തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; കണ്ടതും കേട്ടതും പിന്നെ കിട്ടി ബോധിച്ചതും
സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണ പരാജയത്തിന്‍റെ വിലയിരുത്തലാകും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസും ബിജെപിയും ആവര്‍ത്തിച്ചു. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്വന്തം പരാജയം മറച്ച് വയ്ക്കാനുള്ള ഉത്തരം കിട്ടാതെ പരസ്പരമുള്ള ആരോപണങ്ങളില്‍ തടിതപ്പുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ 514 ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫും 377 ഗ്രാമപഞ്ചായത്ത് യുഡിഎഫും 22 ഗ്രാമപഞ്ചായത്ത് എന്‍ഡിഎയും 28 എണ്ണം മറ്റ് സഖ്യങ്ങളും ഭരിക്കും. 152 ബോക്ക് പഞ്ചായത്തുകില്‍ 108 എണ്ണം എല്‍ഡിഎഫും 44 എണ്ണം യുഡിഎഫും ഭരിക്കും. 14 ജില്ലാപഞ്ചായത്തുകളില്‍ 10 എണ്ണം എല്‍ഡിഎഫും നാലെണ്ണം യുഡിഎഫും ഭരിക്കും. 86 മുനിസിപ്പാലിറ്റികളില്‍ 35 എണ്ണം എല്‍ഡിഎഫും 45 എണ്ണം യുഡിഎഫും 2 എണ്ണം എന്‍ഡിഎയും 4 എണ്ണം മറ്റുള്ളവരും ഭരിക്കും. ആകെയുള്ള 6 കോര്‍പ്പറേഷനുകളില്‍ 5 എണ്ണം എല്‍ഡിഎഫും ഒരെണ്ണം യുഡിഎഫും ഭരിക്കും. മിനിസിപ്പാലിറ്റികളിലൊഴിച്ച് മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന മത്സരങ്ങളിലും എതിര്‍ കക്ഷിയേക്കാള്‍ ബഹുദൂരം മുന്നിലാണ് സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ്. മിനിസിപ്പാലിറ്റികളില്‍ മാത്രമാണ് കോണ്‍ഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഒരു ഓട്ടപ്പാച്ചല്‍. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ രാഗേഷ് തിരുമല, രാജേഷ് തകഴി, സനീഷ് സദാനന്ദന്‍, ഷഫീഖ് മുഹമ്മദ്, ധനേഷ് പയ്യന്നൂര്‍, ജിജോ എം എ, സാജന്‍ ജെ എസ്, മുബഷീര്‍, ജി കെ പി വിജേഷ്, പ്രശാന്ത് ആല്‍ബര്‍ട്ട്, അനീഷ് ടോം.
ഇടത് വിജയം
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി നേടിയത് വൻ രാഷ്ട്രീയ വിജയമെന്ന വിലയിരുത്തലിൽ സിപിഎം കേന്ദ്ര നേതൃത്വം. കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കിയുള്ള കേന്ദ്രസർക്കാരിന്‍റെ കുത്തിത്തിരിപ്പ് ശ്രമം പൊളിഞ്ഞെന്നും ഒരു വിഭാഗം മാധ്യമങ്ങൾ പാർട്ടിക്കും സർക്കാരിനുമെതിരെ നടത്തിയ പ്രചാരണവേല പരാജയപ്പെട്ടെന്നും മുതിർന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. എൽഡിഎഫ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്‍റെയും സർക്കാരിന്‍റെ പ്രവർത്തനത്തിന്‍റെയും ഫലമാണ് ഇപ്പോൾ ലഭിച്ച മികച്ച വിജയമെന്നും എസ് രാമചന്ദ്രൻ പിള്ള ചൂണ്ടിക്കാട്ടി. നാലര വർഷത്തെ സർക്കാരിന്‍റെ മികച്ച പ്രകടനത്തിന് കിട്ടിയ അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുജയമെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സർക്കാരിന്‍റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റി വച്ചില്ല. സർക്കാർ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു എന്നും എ വിജയരാഘവൻ പറഞ്ഞു.
രണ്ടില വിരിയിച്ച് ജോസ് കെ മാണി
മധ്യ കേരളത്തിലെ കേരള കോണ്‍ഗ്രസ് കോട്ടകളില്‍ ഇടതു മുന്നണിക്ക് വന്‍ വിജയം സമ്മാനിച്ച് തെരഞ്ഞെടുപ്പിലെ മിന്നും താരമായി ജോസ് കെ മാണി. പാലായിലും കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിലുമടക്കം നിരവധിയിടത്ത് ഇടത് വിജയത്തിന്‍റെ പ്രധാന കാരണം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമാണ്. പാലാ നഗരസഭ തൂത്തുവാരിയ ജോസ് കെ മാണി വിഭാഗം കോട്ടയം ജില്ലാപഞ്ചായത്ത് കൂടി ഇടതു മുന്നണിയുടെ കൈകളില്‍ എത്തിച്ചു. അഭിമാനകരമാണ് വിജയമെന്ന് ജോസ്കെ മാണി പ്രതികരിച്ചു. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയായിരുന്നു കോട്ടയം. യുഡിഎഫ് കോട്ടകളിലെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. പാലാ നഗരസഭയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതു മുന്നണി ഭരണം പിടിക്കുന്നത്. പാലാ നഗരസഭയ്ക്കൊപ്പം സമീപ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ പിന്തുണയില്‍ ഇടതു മുന്നണിയില്‍ ഭരണം നേടി. പാലാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ജോസ് കെ മാണിയുടെ ശക്തമായ തിരിച്ചുവരവാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാണുന്നത്. വിജയത്തോടെ ഇടതു മുന്നണിക്കുള്ളിലെ വിമര്‍ശകരുടെ നാവടപ്പിക്കാനും ജോസ് കെ മാണിക്കാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിനായി വില പേശാന്‍ ജോസ് കെ മാണിക്ക് കരുത്ത് നല്‍കുന്നത് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. ജോസിലൂടെയുള്ള പരീക്ഷണം വിജയിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും സിപിഎം ശക്തമാക്കാനാണ് സാധ്യത. പാലാ മുൻസിപ്പാലിറ്റിയിലെ 14 വാര്‍ഡിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾ ജയിച്ചു . യുഡിഎഫിന് എട്ട് വാര്‍ഡിൽ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ 16 സീറ്റിൽ മത്സരിച്ച ജോസ് വിഭാഗം 5 ഇടത്ത് തോറ്റു. കഴിഞ്ഞ കൗൺസിലിലെ 11 സീറ്റുകൾ നില നിർത്തി. 13 ഇടത്ത് മത്സരിച്ച ജോസഫ് വിഭാഗം ജയിച്ചത് 3 ഇടത്ത് മാത്രം.
ജോസുയര്‍ത്തിയ ഭീഷണിയില്‍ സിപിഐ
കോട്ടയത്തെ മിന്നുന്ന വിജയം എൽഡിഎഫിന്‍റെ വിജയമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്‍റ് തിരിച്ച് ഇത് ഈ ആളിന്‍റെ വിജയം അത് ആ പാർട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ മുന്നണിതീരുമാനം വിജയമാണ് എന്നതിന്‍റെ പ്രതിഫലനമല്ലേ കോട്ടയത്തേത് എന്ന ചോദ്യത്തോടായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. ഇത് നേരത്തെ തന്നെ മുന്നിൽക്കണ്ട വിജയമാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്തത്. അങ്ങനെയൊരു മുന്നണി ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചതാണ്. ജോസ് കെ മാണി വിഭാഗം വന്നത് ഗുണം ചെയ്തിട്ടുണ്ട്. അതിനപ്പുറം അതിനെപ്പറ്റി അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ജോസ് കെ മാണിയുടെ വരവിന് അർത്ഥം ഒന്നുമില്ല എന്നല്ല. അതിന് അതിന്‍റെതായ അർത്ഥമുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്നുമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തില്‍ തങ്ങള്‍ പിന്നിലോട്ട് പോകുമോയെന്ന് സിപിഐ സംശയിക്കുന്നു. എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ വരവ് യുഡിഎഫിനെ ദുര്‍ബലമാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവര്‍ വോട്ട് ചെയ്തത്. അല്ലാതെ പ്രതിപക്ഷത്തിന്‍റെ അപവാദ പ്രചരണങ്ങള്‍ക്കല്ലെന്ന് കാനം പറഞ്ഞു.
പാര്‍ട്ടി കോട്ടകളിലെ വിള്ളല്‍
സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫിന് ചരിത്ര വിജയം. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്‍റെ ബാലകൃഷ്ണനാണ് വിജയിച്ചത്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടി കോട്ടയാണ് മലപ്പട്ടം. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തില്‍ സജീവമായത് തന്‍റെ മണ്ഡലമായ ധർമ്മടത്ത് മാത്രമായിരുന്നു. ഇതോടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ ശ്രദ്ധാകേന്ദ്രമായി ധർമ്മടം മണ്ഡലം മാറി. എന്നാൽ ഫലം വന്നപ്പോൾ ധർമ്മടം മണ്ഡലത്തിൽ ഉൾപ്പെട്ട കടമ്പൂർ പഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. നിലവിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്. ഇതേ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിലും യുഡിഎഫ് മുന്നിലെത്തി. ഇവിടെ എസ്ഡിപിഐ നാല് വാർഡുകൾ വിജയിച്ചത് പിണറായിക്കേറ്റ അടിയായി.
തോറ്റ് പോയ മേയരും മേയര്‍ സ്ഥാനാര്‍ത്ഥികളും
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എസ് പുഷ്പലത നെടുങ്കാട് വാർഡിൽ നിന്ന് 184 വോട്ടുകൾ തോറ്റു. ബിജെപി സ്ഥാനാർത്ഥിയായ കരമന അജിത്താണ് ഇവിടെ ജയിച്ചത്. കഴിഞ്ഞ തവണ 85 വോട്ടിന് ഇതേ വാർഡിൽ നിന്ന് ജയിച്ച സ്ഥാനാർത്ഥി എസ് പുഷ്പലത. ഇത്തവണ വനിതാ സംവരണമുള്ള തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥിയായി എൽഡിഎഫ് ഉയർത്തിക്കാട്ടിയത് ഏറെക്കാലത്തെ തദ്ദേശ ഭരണ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള എസ് പുഷ്പലതയെയായിരുന്നു. തിരുവനന്തപുരം മേയർ കെ ശ്രീകുമാർ ബിജെപി സ്ഥാനാർത്ഥി ഡിജി കുമാറിനോട് കരിക്കകത്ത് പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ എറണാകുളം മേയര്‍ സ്ഥാനാര്‍ത്ഥി കെ വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റ ഞെട്ടലിലാണ് കോണ്‍ഗ്രസ്.
കാരാട്ട് ഫൈസലിന്‍റെ വിജയം
കൊടുവള്ളി നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചു. ബിജെപിക്ക് 50 വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി ഓ പി റഷീദിന് ലഭിച്ചത് പൂജ്യം വോട്ട്. 4 വർഷം മുമ്പ് കരിപ്പൂർ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. ഈ കേസിൽ വലിയ തുക കസ്റ്റംസ് ഫൈസലിന് പിഴ ശിക്ഷ നിർദ്ദേശിച്ചിരുന്നു. എങ്കിലും കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്ന് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. സിപിഎം ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫൈസല്‍ മത്സരിക്കുകയായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു. ഒടുവില്‍ അവസാന മണിക്കൂറില്‍ ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരുവോട്ട് പോലും കിട്ടാതെ പോയ സംഭവം പരിശോധിക്കുമെന്നും വിഷയത്തില്‍ കർശനമായ നടപടി ഉണ്ടാകുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു.
രക്തസാക്ഷികളുടെ വാര്‍ഡുകള്‍
കൊല്ലത്ത് മണ്‍റോ തുരുത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മണിലാല്‍ കൊല്ലപ്പെട്ട വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് സിപിഎം പ്രവര്‍ത്തകന്‍ ഇവിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. മണിലാലിന്‍റെ ഭാര്യയും മകളും വോട്ട് ചെയ്യാനെത്തിയതും വാര്‍ത്തയായിരുന്നു. കാസര്‍കോട് പെരിയയിലെ കല്യാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല ചെയ്യപ്പെട്ട വാര്‍ഡ് യുഡിഎഫ് തിരിച്ച് പിടിച്ചു.
നോതാക്കളുടെ വാര്‍ഡുകള്‍, തോല്‍വികള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ യുഡിഎഫ് തോറ്റു. രണ്ടിടങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചത്. തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നിത്തലയുടെ വാർഡായ 14 ആം വാർഡില്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ കല്ലാമല ഡിവിഷനിലെ 11 -ാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ കേന്ദ്രസഹമന്ത്രിയായ വി മുരളീധരന്‍റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയം നേടി. എൽ ഡി എഫ് സ്ഥാനാർഥി ആതിര എൽ എസ് 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവിൽ യു ഡി എഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ. ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഭരണം എൽഎൽഡിഎഫ് പിടിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. എട്ടിൽ ആറ് പഞ്ചായത്തുകളിലും യുഡിഎഫ് തോൽവി ഏറ്റുവാങ്ങി. മീനടം, അയർക്കുന്നം പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത് അകലകുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് ജയിച്ചു. മിക്കയിടങ്ങളും യുഡിഫ് കോട്ടകളായാണ് അറിയപ്പെടുന്നത്.
വിശ്വാസം ട്വന്‍റി 20 -യില്‍
കിഴക്കമ്പലത്ത് ട്വന്‍റി 20 ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്കാണ് ട്വന്‍റി 20 നീങ്ങുന്നത്. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷമില്ല. ട്വന്‍റി 20 മുഴുവൻ സീറ്റും തൂത്തുവാരി. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂ൪ എന്നീ പഞ്ചായത്തുകളിൽ മുഴുവൻ സീറ്റിലും ട്വന്‍റി 20 മത്സരിച്ചിരുന്നു. ഐക്കരനാട് പഞ്ചായത്തിൽ 14 ൽ 14 ഉ൦ ട്വന്‍റി 20 ജയിച്ചു. കിഴക്കമ്പലം വോട്ടെണ്ണൽ പൂ൪ത്തിയായ അഞ്ച് വാ൪ഡിൽ അഞ്ചും ട്വന്റി 20 യാണ് ജയിച്ചത്. ഒരെണ്ണമൊഴികെ നാലിടത്തു൦ മികച്ച ഭൂരിപക്ഷമാണ് ഉള്ളത്. അഞ്ച് വാർഡ് യുഡിഎഫ്(എസ് ഡി പി ഐ ) പിടിച്ചെടുത്തു.ആകെ 19 വാര്‍ഡുകളുള്ള മഴുവന്നൂരിൽ വോട്ട് എണ്ണിയ എട്ട് വാർഡുകളിൽ ആറിടത്തും ട്വന്റി 20 ജയിച്ചു. 18 വാര്‍ഡുകളുള്ള കുന്നത്തുനാടിൽ 16 ഇടത്തും ട്വന്റി 20 മത്സരിക്കുന്നു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഏഴ് വാർഡുകളിൽ 6 ഇടത്തും ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വെങ്ങോല ആകെ 23 ൽ 11 ഇടത്തും മത്സരിച്ചിരുന്നു.
മന്ത്രി എ സി മൊയ്തീന്‍റെ വോട്ട്
മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന വിവാദത്തിൽ വരണാധികാരി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. വോട്ടെടുപ്പ് ദിവസമായ ഡിസംബർ 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ വോട്ടു ചെയ്തതതെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പി എം അക്ബർ, ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചു. മന്ത്രിക്കും പ്രിസൈഡിംഗ് ഓഫീസര്‍ക്കും ക്ലീൻ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയിരിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസറാണ് പോളിങ് ബൂത്തിന്റെ അധികാരി. അദ്ദേഹത്തിൻറെ വാച്ചില്‍ 7 മണിയായപ്പോൾ മന്ത്രിയെ വോട്ടു ചെയ്യാൻ അനുവദിച്ചതില്‍ എന്ത് ചട്ടലംഘനമാണെന്നാണ് കളക്ടറ്‍ ചോദിക്കുന്നത്.കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശവുമായി കോൺഗ്രസ് രംഗത്തെത്തി. വോട്ടിംഗ് മെഷീനില്‍ വോട്ടെടുപ്പ് തുടങ്ങിയ സമയം രേഖപ്പെടുത്തുമെന്നിരിക്കെ പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിലെ സമയം നോക്കുന്നത് പരിഹാസ്യമാണെന്നും എൽ ഡി എഫ് കൺവീനറെ പോലെയാണ് കളക്ടര്‍ പെരുമാറുന്നതും ടി എൻ പ്രതാപൻ എം പി പ്രതികരിച്ചു.
ഫലം യുഡിഎഫിന് എതിരല്ലെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും
തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫിന്‍റെ അടിത്തറ തകർന്നിട്ടില്ല. ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രകടനം നടത്താൻ ആയി. മുൻസിപ്പാലിറ്റികളിലും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. സി പി എമ്മിന് അമിതമായി ആഹ്ളാദിക്കാൻ വഴി ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിനും കോൺഗ്രസിനും തിരിച്ചടി എന്നത് ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രകടനമാണ്. ബിജെപിക്കും നേട്ടം ഒന്നും ഇല്ല. ബി ജെ പി യുമായി വോട്ടു കച്ചവടം എന്നത് തെറ്റെന്നും മുല്ലപ്പള്ളി പറഞ്ഞു. സർക്കാരിനെതിരെ രൂപപ്പെട്ട വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ആണ് വിധി നിർണയിച്ചത്. കോൺഗ്രസിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ അടിസ്ഥാനത്തിൽ ആയിരുന്നു. ഈ തെരഞ്ഞെടുപ്പ് അങ്ങനെയല്ല. കേരളത്തിൽ ബി ജെ പി ക്ക് സ്ഥാനം ഇല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രകടനം ആണ് തെരഞ്ഞെടുപ്പിൽ നടത്തിയത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതൃപ്തി മൂടാതെ കുഞ്ഞാപ്പ
തെരഞ്ഞെടുപ്പിൽ മുന്നണിയെന്ന നിലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതെ വന്നതോടെ മുസ്ലിം ലീഗിന്‍റെ അടിയന്തിര യോഗം പാണക്കാട് ചേർന്നു. മുസ്ലിം ലീഗിന്‍റെ സ്വാധീന മേഖല മുഴുവൻ ഭദ്രമാണ്. വിശദമായ റിപ്പോർട്ടിന് ശേഷം വിലയിരുത്തലുണ്ടാകും. ലീഗിന്‍റെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോൺഗ്രസും ഗൗരവതരമായി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് ലീഗിനേറ്റ തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മുൻസിപ്പാലിറ്റിയിലേക്ക് ജനവിധി തേടിയ എല്ലാ ലീഗ് സ്ഥാനാർത്ഥികളും പരാജയപ്പെട്ടതോടെ മുസ്ലീംലീഗിന് സീറ്റില്ലാത്ത മലപ്പുറത്തെ ഏക മുൻസിപ്പാലിറ്റിയായി നിലമ്പൂർ മാറി. സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇറക്കി എൽഡിഎഫ് നടത്തിയ നീക്കമാണ് യുഡിഎഫിന്‍റെ തകർച്ചയിലേക്കും ലീഗിനെ സംപൂജ്യരാക്കുന്നതിലും കൊണ്ടെത്തിച്ചത്. 33 അംഗ നിലമ്പൂർ മുൻസിപ്പാലറ്റിയിൽ കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ മാത്രമുണ്ടായിരുന്ന എൽഡിഎഫ് ഇക്കുറി 22 സീറ്റുകളാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 26 സീറ്റുകൾ നേടി അധികാരം പിടിച്ച യുഡിഎഫ് ഒൻപത് സീറ്റുകളിൽ ഒതുങ്ങി. കൂടാതെ ഒരു സ്വതന്ത്രനും ഒരു ബിജെപി സ്ഥാനർത്ഥിയും വിജയിച്ചു. പ്രളയ ബാധിതർക്കായി രാഹുൽ ഗാന്ധി എത്തിച്ച കിറ്റുകൾ വിതരണം ചെയ്യാതെ നശിച്ചതടക്കം പല സംഭവങ്ങളും ഇവിടെ യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സൂചന.
യുഡിഎഫും ലീഗും വഴിപിരിഞ്ഞ കരുവാക്കുണ്ട്
യു ഡി എഫിന്റെ കരുത്ത് കോൺഗ്രസും മുസ്ലിം ലീഗുമാണ്. എന്നാല്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിൽ മുസ്ലിം ലീഗും കോൺഗ്രസും പരസ്പരം മത്സരിച്ചപ്പോൾ എൽഡിഎഫ് മികച്ച വിജയം നേടി. ആകെയുള്ള 21 സീറ്റിൽ 13 ലും ഇടതുമുന്നണി വിജയിച്ചു. മുസ്ലിം ലീഗിന് ആറ് സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് പിജെ ജോസഫ്
തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്ന് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് ആരോപിച്ചു. കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ചെറിയ മേധാവിത്വം നൽകി. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങൾ സ്വർണ്ണ കള്ളകടത്ത് ഉൾപ്പടെയുള്ളവ വോട്ടാക്കി മാറ്റാൻ സാധിച്ചില്ല. ഇടുക്കിയിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ മികച്ച പ്രകടനം നടത്തി. ജില്ല പഞ്ചായത്തിൽ നേട്ടമുണ്ടാക്കിയെന്നും മത്സരിച്ച അഞ്ചിൽ നാലിടത്തും വിജയിച്ചുവെന്നും പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
വെൽഫെയറും കോണ്‍ഗ്രസും
കോൺഗ്രസിനകത്ത് തന്നെ ഭിന്നാഭിപ്രായങ്ങൾക്കുവരെ കാരണമായ വെൽഫെയർ പാർട്ടി ബന്ധം മലപ്പുറം ജില്ലയില്‍ യുഡിഎഫിന് ഗുണം ചെയ്തു. മലപ്പുറം ജില്ലയിലെ കാരശേരി പഞ്ചായത്ത് ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുക്കാൻ സഖ്യം സഹായിച്ചു. യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്ന് ആകെയുള്ള 18 സീറ്റിൽ പത്ത് സീറ്റിലും വിജയിച്ചു. എട്ട് സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ 13 സീറ്റിൽ ഇടതുമുന്നണി വിജയിച്ചിരുന്നു. യുഡിഎഫിന് അഞ്ച് സീറ്റായിരുന്നു അന്ന് ലഭിച്ചത്. പതിനാറാം വാർഡിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു.
തൃശ്ശൂര്‍ പിടിക്കാനുള്ള ശ്രമം ബിജെപി ഉപേക്ഷിക്കുമോ ?
തൃശ്ശൂരിൽ എൻഡിഎയുടെ മേയർ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന ബി ഗോപാലകൃഷ്ണൻ തോറ്റു. തൃശ്ശൂരിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണൻ തോറ്റത്. വളരെ സുരക്ഷിതമായ സീറ്റെന്ന നിലയിലാണ് എൻഡിഎ ഇവിടെ ബി ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്. പക്ഷേ യുഡിഎഫ് സ്ഥാനാർത്ഥി ബി സുരേഷ് കുമാറിനോടുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ടു.
ഇരുമുന്നണികളുടെയും പരസ്യ വോട്ട് കച്ചവടം ബിജെപിയെ തോല്‍പ്പിച്ചെന്ന്...
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും പരസ്യമായി വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. വിശ്വാസിക്കാന്‍ കൊള്ളാത്ത പ്രതിപക്ഷമെന്ന് യുഡിഎഫിനെ കെ സുരേന്ദ്രൻ വിമർശിച്ചു. യുഡിഎഫ് സ്വീകരിച്ചത് സ്ഥാപിത താത്പര്യം സംരക്ഷിക്കാനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.