വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം സിപിഎം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ആരോപിച്ചു.  സർക്കാർ പരിപാടിയിൽ ടി സിദ്ദിഖ് എംഎൽഎയെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി സിപിഎം മാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ. മുഖ്യമന്ത്രി കര്‍ണാടകയുടെ കാര്യം പറഞ്ഞു. രാജസ്ഥാന്‍റെ കാര്യം പറഞ്ഞു. എന്തുകൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത 20 കോടിയുടെ കാര്യം പറഞ്ഞില്ല. ഉത്തര്‍പ്രദേശ് കൊടുത്ത 10 കോടിയെപ്പറ്റി മിണ്ടിയിട്ടില്ല. മഹാരാഷ്ട്ര കൊടുത്ത 10 കോടിയെ കുറിച്ചും പറഞ്ഞില്ല. ഇത് വേറെയാരുടെയും ആകരുത് എന്ന അജണ്ട മുഖ്യമന്ത്രിക്കുണ്ടെന്ന് പ്രശാന്ത് മലവയൽ പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് കേരള സർക്കാരിന്‍റെ മാത്രമല്ല, എല്ലാവരടെയുമാണ്. സിപിഎം നേതാക്കളുടെ മാത്രമല്ല ടൗണ്‍, ഇന്നലെ ചില പ്രവർത്തികൾ കണ്ടാൽ അങ്ങനെയാണ് തോന്നുക. ഇത് ജനങ്ങളുടെ പണമാണെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

ടി സിദ്ദിഖ് എംഎൽഎയെ സർക്കാർ പരിപാടിയിൽ കൂവിയത് ശരിയായ നടപടി അല്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

വിളിച്ചുവരുത്തിയിട്ട് ഈ വിധം പെരുമാറിയത് ശരിയായില്ല. എംഎൽഎ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയാണ്. തന്നെ ക്ഷണിച്ചു വരുത്തിയിട്ട് ഒരു ഇരിപ്പിടം നൽകിയില്ല എന്നതിൽ പരാതിയില്ല. എന്നാൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് ഉൾപ്പെടെ പരിപാടിയിൽ ഇരിപ്പിടം നൽകി. സർക്കാർ പരിപാടി പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ ആരോപിച്ചു.

ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്

സമാനതകളില്ലാത്ത സഹായപ്രവാഹമാണ് ദുരിതാശ്വാസ നിധിയിലേക്കുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു. സമൂഹത്തിന്‍റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. കർണാടക, ആന്ധ്രാ സര്‍ക്കാരുകള്‍ 10 കോടി രൂപ വീതവും തമിഴ്നാട്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ 5 കോടി രൂപ വീതവും സംഭാവനയായി നല്‍കി. കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ വായ്പാ കുടിശികകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കള്‍ക്കുള്ള 1,620 വായ്പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപയാണ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്തത്.