പിഎഫ്ഐ ഹര്‍ത്താലിന് പിന്നാലെ 157 കേസ്, 237 അറസ്റ്റ്, 384 കരുതല്‍ തടങ്കല്‍
ദേശീയ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പിഎഫ്ഐ കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. ഹര്‍ത്താലിൽ 70 കെഎസ്ആര്‍ടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 157 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 237 പേരെയാണ് അറസ്റ്റ് ചെയ്യ്തതെന്നും 384 പേരെ കരുതൽ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി, നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർത്താലിന്‍റെ മറവിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണങ്ങൾ തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അവകാശപ്പെട്ടു. ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാകും നടപടി. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ അനീഷ് ടോം (തിരുവനന്തപുരം), സോളമന്‍ റാഫേല്‍ (കൊച്ചി). റിജു (കട്ടപ്പന), സുനില്‍ (കാസര്‍കോട്), മുബഷീര്‍ (മലപ്പുറം).
പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഗുരുതര ആരോപണമാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡി ഉന്നയിച്ചിരിക്കുന്നത്. ബീഹാറിൽ മോദിയെ വധിക്കാൻ നീക്കം നടത്തിയെന്നും ഇഡി അവകാശപ്പെടുന്നു. ഇതോടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് എന്‍ഐഎ കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്ന വാര്‍ത്തകളും പുറത്ത് വന്നു.
പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന മറ്റൊരു ഗുരുതര ആരോപണനും എൻഐഎ ഉന്നയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തിയെന്നും കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താനും പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും എന്‍ഐഎ അവകാശപ്പെട്ടു.
പിടിച്ചെടുത്ത രേഖകളിൽ ഇത് സംബന്ധിച്ച രേഖകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും എന്‍ഐഎ പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിൽ ആണ് എന്‍ഐഎ ഇക്കാര്യം വുതമാക്കിയത്. ഇന്ന് രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി വളപ്പില്‍ വച്ച് പ്രതികള്‍ ആര്‍ എസ് എസിനെതിരെ മുദ്രാവാക്യം വിളിച്ചു. എൻഐഎ ആര്‍എസ്എസിന്‍റെ ചട്ടുകം ആയേക്കുമെന്നും പ്രതികള്‍ ആരോപിച്ചു.
ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയെങ്കിലും പലയിടത്തും വാഹഗങ്ങൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാൽ അപ്പോഴും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി അനിൽകാന്ത് മാധ്യമങ്ങളോട് അവകാശപ്പെട്ടത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുറച്ചു പേരെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങൾ ഉണ്ടാകുന്നിടത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും അറിയിച്ചു. എന്നാല്‍, കോടതി രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാറിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും നേരിട്ടത്.
ഹർത്താൽ നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്ന് സര്‍ക്കാറിനോട് ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ചോദിച്ചു. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണെന്നും തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
നീതിന്യായ ഭരണ സംവിധാനത്തെ ആളുകൾക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നതെന്നും കോടതി ചൂണ്ടികാട്ടി. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കെ എസ് ആര്‍ ടി സി ബസുകൾ ആക്രമിക്കുന്നതെന്നും ഹര്‍ത്താൽ അക്രമങ്ങളിൽ കെ എസ് ആര്‍ ടി സിക്ക് ഉണ്ടായ നഷ്ടം നികത്താൻ നടപടിയുണ്ടാകുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ഇതിനിടെ കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഹർത്താൽ അനുകൂലികൾക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കിയെന്നും ഹർത്താലിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടത് ഇതിന്‍റെ ഉദ്ദാഹരണമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പൊലീസ് ഉദ്യോഗസ്ഥൻമാരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിന് തെളിവാണ്. മൂകാംബികയിലേക്ക് പോകുന്ന തീർത്ഥാടകരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. എല്ലാത്തിനും കാരണം സർക്കാരിന്‍റെ പരാജയമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡിജിപിയുടെ വാക്ക് വെറും വാക്കായി. പൊലീസ് നിഷ്ക്രിയമായി എല്ലാത്തിനും സാക്ഷിയായെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഇതിനിടെ ചില ഇടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ ജനങ്ങള്‍ സംഘടിച്ചു. പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്.
ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന് ശ്രമിച്ചു. ഇതോടെ ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും ഇവരെ എതിര്‍ത്ത് രംഗത്തെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് ഹര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയില്‍ എടുത്തു.
ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എന്‍ഐഎ രംഗത്തെത്തി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ അറിയിച്ചു.
വിവിധ മതവിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് സമൂഹത്തിൽ രക്തച്ചൊരിച്ചൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചതായും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് പ്രതികളെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ആദ്യം 10 പ്രതികളുടെ കസ്റ്റഡി അപേക്ഷയായിരുന്നു നൽകിയിരുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത സി ടി സുലൈമാന്‍റെ കസ്റ്റഡി അപേക്ഷയും പുതുതായി കോടതിക്ക് നൽകി.
ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന വിവരങ്ങളും ഇന്നലെ പുറത്ത് വന്നു. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടിയതായും എൻഐഎ അവകാശപ്പെട്ടു.
പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ രാജ്യവ്യാപക ഓപ്പറേഷനിൽ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്.
വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിന്‍റെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. താലിബാൻ മാതൃകയില്‍ രാജ്യത്ത് മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയ്ഡിനിടെ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്‍കുന്നു എന്ന സൂചനയും ഈ അന്വേഷണത്തിൽ കിട്ടിയതായാണ് ഉദ്യോഗസ്ഥർ വാദിക്കുന്നത്. റെയ്ഡിൽ ജിപിഎസ് സംവിധാനവും വയർലസ് സെറ്റുകളും പിടിച്ചെടുത്തെന്നും ഇത് കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നല്‍കുന്നത്.
ഇതിനിടെ സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ ഹർത്താലിനോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് പോപ്പുലർ ഫ്രണ്ട് കേരള ഘടകം. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തതെന്നാണ് പിഎഫ്ഐയുടെ വിശദീകരണം. ഹർത്താൽ വൻ വിജയമാക്കിയ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പൊലീസ്, സർക്കാർ ഉദ്യോഗസ്ഥന്മാർക്കും നന്ദിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.