കൊവിഡ് 19 ന് കൂച്ചുവിലങ്ങിടാന്‍ ട്രിപ്പിള്‍ ലോക്ഡൗണില്‍ കണ്ണൂര്‍

First Published Apr 23, 2020, 6:15 PM IST

സംസ്ഥാനത്ത് രേഖപ്പെടുത്തിയ  437 കൊറോണാ വൈറസ് രോഗികളില്‍ 109 പേരും കണ്ണൂരില്‍ നിന്നാണ്. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയായതിനാല്‍ തന്നെ കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കിയിരിക്കുന്നത്. കൊവിഡ് 19 വ്യാപനത്തില്‍ കേരളം ആശ്വസിച്ച് നില്‍ക്കുമ്പോഴാണ് കണ്ണൂരില്‍ രണ്ട് ദിവസങ്ങളിലായി പത്തൊമ്പതും, ഏഴും കേസുകള്‍ പോസറ്റീവായത്. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്19 രോഗബാധയുള്ള ജില്ലയായി കണ്ണൂര്‍ മാറി. കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. 2432 പേരെ കണ്ണൂരില്‍ ഇതിനകം ടെസ്റ്റ് ചെയ്തു. ഇതില്‍, 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമാണിത് സൃഷ്ടിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 111 ന് പേരില്‍ 80 പേര്‍ക്കും പരിശോധനാ സമയത്ത് രോഗലക്ഷണമൊന്നും ഇല്ലായിരുന്നു. 19 പേരിലാണ് ഇങ്ങനെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ 14 നും 28 നും ഇടയില്‍ 14 പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍  ടി വി സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രതീഷ് കപ്പോത്ത്.