- Home
- News
- Kerala News
- Uniform Controversy: ലിംഗ സമത്വ യൂണിഫോം നടപ്പാക്കിയ സ്കൂളിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന് പരാതി
Uniform Controversy: ലിംഗ സമത്വ യൂണിഫോം നടപ്പാക്കിയ സ്കൂളിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന് പരാതി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലിംഗ സമത്വ യൂണിഫോം (Gender neutral Uniform) ഏർപ്പെടുത്തിയതാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. എന്നാൽ, ഒന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ ലിംഗ സമത്വ യൂണിഫോം നടപ്പാക്കിയ ഒരു സ്കൂളുണ്ട് അങ്ങ് ഇടുക്കിയില്‍, അതാണ് ഇരട്ടയാറിലെ ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ( Gandhiji Eng.Medium Govt. H S Santhigram). സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം മാത്രമുള്ള ഏക സർക്കാർ സ്ക്കൂളാണ് ഇരട്ടയാര്‍ ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്കൂള്‍. ഒന്നര പതിറ്റാണ്ട് മുമ്പ് ലിംഗ സമത്വ യൂണിഫോം നടപ്പാക്കിയെങ്കിലും ഈ വര്‍ഷം യൂണിഫോമിനുള്ള പണം ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് ഇതേറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍.

ഇംഗ്ലീഷ് മീഡിയം സ്കൂളെന്ന് കേള്‍ക്കുമ്പോള്‍ സ്വകാര്യ മാനേജ്മെന്‍റ് സ്ക്കൂളിലെ കുട്ടികളാണിവരെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് അസല്‍ സര്‍ക്കാര്‍ സ്കൂളാണ്. ഇടുക്കി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെൻറ് സ്ക്കൂള്‍ എന്നാണ് സ്കൂളിന്‍റെ മുഴുവന്‍ പേര്.
2006 ൽ ഇടുക്കി ജില്ലാ പഞ്ചായത്ത് തുടങ്ങിയ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്ക്കൂളാണിത്. സ്ക്കൂൾ തുടങ്ങിയപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷമാണ് നിഷ്കര്‍ഷിച്ചിരുന്നത്, പാൻറും ഷർട്ടും പിന്നെ ഓവർ കോട്ടും.
അംഗീകാരം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഇടപെട്ട് 2011 ൽ സ്ക്കൂൾ സർക്കാരിന് കൈമാറി. സര്‍ക്കാറിന്‍റെ കീഴിലായപ്പോഴും വേഷവിധാനത്തില്‍ മാറ്റം വരുത്തിയില്ല. കുട്ടികള്‍ അപ്പോഴും പാൻറും ഷർട്ടും പിന്നെ ഓവർ കോട്ടും ധരിച്ച് ക്ലാസുകളിലെത്തി.
ഇന്ന് 1,782 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ഖാദി യൂണിഫോം നൽകി മുമ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
വർഷങ്ങൾക്ക് മുമ്പേ തങ്ങൾ തുടങ്ങി വച്ച മാതൃക ഇന്ന് മറ്റ് സ്ക്കൂളുകളും പിന്തുടരുന്നതിന്‍റെ സന്തോഷത്തിലാണ് ഇവിടുത്തെ കുട്ടികളും പിടിഎയും.
കൊവിഡ് അടച്ചിടലിന് ശേഷം സ്കൂള്‍ തുറന്നെങ്കിലും കുട്ടികളുടെ യൂണിഫോമിനുള്ള ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല.
ഏതാണ്ട് രണ്ട് വര്‍ഷത്തോളം സ്കൂളുകള്‍ അടച്ചിട്ട് വീണ്ടും തുറന്നപ്പോള്‍ കുട്ടികള്‍ക്ക് പഴയ യൂണിഫോമുകള്‍ പാകമാകാതെയായി. അതിനാല്‍, പലർക്കും തങ്ങളുടെ ആഭിമാനമായ യൂണിഫോം ഇപ്പോൾ ധരിക്കാനാകുന്നില്ലെന്നും പരാതിയുണ്ട്.
കൂടുതല്‍ കാഴ്ചയ്ക്ക്: ഒന്നരപ്പതിറ്റാണ്ട് മുമ്പ് ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ സ്‌കൂള്‍ ഇവിടുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam