത്ത്
കോടതിയിൽ നിന്നുണ്ടായത് എന്ത് നീതിയെന്ന് പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാർവതി തിരുവോത്ത്. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് പാർവതി തിരുവോത്തിൻ്റെ പ്രതികരണം.
ഭാഗ്യലക്ഷ്മി
മരണം വരെ അവൾക്ക് ഒപ്പമാണ്. അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണ്. അതിജീവിതയുടെ വീട്ടിലിരുന്നാണ് ഭാഗ്യലക്ഷ്മി ആദ്യ പ്രതികരണം നടത്തുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണം വരെ അവൾക്ക് ഒപ്പമാണ്. അതിജീവിതയും നീതി നിഷേധിച്ചതിന്റെ ഷോക്കിലാണ്.അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളിൽ അത് കാണാമെന്നും ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
എം വി ഗോവിന്ദൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിജീവിക്കൊപ്പമാണ് സർക്കാർ. നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നാണ് സിപിഎം നിലപാട്. ഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഈശ്വർ
രാഹുൽ ഈശ്വറിൻ്റെ അഭാവത്തിൽ രാഹുൽ ഈശ്വറിന്റെ ഫോണിൽ നിന്ന് പ്രതികരിച്ച് ഭാര്യ ദീപാ രാഹുൽ ഈശ്വർ. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുൽ ഈശ്വറുമൊത്തുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ താനുണ്ടാകുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
സുരേഷ് കുമാര്‍
സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകായണ് ഇപ്പോൾ. സന്തോഷമുള്ള കാര്യമെന്ന് സംവിധായകൻ സുരേഷ് കുമാർ.

