- Home
- News
- Kerala News
- നിലപാടുകളില്‍ ഉറച്ച് നിന്ന നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ രാഹുലും മമ്മൂട്ടിയും അടക്കം പതിനായിരങ്ങള്‍
നിലപാടുകളില്‍ ഉറച്ച് നിന്ന നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ രാഹുലും മമ്മൂട്ടിയും അടക്കം പതിനായിരങ്ങള്‍
ഇന്നലെ അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പിടി തോമസിന് (P T Thomas) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തി. കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടില്‍ നിന്നും മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനായെത്തിച്ചു. പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി (Rahul Gandhi), മമ്മൂട്ടി (Mammootty) തുടങ്ങിയ പ്രമുഖരും ടൗണ്‍ ഹാളിലെത്തിയിരുന്നു. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്തു പ്രവദ് .

ഇന്നലെ വെല്ലൂരിലെ ആശുപത്രിയില്‍ വച്ചായിരുന്നു പി ടി തോമസിന് മരണം സംഭവിച്ചത്. ഏറെ നാളായി അദ്ദേഹം അര്‍ബുദ രോഗബാധിതനായിരുന്നു അദ്ദേഹം. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം വെല്ലൂരില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുതല്‍ വഴിനീളെ ആയിരങ്ങളാണ് പിടി തോമസിനെ ഒരു നോക്ക് കാണാനെത്തിയത്.
ജന്മദേശമായ ഇടുക്കി ജില്ല പി ടി തോമസിന് വികാര നിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. വഴി നീളെ പ്രവര്‍ത്തകര്‍ പിടിയെ അവസാനമായി കാണാന്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് വിലാപയാത്ര അഞ്ച് മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്.
നടന്‍ മമ്മൂട്ടിയും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു. വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് എത്തിച്ചേരും.
എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടി തോമസിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ഇന്ന് വൈകീട്ട് 5.30 ന് സംസ്കാരചടങ്ങുകൾ നടക്കും. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദ രോഗബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്.
കോൺഗ്രസ് നേതൃനിരയിൽ വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പി ടി തോമസ് കോൺഗ്രസിലെ ഒറ്റയാനായിരുന്നു.
താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന പി ടി തോമസ് ആദ്യവസാനം കോൺഗ്രസ് പ്രവർത്തകരുടെ കരുത്തനായ നേതാവായിരുന്നു. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്.
മഹാരാജാസ് കോളേജിലെ കെഎസ്.യുവിന്‍റെ നേതാവായി ഉയർന്നുവന്ന പി ടി ക്യാംപസ് കാലം മുതൽ തന്നെ ഒരു യോദ്ധാവായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു.
തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പി ടി തോമസ് 2021-ലും അവിടെ വിജയം ആവർത്തിച്ചു. 41 വർഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും.
അന്തരിച്ച കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് ഇടുക്കിയുടെ അഭിമാനമായിരുന്നെന്ന് ഇടുക്കി ബിഷപ്പ് മാര്‍ നെല്ലിക്കുന്നേല്‍ അഭിപ്രായപ്പെട്ടു. സിഎസ്‌ഐ ബിഷപ് വിഎസ് ഫ്രാന്‍സിസ്, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും അദ്ദേഹത്തിന്‍റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പിടി തോമസ് പുതുതലമുറക്ക് മാതൃകയാണെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam