കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍; കുടുംബത്തിലെ അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി, വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്
ഇന്നലെ രാത്രിയില്‍ തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപമുണ്ടായ അപ്രതീക്ഷിത ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് ജീവനുകളും പൊലിഞ്ഞു. ഉരുള്‍പൊട്ടലിനൊപ്പം അഞ്ച് വയസുള്ള ഒരു കുഞ്ഞടക്കം കുടുംബത്തിലെ എല്ലാവരും ഒലിച്ചു പോവുകയായിരുന്നു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ട് മരിച്ചത്. അഞ്ച് പേരുടെ മൃതദേഹങ്ങളും ഉച്ചയോടെ കണ്ടെടുത്തു. ഇവരിൽ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊട്ടു പിന്നാലെ കൊച്ചുമകൻ ദേവാനന്ദിന്‍റെ മൃതദേഹം കണ്ടെടുത്തു. വീടിന് താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ധനേഷ് പയ്യന്നൂര്‍.
തങ്കമ്മയുടെയും ദേവാനന്ദിന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഡോഗ് സ്ക്വാഡിന്‍റെ പരിശോധനയിലാണ് വീടിരുന്ന ഭാഗത്ത് നിന്ന് തന്നെ സോമന്‍റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടുനൽകും.
രാത്രി 10 മണിയോടെ തുടങ്ങിയ ശക്തമായ മഴയ്ക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലില്‍ വീട് തകർന്നാണ് അപകടമുണ്ടായത്. ഉരുള്‍പൊട്ടലില്‍ തറഭാഗം മാത്രം അവശേഷിപ്പിച്ച് വീട് പൂർണമായും ഒലിച്ചുപോയി.
ടാപ്പിങ് തൊഴിലാളി ആയിരുന്നു സോമൻ. അഞ്ച് സെന്‍റ് സ്ഥലത്താണ് സോമന്‍റെ വീട് ഉണ്ടായിരുന്നത്. പുലർച്ചെ വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഉരുൾപൊട്ടലിനെ കുറിച്ച് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ കൂടുതല്‍ ദുരന്തം ഒഴിവായി.
മലവെള്ള പാച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഈ ഭാഗത്ത് നിന്നുളള ആളുകളെ താൽകാലികമായി മാറ്റി പാർപ്പിച്ചു. സ്ഥലത്ത് ഭയങ്കരമായ രീതിയിൽ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനും ശ്രമം തുടങ്ങി. റോഡ് ഭാഗികമായി സഞ്ചാരയോഗ്യമാക്കി.
മണിക്കൂറുകൾ ശ്രമിച്ചിട്ടാണ് രണ്ട് ജെ സി ബികൾ ഇവിടെ എത്തിക്കാനായത്. മലവെള്ളപാച്ചിൽ പ്രദേശത്ത് ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കയറി. മുമ്പ് ഉരുൾപൊട്ടിയ മേഖലയിൽ ഉൾപ്പെടുന്നതല്ല ഈ സ്ഥലമെന്ന് നാട്ടുകാർ പറയുന്നു. മലയോര പ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു.
ഇതിനിടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നുവെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 13 ജില്ലകളിൽ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. ഇതിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അതിതീവ്ര മഴയാണ് ലഭിച്ചത്.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ ഇന്ന് വൈകിട്ട് നാലോടെ തുറക്കും. 50 മുതല്‍ 100 സെന്‍റീ മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക.
ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ജില്ലാ കളക്ടര്‍ അറിയിച്ചു. പുഴ മുറിച്ച് കടക്കുന്നതും, മീന്‍ പിടിക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഇതിനിടെ കാലാവസ്ഥാ മുന്നറിയിപ്പില്‍ പിഴവുണ്ടെന്ന ആരോപണം ഉയര്‍ന്നു. ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ പെയ്ത പത്തനംതിട്ടയില്‍, ഇന്നലെ യെല്ലോ അലർട്ട് പോലുമുണ്ടായിരുന്നില്ല. തൽസ്ഥിതി മുന്നറിയിപ്പിലും നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമായിരുന്നു പ്രവചിച്ചത്. പത്തനംതിട്ടയിലെ വാഴക്കുന്നത് പുലർച്ചെ ലഭിച്ചത് 139 മി.മീ മഴയും കുന്നന്തനാത്ത് 124 മി.മീ മഴയും റാന്നിയിൽ 104 മി.മീ മഴയും ലഭിച്ചു.
പെരുമഴ പെയ്ത പത്തനംതിട്ടയിൽ പക്ഷെ യെല്ലോ അലർട്ട് പോലും ഉണ്ടായിരുന്നില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ വൈകീട്ട് പുറത്തിറക്കിയ മഴ മുന്നറിയിപ്പിൽ ഇന്നലെ പത്തനംതിട്ടയിൽ യെല്ലോ അലർട്ട് ഉണ്ട്. പക്ഷെ ഇന്ന് അർധരാത്രി മുതൽ പത്തനംതിട്ടയ്ക്ക് ഉണ്ടായിരുന്നത് പച്ച അലർട്ടാണ്.
അതായത് സാധാരണ മഴ മാത്രമാണ് ജില്ലയ്ക്ക് പ്രതീക്ഷിച്ചിരുന്നത് . മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നാണ് പത്തനംതിട്ട ജില്ല കലക്ടറും ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്.