രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സ്കൂള്‍ കാലം
മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അടഞ്ഞും പാതി തുറന്നും കിതച്ചിരുന്ന വിദ്യാഭ്യാസമേഖല വീണ്ടും സജീവമാകുന്നു. പൂര്‍ണ്ണ തോതിലുള്ള ക്ലാസുകളോടൊപ്പം രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളുമെല്ലാം സജീവമായി ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് ഇതോടൊപ്പം അറിയിച്ച് കഴിഞ്ഞു. 13,000 സ്കൂളിലേക്കായി 43 ലക്ഷം കുട്ടികളാണ് ഇന്ന് ക്ലാസ് മുറികളിലേക്ക് തിരികെ എത്തുന്നത്. അതോടൊപ്പം നാല് ലക്ഷം കുട്ടികള്‍ ആദ്യാക്ഷരം തേടി ഒന്നാം ക്ലാസിന്‍റെ പടി കയറും. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം. തിരുവനന്തപുരം കുന്നത്ത്കാൽ യു.പി എസ് , പിപിഎം എച്ച് എസ് എസ് കാരക്കോണം എന്നീ സ്കൂളില്‍ നിന്നുള്ള ചിത്രങ്ങള്‍ എസ് കെ പ്രസാദ്. പട്ടം സെന്‍റ്. മേരീസ് സ്കൂളില്‍ നിന്നുള്ള ചിത്രങ്ങള്‍ സജയകുമാര്‍, കോട്ടയം ജില്ലയിലെ കുടമാളൂര്‍ ഗവ. എല്‍ പി സ്കൂളില്‍ നിന്നുള്ള ചിത്രങ്ങള്‍ ജി കെ പി വിജേഷ്.

Pattom St.Mary's School
പാഠപുസ്തകം, യൂണിഫോം എന്നിവയുടെ 90 ശതമാനം വിതരണവും പൂർത്തിയായി. എങ്കിലും സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‍നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Govt LP School, Kudamaloor.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമുണ്ടാകില്ല. എല്ലാ പാഠഭാഗങ്ങളും പഴയത് പോലെ പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും പ്രധാന്യം നല്‍കുക.
St.Mary's School, Pattom.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസങ്ങളായി വലിയ വ്യാപനമില്ലാതിരുന്ന കൊവിഡ് കഴിഞ്ഞ ദിവസം മുതല്‍ ചെറിയ തോതില്‍ വ്യാപിക്കുകയാണെന്ന് വാര്‍ത്തകളും ഇതിനിടെ പുറത്ത് വരുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിന് ശേഷം ആദ്യമായി വീണ്ടും ആയിരത്തിന് മുകളിലാണ് രോഗികള്‍.
Govt LP School, Kudamaloor.
ഇന്നലെ പരിശോധിച്ച 16,932 സാംപിളുകളില്‍ 1197 പേര്‍ക്ക് പോസറ്റീവ് സ്ഥിരീകരിച്ചു. അതായത് സ്കൂള്‍ തുറക്കുമ്പോള്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് (TPR) 7.07 ശതമാനമാണ്. സംസ്ഥാനത്ത് ആകെ 5,395 പേര്‍ കൊവിഡ് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു.
Govt LP School, Kudamaloor.
കഴിഞ്ഞ 5 ദിവസമായി ടിപിആര്‍ നിരക്ക് ആറിന് മുകളിലാണ്. കഴിഞ്ഞ മാര്‍ച്ച് 15 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ആയിരത്തിന് മുകളില്‍ കൊവിഡ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ സ്കൂളുകളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
St.Mary's School, Pattom.
കുട്ടികള്‍ പരസ്പരം ഭക്ഷണം പങ്കുവയ്കക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിക്കഴിഞ്ഞു. കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
Govt LP School, Kudamaloor.
സ്കൂളുകളില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കും. വാക്സീന്‍ കിട്ടാത്ത കുട്ടികള്‍ക്ക് എത്രയും വേഗം വാക്സീന്‍ നല്‍കാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേകം ട്രാഫിക് പൊലീസിനെ നിയമിച്ചെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം ഓണ്‍ലൈന്‍ പഠനം പുതിയ ടൈംടേബിളില്‍ ഇനിയും തുടരുമെന്നും മന്ത്രി വിശദീകരിച്ചു.
Govt LP School, Kudamaloor.
ഇതിനിടെ അധ്യാപകരുടെ കുറവാണ് മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കുന്നത്. 1.8 ലക്ഷം അധ്യാപകരാണ് ഇന്ന് സ്കൂളിലേക്ക് കുട്ടികളോടൊപ്പം തിരികെയെത്തുന്നത്. 353 പേരെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. എന്നാൽ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതിൽ സർക്കാരിന് വ്യക്തമായ കണക്ക് ഇതുവരെയില്ല.
Govt LP School, Kudamaloor.
ദിവസ വേതനക്കാരെ നിയമിച്ച് ക്ലാസുകള്‍ മുടങ്ങാതെ നോക്കാനാണ് സർക്കാറിന്‍റെ ശ്രമം. ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനും സർക്കാർ തീരുമാനമുണ്ട്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത പാലക്കാട് കോട്ടായി മുല്ലക്കര സ്കൂളിന്‍റെ ദുരവസ്ഥ പരിഹരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി ഉറപ്പ് നല്‍കി.
Govt LP School, Kudamaloor.
രണ്ട് വര്‍ഷത്തിന് ശേഷം സ്കൂള്‍ തുറക്കുമ്പോള്‍ അധ്യയനം ആഘോഷമാക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോയും രംഗത്തെത്തി. അധ്യയന വര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് (ഇന്ന്) കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് സൗജന്യ യാത്ര.
Govt LP School, Kudamaloor.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാമെന്നാണ് കൊച്ചി മൊട്രോയുടെ അറിയിപ്പ്. സൗജന്യ യാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഐഡന്‍റിറ്റി കാര്‍ഡ് സ്റ്റേഷന്‍ കൗണ്ടറില്‍ ഹാജരാക്കിയാല്‍ മതി. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകർക്കുമാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത.
Govt LP School, Kudamaloor.
രണ്ട് വര്‍ഷമായി അടഞ്ഞിരുന്ന സ്കൂള്‍ വിപണിയും ഇതിനിടെ സജീവമായി. സ്കൂൾ വിപണിയിൽ 5 മുതൽ 15 ശതമാനം വരെയാണ് വില ഉയർന്നതെന്ന് വ്യാപാരികള്‍ പറയുന്നു. മൂന്ന് രൂപയുടെ പേന അഞ്ച് രൂപയിലേക്കും അഞ്ചു രൂപയുടേതിന് എട്ടു രൂപയും ഉയര്‍ന്നു. നോട്ടുബുക്കുകൾക്ക് നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിച്ചു. 45 രൂപയുടെ കോളേജ് നോട്ട് ബുക്കുകളുടെ വില 52 രൂപയായി ഉയര്‍ന്നു.
UP School, Kunnathukal.
വളരെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ സ്കൂൾ വിപണിയെ നോക്കി കാണുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ നഷ്ടം ഈ സീസണോടുകൂടി നികത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. ഇതിന്‍റെ ഭാഗമായി സ്കൂൾ ബാഗുകൾ, കുടകൾ, പുസ്തകങ്ങൾ, വാട്ടർ ബോട്ടലുകൾ, പേന, പെൻസിൽ തുടങ്ങി ഒട്ടനവധി സാധനങ്ങൾ സംസ്ഥാനത്തെ വിപണിയിൽ എത്തിക്കഴിഞ്ഞു.
UP School, Kunnathukal.
സംസ്ഥാനത്ത് സ്കൂൾ വാഹനങ്ങൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് അറിയിച്ചു. കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്നത് കർശനമായി തടയും. അമ്പത് കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ ഓടിക്കരുതെന്നും സ്പീഡ് ഗവർണർ ഉറപ്പാക്കാൻ നിർദേശം നൽകിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
PPM HSS, Karakonam.
സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും.
PPM HSS, Karakonam.
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്‍റെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കുമെന്നും പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam