കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്‍റെ ക്യാപ്റ്റനിലേക്ക്

First Published May 24, 2021, 10:44 AM IST

കണ്ണൂർ ജില്ലയിലെ പിണറായിയിൽ ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്‍റെയും കല്യാണിയുടെയും 14 മക്കളിൽ ഏറ്റവും ഇളയവനാണ് കെ വിജയൻ. 1944 മെയ് 24 -ന് ജനനം. സഹോദരങ്ങളിൽ 11 പേരും ചെറുപ്പത്തിലേ മരിച്ച് പോയിരുന്നു. അവശേഷിച്ചത് വിജയനും ജേഷ്ഠന്മാരായ നാണുവും കുമാരനും. കൊടിയ ദാരിദ്യത്തിലായിരുന്നു ബാല്യകാലം. തലശ്ശേരി ബ്രണ്ണൻ കോളജില്‍ നിന്ന് ബി എ സാമ്പത്തിക ശാസ്ത്രം പഠിച്ചിറങ്ങി. പിന്നീടങ്ങോട്ട് ചരിത്രം അദ്ദേഹത്തെ പിണറായി വിജയൻ എന്ന് രേഖപ്പെടുത്തി. 23-ാം വയസ്സിൽ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേക്ക്. 26-ാം വയസ്സിൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക്. അടിയന്തരാവസ്ഥ കാലത്ത് പതിനെട്ട് മാസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരന്‍. 1996 മുതല്‍ 1998 വരെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി - സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. ചടയന്‍ ഗോവിന്ദന്‍റെ മരണത്തെ തുടര്‍ന്ന് 1998 ല്‍ സിപിഐ(എം) കേരള സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്. തുടര്‍ന്ന് 2015 വരെ ഏറ്റവും കൂടുതല്‍ക്കാലം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി ഇരുന്നു. തുടര്‍ന്ന് 2016 ല്‍ കേരളത്തിന്‍റെ 12- മത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രളയവും മഹാമാരിയും വന്നുപോയിട്ടും കേരളത്തിന്‍റെ 13 -മത് മുഖ്യമന്ത്രിയായി, അതും ചരിത്രത്തിലാദ്യമായി കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ തുടര്‍ഭരണം നേടുന്ന ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം 2021 മെയ് 20 വീണ്ടും അധികാരം ഏറ്റെടുത്തു. കാണാം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്നുള്ള ചില ചിത്രങ്ങള്‍..