- Home
- News
- Kerala News
- വെള്ളിത്തിരയിലെ 'വോട്ടുപിടുത്തം'; സോഷ്യൽ മീഡിയയിൽ തരംഗമായി പഴയകാല സിനിമകളിലെ ചുവരെഴുത്തുകൾ!
വെള്ളിത്തിരയിലെ 'വോട്ടുപിടുത്തം'; സോഷ്യൽ മീഡിയയിൽ തരംഗമായി പഴയകാല സിനിമകളിലെ ചുവരെഴുത്തുകൾ!
എ കെ ശശീന്ദ്രന്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെ... പഴയകാല സിനിമകളിലെ തെരഞ്ഞെടുപ്പ് ചുവരെഴുത്തുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു, ആ സിനിമകള്‍ ഓര്‍ത്തെടുത്ത് ചലച്ചിത്ര പ്രേമികള്‍

'ഇരുപതാം നൂറ്റാണ്ട്' സിനിമ പശ്ചാത്തലത്തിലെ 'കെ. ശങ്കരനാരായണ പിള്ള'
1987-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ ആക്ഷൻ ഹിറ്റുകളിൽ ഒന്നാണ് 'ഇരുപതാം നൂറ്റാണ്ട്'. മോഹൻലാൽ നായകനായ ഈ സിനിമയിലെ പല സീനുകളിലും രാഷ്ട്രീയ ചുവരെഴുത്തുകൾ കാണാം. അതിൽ പ്രധാനപ്പെട്ടതാണ് 'കെ. ശങ്കരനാരായണ പിള്ളയെ വിജയിപ്പിക്കുക' എന്ന എഴുത്ത്. ഒപ്പം കോൺഗ്രസിന്റെ പഴയ ചിഹ്നമായ 'ചർക്ക'യും ചുവരുകളിൽ തെളിയുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സ് ഷോട്ടുകളിൽ പോലും ഇത്തരം രാഷ്ട്രീയ ദൃശ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.
മേളയിലെ മമ്മൂട്ടിയും എ.കെ ശശീന്ദ്രനും!
കെ.ജി. ജോർജ് സംവിധാനം ചെയ്ത 'മേള' (1980) മലയാളത്തിലെ മികച്ച ക്ലാസിക്കുകളിൽ ഒന്നാണ്. മമ്മൂട്ടി എന്ന നടന്റെ കരിയറിലെ സുപ്രധാന ചിത്രമായ ഇതിൽ പുറത്തെ ചുവരുകളിൽ 'എ.കെ ശശീന്ദ്രന് വോട്ട് ചെയ്യുക' എന്ന കുറിപ്പ് കാണാം. ഇന്നും കേരള രാഷ്ട്രീയത്തിൽ സജീവമായ എ.കെ ശശീന്ദ്രന്റെ അന്നത്തെ തെരഞ്ഞെടുപ്പ് കാലത്താവണം ഈ രംഗങ്ങൾ ചിത്രീകരിച്ചതെന്ന് വ്യക്തം. സിനിമയിലെ പ്രണയവും നൊമ്പരവും ചർച്ചയാകുമ്പോൾ തന്നെ പശ്ചാത്തലത്തിലെ ഈ രാഷ്ട്രീയ ചരിത്രവും ഇപ്പോൾ കൗതുകമാകുന്നു.
'സന്ധ്യയ്ക്കു വിരിഞ്ഞ പൂവി'ൽ ഉമ്മൻചാണ്ടി
മമ്മൂട്ടി, മോഹൻലാൽ, ശങ്കർ തുടങ്ങിയ വൻതാരനിര അണിനിരന്ന 'സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്' (1983) എന്ന ചിത്രത്തിലാണ് മറ്റൊരു കൗതുകമുള്ളത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചുവർച്ചിത്രമാണ് ഈ സിനിമയിലെ ഒരു രംഗത്തിൽ വ്യക്തമായി കാണാൻ സാധിക്കുന്നത്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് വെള്ളിത്തിരയുടെ പശ്ചാത്തലത്തിൽ നിറഞ്ഞുനിൽക്കുന്നത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ നേർക്കാഴ്ചയായാണ്.
കൂടിക്കാഴ്ചയിലെ രാഷ്ട്രീയ പോസ്റ്ററുകൾ
ജയറാം നായകനായി 1991-ൽ പുറത്തിറങ്ങിയ 'കൂടിക്കാഴ്ച' എന്ന ചിത്രത്തിലും ഇത്തരം തെരഞ്ഞെടുപ്പ് കൗതുകങ്ങൾ ഏറെയുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിലെ ചുവരുകൾ എങ്ങനെയായിരുന്നുവെന്ന് ഈ സിനിമയിലെ പല തെരുവ് രംഗങ്ങളും കാണിച്ചുതരുന്നു. അന്നത്തെ രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും സിനിമയുടെ റിയലിസ്റ്റിക് സ്വഭാവത്തിന് മാറ്റുകൂട്ടുന്നു.
സിനിമയും രാഷ്ട്രീയവും വേർതിരിക്കാനാവാത്ത ഒന്നാണെന്ന് ഈ ദൃശ്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും സോഷ്യൽ മീഡിയ ഈ ദൃശ്യങ്ങൾ ആഘോഷിക്കുന്നത് പഴയകാലത്തോടുള്ള മലയാളിയുടെ നൊസ്റ്റാള്ജിയ കൊണ്ടുകൂടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

